തളിപ്പറമ്പ്: മറ്റൊരാളുടെ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടറിൽ കഞ്ചാവ് കൊണ്ടുവെച്ച് വാഹന ഉടമയെ കേസിൽപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ വൈദികനെ അറസ്റ്റുചെയ്തു. ചന്ദനക്കാംപാറ ചാപ്പക്കടവിലെ തോട്ടത്തിൽ ജോസഫിന്റെ പരാതിയിൽ ചന്ദനക്കാംപറയിലെ ഫാ. ജയിംസ് വർഗീസ് തെക്കെമുറിയിലിനെ(43)യാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.കൃഷ്ണകുമാറും സംഘവും ചേർന്ന് അറസ്റ്റുചെയ്തത്. കേസിൽ മൂന്നാം പ്രതിയാണ് ഫാ. ജയിംസ് വർഗീസ്. മറ്റു രണ്ടുപ്രതികളായ വൈദികന്റെ സഹോദരൻ സണ്ണി, റോയി തെക്കമുറിയിൽ എന്നിവരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. 2017 മേയ് 29-നാണ് കേസിനാസ്പദമായ സംഭവം. നേരത്തേ വിദ്യാർഥിയെ പീഡിപ്പിച്ചുവെന്ന കേസിൽ വൈദികൻ ജയിംസ് വർഗീസ് പ്രതിയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട നടത്തിപ്പിൽ സജീവമായി പ്രവർത്തിച്ചയാളാണ് തോട്ടത്തിൽ ജോസഫ്. ഇദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇരുചക്രവാഹനത്തിൽ 1.17കിലോ കഞ്ചാവ് കൊണ്ടുവെച്ച് വാഹനത്തിൽ കഞ്ചാവ് കടത്തുന്നതായി എക്സൈസ് ഉദ്യോഗസ്ഥരെ ഫോണിൽ വിവരമറിയിക്കുകയായിരുന്നു. എക്സൈസ് വിഭാഗം വാഹനം പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തുകയും കേസെടുക്കുകയും ചെയ്തു. വാഹന ഉടമ ജോസഫ് താൻ നിരപരാധിയാണെന്ന് പറയുകയും നാട്ടുകാർ ജോസഫിനോടൊപ്പംകൂടി പ്രതിഷേധിക്കുകയും ചെയ്തു. നിരപരാധിത്വം വ്യക്തമാക്കി ജോസഫ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതോടെ അന്വേഷണം പോലീസ് ഏറ്റെടുത്തു. തുടർന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാൽ അന്വേഷിച്ച് റിപ്പോർട്ട് നൽകി. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. കേസ് നടത്തിപ്പിൽനിന്ന് പിൻമാറാത്ത വൈരാഗ്യത്തിന് ജോസഫിനെ കഞ്ചാവ് കേസിൽപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നതിനാണ് അറസ്റ്റ്. രാത്രി തളിപ്പറമ്പിൽ മജിസ്ട്രേട്ടിനു മുമ്പാകെ ഹാജരാക്കിയ വൈദികനെ ഒക്ടോബർ ഒന്നുവരെ റിമാൻഡ് ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/2D5Dl1Y
via
IFTTT
No comments:
Post a Comment