കൊല്ലം : തീവണ്ടിപ്പാളത്തിൽ കുടുങ്ങിയ യുവതിയുടെ പാദത്തിലൂടെ ട്രെയിൻ കയറിയിറങ്ങി. രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒപ്പമുണ്ടായിരുന്നയാളിന് സാരമായി പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 6.30-ന് കൊല്ലം എ.ആർ.ക്യാമ്പിനുപിന്നിലെ തീവണ്ടിപ്പാളത്തിലാണ് അപകടമുണ്ടായത്. കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സകഴിഞ്ഞു മടങ്ങിയ പുന്തലത്താഴം പഞ്ചായത്തുവിളവീട്ടിൽ മേഴ്സി (ലേഖ-32), അയത്തിൽ നേതാജി നഗർ 64-ൽ വർഗീസ് (55) എന്നിവർക്കാണ് പരിക്കേറ്റത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്‌പ്രസാണ് യുവതിയുടെ പാദങ്ങളിലൂടെ കയറിയിറങ്ങിയത്. ബുധനാഴ്ച പുലർച്ചെ മേഴ്സിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇരുവരും ജില്ലാ ആശുപത്രിയിലെത്തിയത്. ആശുപത്രിയിൽനിന്നിറങ്ങി പട്ടാള കുരിശടിയിലെത്തി പ്രാർഥിച്ചുമടങ്ങുന്നതിനിടെയാണ് മേഴ്സിയുടെ പാദങ്ങൾ പാളത്തിൽ കുടുങ്ങിയത്. രണ്ടു പാളങ്ങൾ കടന്നുപോകുന്ന ഭാഗത്ത് കുടുങ്ങിയ കാൽ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ മാവേലി എക്സ്‌പ്രസ് എത്തി. മേഴ്സിയുടെ ഇരുപാദങ്ങളും അറ്റുതൂങ്ങിയനിലയിലാണ്. പോലീസും നാട്ടുകാരും ചേർന്നാണ് ഇരുവരെയും ജില്ലാ ആശുപത്രിയിലെത്തിച്ചത്. ജില്ലാ ആശുപത്രി അധികൃതരും പോലീസും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇരുവരുടെയും ബന്ധുക്കൾ ആശുപത്രിയിൽ എത്തിയില്ലത്രേ. തുടർന്ന് ജില്ലാ ആശുപത്രി അധികൃതർ ഏർപ്പാടാക്കിയ ആംബുലൻസിലാണ് ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2Nudu92
via
IFTTT
No comments:
Post a Comment