തിരുവനന്തപുരം: രണ്ട് ചെരിപ്പ് ഞാനിപ്പോഴും വീട്ടിൽ സൂക്ഷിക്കുന്നു. അത് അവർക്കുവേണ്ടിയാണ് -ചാരക്കേസിലെ ചോദ്യം ചെയ്യലിനിടെ തന്നെ മർദിച്ച ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർക്കുവേണ്ടി. തല്ലിയപ്പോൾ ഞാനൊരു ശാസ്ത്രജ്ഞനാണെന്നും കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അവരോടു പറഞ്ഞു. കുറ്റക്കാരനല്ലെന്നു തെളിയിക്കൂ, എങ്കിൽ താങ്കളുടെ വീട്ടിൽവന്ന് ചെരിപ്പിന് അടികൊള്ളാമെന്നാണവർ പറഞ്ഞത്. അവർക്കുവേണ്ടിയാണിവ -ചാരക്കേസിൽ കുറ്റവിമുക്തനായ ഐ.എസ്.ആർ.ഒ. മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ പറഞ്ഞു.മർദിച്ച 11 പേരെ അറിയാം. അവരുടെ മുഖം നല്ല ഓർമയുണ്ട്. ആരോടും ശത്രുതയില്ല. താനൊരു ചാരനല്ലെന്നു തെളിയിക്കാനായിരുന്നു നിയമയുദ്ധം. അതുകഴിഞ്ഞു. ഇപ്പോൾ സന്തോഷമുണ്ട്. നഷ്ടപരിഹാരമൊന്നുമല്ല പ്രശ്നം -തിരുവനന്തപുരം കേസരി സ്മാരക ജേണലിസ്റ്റ്‌സ് ട്രസ്റ്റിന്റെ മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു.ഇല്ലാത്ത സാങ്കേതികവിദ്യ വിറ്റു എന്നായിരുന്നു ഒരു കുറ്റം. അല്പം ബുദ്ധി ഉപയോഗിച്ചിരുന്നെങ്കിൽ ഇത്തരം വിഡ്ഡിത്തം പറയേണ്ടിവരുമായിരുന്നില്ല. അങ്ങാടിയിൽ ഇഷ്ടംപോലെ കിട്ടുന്ന കത്തിരിക്ക കടത്തിക്കൊണ്ടുപോയെന്നു പറയുന്നതുപോലെയായി ആരോപണങ്ങൾ. ചാരക്കേസിൽ പ്രതിചേർക്കപ്പെട്ട മറിയം റഷീദയെയും ഫൗസിയയെയും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ചാരക്കേസ് ഉണ്ടാക്കിയവരുടെ ലക്ഷ്യം എന്തായിരുന്നു എന്ന് ഇപ്പോഴും അറിയില്ല. കരുണാകരനെ താഴെയിറക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാകാം. അല്ലെങ്കിൽ ഇന്ത്യ ബഹിരാകാശ സാങ്കേതികവിദ്യയിൽ ശക്തിയാർജിക്കുന്നതിനെതിരേയുള്ള വിദേശ ഗൂഢാലോചനയുമാകാം. പ്രത്യേക അന്വേഷണസംഘത്തിന്റെ തലവൻ സിബി മാത്യൂസിന് ഇതിനൊക്കെ ഉത്തരം പറയാൻ കഴിയും. ഐ.ബി.യാണ് കേസ് കെട്ടിച്ചമച്ചതെങ്കിൽ സിബി മാത്യൂസ് കോടതിയിൽ പറയട്ടെ. തീ ഇല്ലാതെ പുക ഉണ്ടാകില്ല. പക്ഷേ, ഇവിടെ അതുണ്ടായി. കരുണാകരനുണ്ടായ വിഷമത്തിൽ വലിയ സങ്കടമുണ്ട്. അന്നത്തെ ഡി.ജി.പി. മധുസൂദനൻ പറഞ്ഞിട്ടാണ് ഇതൊക്കെ ചെയ്തത് എന്നാണ് സിബി മാത്യൂസ് പറഞ്ഞത്. എന്നാൽ, ഡി.ജി.പി. പറഞ്ഞത് അങ്ങനെയൊന്നുമല്ലെന്നും. സിബി മാത്യൂസ് തന്നോട് മാപ്പുപറഞ്ഞെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് നമ്പി നാരായണൻ പറഞ്ഞു. സൂര്യാ കൃഷ്ണമൂർത്തി ഇടപെട്ടതിനെത്തുടർന്നാണ് സിബിയും ഭാര്യയും കാണാൻ വന്നത്. ഐ.എസ്.ആർ.ഒ.യിലെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്ന് ചാരക്കേസ് വരുന്നതിനുമുമ്പേ രാജികൊടുത്തിരുന്നു. കേസ് ഉണ്ടായപ്പോൾ വിവരക്കേടുകൊണ്ട് ചിലർ കേട്ടതെല്ലാം എഴുതിപ്പിടിപ്പിച്ചു. ബോധപൂർവം മാധ്യമപ്രവർത്തകരെ വഴിതെറ്റിച്ചവർക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. പക്ഷേ, തനിക്ക് മാധ്യമപ്രവർത്തകരോട് ഒരു ശത്രുതയുമില്ല. പക്ഷേ, ആരാണീ കേസ് ഉണ്ടാക്കിയതെന്നറിയണം -നമ്പി നാരായണൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2OFkooa
via
IFTTT
No comments:
Post a Comment