ദുബായ്: കന്നിക്കിരീടം തേടിയിറങ്ങിയ ബംഗ്ലാദേശിന് 14-ാമത് ഏഷ്യ കപ്പ് ക്രിക്കറ്റിലെ ആദ്യ ജയം. ശനിയാഴ്ച നടന്ന ബി ഗ്രൂപ്പ് പോരാട്ടത്തിൽ അവർ അഞ്ചുവട്ടം ചാമ്പ്യന്മാരായ ശ്രീലങ്കയെ 137 റൺസിന് തകർത്തുവിട്ടു. 262 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ലങ്ക 124 റൺസിന് പുറത്തായി. ടോസ് ജയിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് മുൻ നായകനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ മുഷ്ഫിഖർ റഹിമിന്റെ സെഞ്ചുറിയാണ് (144) തുണയായത്. 150 പന്തിൽ 11 ബൗണ്ടറിയും നാലു സിക്സറും പറത്തി കരിയറിലെ ആറാം ഏകദിന സെഞ്ചുറി കുറിച്ച മുഷ്ഫിഖറാണ് കളിയിലെ കേമൻ. സ്കോർ: ബംഗ്ലാദേശ് 49.3 ഓവറിൽ 261-ന് പുറത്ത്; ലങ്ക 35.2 ഓവറിൽ 124-ന് പുറത്ത്. കണ്ണടച്ച് തുറക്കും വേഗത്തിൽ ആദ്യ രണ്ടു വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനെ മുഷ്ഫിഖറും മുഹമ്മദ് മിഥുനും ചേർന്നെടുത്ത 131 റൺസാണ് ശക്തമായ നിലയിലെത്തിച്ചത്. വെറ്ററൻതാരം ലസിത് മലിംഗയുടെ നാലു വിക്കറ്റ് പ്രകടനം ബംഗ്ലാബാറ്റ്സ്മാന്മാരെ പ്രതിരോധത്തിലാഴ്ത്തിയെങ്കിലും വിക്കറ്റ് കാത്തുസൂക്ഷിച്ച മുഷ്ഫിഖർ മറ്റ് ബൗളർമാരെ കണക്കറ്റ് പ്രഹരിച്ചു. നിലയുറപ്പിച്ച് കളിക്കാൻ മുൻനിരയ്ക്ക് കഴിയാതെപോയതാണ് ലങ്കയുടെ കുഴിതോണ്ടിയത്. എട്ടാമനായിറങ്ങിയ സ്പിൻ ബൗളർ ദിൽറുവാൻ പെരേര(29)യാണ് അവരുടെ ടോപ് സ്കോറർ. ഓപ്പണർ ഉപുൽ തരംഗ (27), ഫാസ്റ്റ്ബൗളർ സുരാംഗ ലക്മൽ (20) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ. ബംഗ്ലാദേശിനുവേണ്ടി ക്യാപ്റ്റൻ മഷ്റാഫി മൊർതാസ, മുസ്താഫീസുർ റഹ്മാൻ, മെഹ്ദി ഹസൻ മിറാജ് എന്നിവർ രണ്ടു വിക്കറ്റുവീതമെടുത്തപ്പോൾ ഷക്കീബ് അൽ ഹസൻ, റൂബൽ ഹുസൈൻ, മൊസാദക് ഹുസൈൻ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി. വെറ്ററൻ താരങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്നതാണ് ഏഷ്യ കപ്പിന്റെ ഉദ്ഘാടന മത്സരം. 31-കാരനായ മുഷ്ഫിഖറും 35-കാരനായ ലസിത് മലിംഗയുമാണ് ആദ്യ കളിയിലെ ഹീറോമാർ. മുഷ്ഫിഖർ സെഞ്ചുറിയടിച്ച് കരുത്തുകാട്ടിയപ്പോൾ 10 ഓവറിൽ 23 റൺസ് മാത്രം വിട്ടുകൊടുത്ത് മലിംഗ നാലു വിക്കറ്റ് പിഴുതു. മൂന്ന് റൺസെടുക്കുമ്പോഴേക്കും രണ്ടു വിക്കറ്റ് നഷ്ടമാവുകയും ഓപ്പണർ തമീം ഇഖ്ബാൽ പന്ത് വിരലിനിടിച്ച് പൊട്ടലേറ്റ് കളിക്കളം വിടുകയും ചെയ്തതോടെ ബംഗ്ലാദേശിന്റെ മുഖ്യ ആശ്രയം മുഷ്ഫിഖറായി. തന്റെ ഉത്തരവാദിത്വം ഭംഗിയാക്കിയ അദ്ദേഹം അവസാന ഓവറിലെ മൂന്നാം പന്തിൽ അവസാന ബാറ്റ്സ്മാനായാണ് പുറത്തായത്. ആദ്യ സ്പെല്ലിൽ ഓപ്പണർ ലിട്ടൺ ദാസ് (0), മൂന്നാം നമ്പറിൽ ഇറങ്ങിയ ഷക്കീബ് അൽ ഹസൻ (0) എന്നിവരെ പൂജ്യരായി മടക്കിയ മലിംഗ രണ്ടാം സ്പെല്ലിലും രണ്ടു വിക്കറ്റുവീഴ്ത്തി. മിഥുനും മൊസാദക് ഹുസൈനു(1)മായിരുന്നു രണ്ടാം വരവിലെ ഇരകൾ. Content Highlights:Asia Cup Cricket Bangladesh Srilanka Malinga
from mathrubhumi.latestnews.rssfeed https://ift.tt/2xaMq4g
via
IFTTT
No comments:
Post a Comment