അലഹബാദ്: മരണത്തിന് പിന്നിൽ നിഗൂഢശക്തികളെന്ന് കുറിപ്പെഴുതി ഭാര്യയ്ക്കും മകൾക്കുമൊപ്പം ബിസിനസുകാരൻ ആത്മഹത്യ ചെയ്തു. അബോധാവസ്ഥയിൽ കണ്ടെത്തിയ ഇയാളുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജറാത്ത് അഹമ്മദാബാദിലെ വീടിനുള്ളിലാണ് കുനാൽ ത്രിവേദിയെ (45) ഭാര്യ കവിത(45)യ്ക്കും മകൾ ശ്രീനി(16)നും ഒപ്പം മരിച്ച നിലയിൽ കണ്ടെത്തിയത്. കുനാൽ മച്ചിൽതൂങ്ങിയ നിലയിലും കവിതയും മകളും കിടപ്പുമുറിയിൽ നിലത്തു കിടന്ന നിലയിലുമായിരുന്നു. കുനാലിന്റെ അമ്മ ജയശ്രീബെൻ (75) അബോധാവസ്ഥയിലായിരുന്നു. മൂന്നു പേജുകളുള്ള ഹിന്ദിയിലെഴുതിയ മരണക്കുറിപ്പ് അമ്മ ജയശ്രീബെന്നിനുള്ളതാണ്. തന്നെ എല്ലാവരും മദ്യപാനിയെന്ന് വിളിക്കുന്നുവെന്നും ചില നിഗൂഢശക്തികൾ തന്റെ ദൗർബല്യം മുതലെടുത്തുവെന്നും അമ്മ ഒരിക്കലും തന്നെ മനസിലാക്കിയില്ലെന്നും ഒരിക്കലും വിശ്വസിക്കാൻ കൂട്ടാക്കിയില്ലെന്നും കുനാൽ സൂചിപ്പിക്കുന്നു. ആത്മഹത്യ ചെയ്യണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്. തുടരെയുള്ള ഫോൺവിളികൾക്ക് മറുപടി ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മറ്റുള്ളവരെ കൊലപ്പെടുത്തിയ ശേഷം കുനാൽ ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസ് നിഗമനം. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനയച്ചു. കുനാലിന് സാമ്പത്തിക പ്രതിസന്ധിയോ കടങ്ങളോ ഉള്ളതായി സൂചനയില്ലെന്ന് പോലീസ് അറിയിച്ചു. അന്ധവിശ്വാസങ്ങളുടേയോ ആഭിചാര പ്രവർത്തികളുടേയോ സൂചനകളില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2xdJuD0
via
IFTTT
No comments:
Post a Comment