കൊടുങ്ങല്ലൂർ: കുഞ്ഞുമുഹമ്മദിന്റെ താമശകൾക്കും സുഹൃദ്സംഭാഷണങ്ങൾക്കും തിരശ്ശീല വീഴുന്നു. ജന്മനാടായ മതിലകത്തെയും ഇപ്പോൾ താമസിക്കുന്ന എറിയാട്ടെയും ഒരുപാട് സ്നേഹിതന്മാരെ കണ്ണീരിലാഴ്ത്തിയാണ് സിനിമാ പ്രവർത്തകനും നാടക നടനുമായിരുന്ന പുളിഞ്ചോട് പടിഞ്ഞാറു ഭാഗത്ത് താമസിച്ചിരുന്ന പരേതനായ ചുള്ളിപ്പറമ്പിൽ അമ്മു സാഹിബിന്റെ മകൻ കുഞ്ഞുമുഹമ്മദ് മരണത്തിന് കീഴടങ്ങിയത്. വളരെ ചെറുപ്പംമുതൽ കലയോട് ഏറെ ആഭിമുഖ്യം പുലർത്തിയിരുന്ന ഇദ്ദേഹം നിരവധി നാടകങ്ങളിൽ ഹാസ്യകഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. തുടർന്ന് സിനിമാ പ്രേമംകൊണ്ട് മദിരാശിയിലെത്തുകയും സിനിമാ പ്രവർത്തകർക്കിടയിൽ സഹായിയായിക്കൂടുകയും ചെയ്തു. പ്രസിദ്ധ സംവിധായകനും മതിലകത്തുകാരനുമായ കമലുമായുള്ള അടുത്തബന്ധം കുഞ്ഞുമുഹമ്മദിനെ അറിയപ്പെടുന്ന ഒരു സിനിമാനടനാക്കി. കമലിന്റെ മിക്കവാറും സിനിമകളിൽ കുഞ്ഞുമുഹമ്മദിനു ചെറിയൊരു റോളുണ്ട്. ചൊവ്വാഴ്ച രാവിലെ സത്യൻ അന്തിക്കാടിന്റെ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സിനിമാ രംഗത്തെ പ്രമുഖർ ആശുപത്രിയിലെത്തിയിരുന്നു. ഏതാനും വർഷമായി എറിയാട്ടായിരുന്നു താമസം.
from mathrubhumi.latestnews.rssfeed https://ift.tt/2QoTnH5
via
IFTTT
No comments:
Post a Comment