ന്യൂഡൽഹി: ദേശീയ കായിക പുരസ്കാരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും ഭാരോദ്വഹനത്തിൽ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് സൈഖോം മീരാഭായ് ചാനുവും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് അർഹരായി. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണവും വെള്ളിയുമടക്കം ഇരട്ട മെഡലുകൾ നേടിയ മലയാളി താരം ജിൻസൻ ജോൺസണ് അർജുന അവാർഡ് ലഭിച്ചു. ജിൻസനെ കൂടാതെ മറ്റ് 19 താരങ്ങൾക്കു കൂടി അർജുന അവാർഡ് ലഭിച്ചിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യാഡിനും സ്വർണം നേടിയ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്കും ഏഷ്യാഡിൽ ഇരട്ട മെഡൽ നേടിയ സ്പ്രിന്റർ ഹിമാ ദാസിനും വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയ്ക്കും അർജുന പുരസ്കാരം ലഭിച്ചു. കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരത്തിന് മലയാളിയായ മുൻ ഹൈജമ്പ് താരം ബോബി അലോഷ്യസ് അർഹയായി. ഹൈജമ്പിൽ ദേശീയ റെക്കോഡ് കുറിച്ച താരമാണ് ബോബി. സച്ചിൻ തെണ്ടുൽക്കർക്കും (1997) മുൻ നായകൻ എം.എസ് ധോനിക്കും (2007) ശേഷം ഖേൽരത്ന പുരസ്കാരം നേടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരമാണ് കോലി. ടെസ്റ്റ്, ഏകദിന റാങ്കിങ്ങിൽ നിലവിൽ ഒന്നാം സ്ഥാനക്കാരനാണ് കോലി. കഴിഞ്ഞ മൂന്നു വർഷങ്ങളിലും കോലിയെ ബി.സി.സി.ഐ ഖേൽരത്നയ്ക്ക് ശുപാർശ ചെയ്തിരുന്നു. എന്നാൽ 2016-ൽ റിയോ ഒളിമ്പിക്സിലെ മികച്ച പ്രടകനത്തിന് സാക്ഷി മാലിക്ക്, പി.വി സിന്ധു, ദീപ കർമാക്കർ എന്നിവർക്കാണ് ഖേൽരത്ന പുരസ്കാരം ലഭിച്ചത്. അതേസമയം കർണം മല്ലേശ്വരി (1994), കുഞ്ജറാണി ദേവി (1995) എന്നിവർക്കു ശേഷം ഖേൽരത്ന പുരസ്കാരം ലഭിക്കുന്ന ആദ്യ ഭാരോദ്വഹന താരമാണ് മീരാഭായ് ചാനു. എല്ലാ വർഷവും ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിന്റെ ജന്മവാർഷികം പ്രമാണിച്ച് ഓഗസ്റ്റ് 29-നാണ് ദേശീയ കായിക പുരസ്കാര ചടങ്ങ് നടക്കാറുള്ളതെങ്കിലും ഏഷ്യാഡ് വന്നതിനാൽ ഇത്തവണ ചടങ്ങ് സെപ്റ്റംബർ 25-ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. 7.5 ലക്ഷം രൂപ വീതമാണ് ഖേൽരത്ന പുരസ്കാര ജേതാക്കൾക്കു ലഭിക്കുക. അർജുന, ദ്രോണാചാര്യ, ധ്യാൻചന്ദ് പുരസ്കാര ജേതാക്കൾക്ക് 5 ലക്ഷം രൂപവീതവും ലഭിക്കും. 25-ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരങ്ങൾ സമ്മാനിക്കും. ദ്രോണാചാര്യ പുരസ്കാരം വിജയ് ശർമ (ഭാരോദ്വഹനം), തരക് സിൻഹ (ക്രിക്കറ്റ്), ക്ലാരൻസോ ലോബോ (ഹോക്കി), ജീവൻ ശർമ (ജൂഡോ), സി.എ. കുട്ടപ്പ (ബോക്സിങ്), ശ്രീനിവാസ റാവു (ടേബിൾ ടെന്നിസ്). സുഖ്ദേവ് സിങ് പാന്നു (അത്ലറ്റിക്സ്), വി.ആർ. ബീഡു (അത്ലറ്റിക്സ്). അർജുന അവാർഡ് നീരജ് ചോപ്ര, ജിൻസൻ ജോൺസൺ, ഹിമ ദാസ് (അത്ലറ്റിക്സ്), എൻ. സിക്കി റെഡ്ഡി (ബാഡ്മിന്റൻ), സതീഷ്കുമാർ (ബോക്സിങ്), സ്മൃതി മന്ദാന (ക്രിക്കറ്റ്), ശുഭാംഗർ ശർമ (ഗോൾഫ്), മൻപ്രീത് സിങ് (ഹോക്കി), സവിത (ഹോക്കി), രവി റാത്തോഡ് (പോളോ), രാഹി സർനോബത്ത്, അങ്കുർ മിത്തൽ, ശ്രേയഷി സിങ് (ഷൂട്ടിങ്), മണിക ബത്ര, ജി. സത്യൻ (ടേബിൾ ടെന്നിസ്), രോഹൻ ബൊപ്പണ്ണ (ടെന്നിസ്), സുമിത് (ഗുസ്തി), പൂജ കടിയാൻ (വുഷു), അങ്കുർ ധാമ (പാര അത്ലറ്റിക്സ്), മനോജ് സർക്കാർ (പാരാ ബാഡ്മിന്റൻ). ധ്യാൻചന്ദ് പുരസ്കാരം ബോബി അലോഷ്യസ് (അത്ലറ്റിക്സ്), സത്യദേവ് (അമ്പെയ്ത്ത്), ഭരത് ഛേത്രി (ഹോക്കി), ദാദു ചൗഗുലേ (ഗുസ്തി) Content Highlights: national sports awards virat kohli mirabai chanu get rajiv gandhi khel ratna
from mathrubhumi.latestnews.rssfeed https://ift.tt/2QKrzwK
via
IFTTT
No comments:
Post a Comment