പാലക്കാട്: പി.കെ. ശശി എം.എൽ.എ.ക്കെതിരേ സി.പി.എം. നേതൃത്വത്തിന് ലൈംഗികപീഡന പരാതി നൽകിയ ഡി.വൈ.എഫ്.ഐ. വനിതാനേതാവ് ഉറച്ചുതന്നെ. പരാതിയുടെ നിയമവശങ്ങളും സാധ്യതകളും അറിയാവുന്ന പെൺകുട്ടി പാർട്ടിക്ക് മാത്രം പരാതി നൽകിയത് ശശിക്കെതിരേ പാർട്ടിനടപടി എന്ന ലക്ഷ്യത്തോടെയാണെന്നാണ് സൂചന. ഇതിന് പാർട്ടിക്കകത്തുനിന്നുതന്നെ പിന്തുണയുണ്ടെന്നാണ് വിവരം. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിക്കും എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനുമെതിരേ മുന്പ് സമാന പരാതികൾ വന്നിരുന്നു. രണ്ടുപേരെയും പാർട്ടി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. സ്ത്രീവിഷയവുമായി ബന്ധപ്പെട്ടായിരുന്നു സംഭവങ്ങളെങ്കിലും പാർട്ടിക്ക് ആ പരാതികൾ നൽകിയത് സ്ത്രീകളായിരുന്നില്ല. പി.കെ. ശശിയുടെ കാര്യത്തിൽ ഇരയായി എന്ന് പറയുന്ന പെൺകുട്ടി നേരിട്ടാണ് നേതൃത്വത്തിന് പരാതി നൽകിയിരിക്കുന്നത്. ഇത് വിഷയത്തിന്റെ ഗൗരവംകൂട്ടുന്നു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് എം.എൽ.എ. പറയുന്നത്. പാർട്ടിയിലെ പുതിയ ചേരിക്കെതിരേയും ജില്ലയിലെ പ്രമുഖ ഘടകകക്ഷി നേതാവിനെതിരേയുമാണ് ശശിയുടെ ആരോപണമുന നീളുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ പരാതി കേന്ദ്രനേതൃത്വം വരെ എത്തിയതും ഇതുകൊണ്ടാണ്. എന്നാൽ, പെൺകുട്ടി കൂടുതൽ ഉറച്ചുനിന്നാൽ ഗൂഢാലോചന എന്നുമാത്രം പറഞ്ഞ് പാർട്ടിക്ക് മാറിനിൽക്കാനാവില്ല. ഇക്കാരണം കൊണ്ടുതന്നെയാണ് പാർട്ടി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ പരാതി കിട്ടിയതായി സ്ഥിരീകരിക്കുകയും അന്വേഷണം നടത്തുമെന്ന് പറയുകയും ചെയ്തത്. പരാതി പോലീസിന് കൈമാറണമെന്ന് പ്രതിപക്ഷവും ബി.ജെ.പി.യും ആവശ്യപ്പെടുന്നുണ്ട്. പോലീസിലെത്തിയാലുണ്ടാവുന്ന പ്രശ്നങ്ങൾ സി.പി.എമ്മിനെ കുഴക്കുന്നുണ്ട്. പി.കെ. ശശിക്ക് ജില്ലയിലെ പാർട്ടിയിൽ കാര്യമായ സ്വാധീനമുണ്ട്. എന്നിട്ടും എം.എൽ.എ.യ്ക്ക് പിന്തുണയുമായി പ്രത്യക്ഷത്തിൽ ആരും എത്തിയിട്ടില്ല. പ്രതിപക്ഷ സംഘടനകളുടെ പരാതി കൈമാറി പി.കെ. ശശി എം.എൽ.എ.ക്കെതിരായ ആക്ഷേപത്തിൽ പ്രതിപക്ഷ യുവജന സംഘടനകൾ പോലീസ് മേധാവിക്കു നൽകിയ പരാതി തൃശ്ശൂർ റേഞ്ച് ഐ.ജി. പാലക്കാടിന്റെ ചുമതല വഹിക്കുന്ന മലപ്പുറം എസ്.പി.ക്ക് കൈമാറി. പെൺകുട്ടി പരാതിപ്പെടാതെയോ പെൺകുട്ടിയുടെ മൊഴിയെടുക്കാതെയോ കേസെടുക്കാനാവില്ല എന്നാണ് പോലീസ് പറയുന്നത്. എന്നാൽ, പരാതിയെപ്പറ്റി പോലീസ് പ്രാഥമികാന്വേഷണം നടത്തുന്നുണ്ടെന്നാണ് വിവരം. കുട്ടികൾക്കെതിരായ അതിക്രമം തടയാനുള്ള പോക്സോ നിയമ പ്രകാരം മാത്രമേ പോലീസ് നേരിട്ട് കേസ് എടുക്കേണ്ടതുള്ളൂ. പ്രായപൂർത്തിയായവരാണ് ഇരയെങ്കിൽ അവരോ അവർ ചുമതലപ്പെടുത്തുന്ന ആരെങ്കിലുമോ പരാതി നൽകണം. ഇവിടെ പരാതിക്കാരി പോലീസിനെ സമീപിച്ചിട്ടില്ല. സാങ്കേതികമായി പരാതിക്കാരി ആരെന്നും പോലീസിന് വ്യക്തമല്ല. പാർട്ടിക്ക് നൽകിയിരിക്കുന്ന പരാതിയുടെ ഉള്ളടക്കം എന്താണെന്നും സാങ്കേതികമായി മാധ്യമങ്ങൾക്കോ ഇപ്പോൾ പരാതി നൽകിയിരിക്കുന്ന സംഘടനകൾക്കോ അറിയില്ല. അതുകൊണ്ട് കേസ് എടുക്കാൻ സാധ്യതയില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2wMo7sv
via
IFTTT
No comments:
Post a Comment