കന്യാസ്ത്രീകള്‍ തെരുവില്‍ മുദ്രാവാക്യം മുഴക്കുന്നത് ഇതാദ്യമായല്ല!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

കന്യാസ്ത്രീകള്‍ തെരുവില്‍ മുദ്രാവാക്യം മുഴക്കുന്നത് ഇതാദ്യമായല്ല!!

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന പ്രതിഷേധസമരം പതിമൂന്ന് ദിവസം പിന്നിടുകയാണ്. സഹനം ആയുധമാക്കി നിശ്ശബ്ദവിപ്ളവം നടത്തിവന്നവർ സഭയുടെ മറകൾ ഭേദിച്ച് പുറത്തുവന്നതിന് ചരിത്രപരം എന്ന് തന്നെയാണ് വിശേഷണം. കൊന്തചൊല്ലിയും ബൈബിൾ വായിച്ചും പ്രാർഥനയിൽ മുഴുകിയും ധ്യാനനിമഗ്ധരായി കഴിയുന്ന കന്യാസ്ത്രീ സമൂഹം തെരുവിലിറങ്ങി ഉറച്ച ശബ്ദത്തിൽ മുദ്രാവാക്യം മുഴക്കുന്നത് പക്ഷേ ഇതാദ്യമായല്ല!! 1965 മാർച്ച് 10, അന്ന് അമേരിക്കയിലെ അലബാമയിലുള്ള സെൽമയിലേക്ക് ആ ആറ് കന്യാസ്ത്രീകൾ വിമാനം ഇറങ്ങുമ്പോൾ അവർക്ക് അറിയില്ലായിരുന്നു തങ്ങളുടെയും തങ്ങൾ ഉൾക്കൊള്ളുന്ന വിശ്വാസസമൂഹത്തിന്റെയും വിധി തന്നെ മാറ്റിമറിക്കാനുള്ള യാത്രയാണ് അതെന്ന്. വോട്ടവകാശം സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടിയുള്ള പ്രതിഷേധ സമരത്തിൽ പങ്കെടുക്കാനായിരുന്നു ആ കന്യാസ്ത്രീകളുടെ യാത്ര. ഒരർഥത്തിൽ അവർ ആ പ്രതിഷേധസമരത്തിൽ പങ്കെടുത്ത നൂറുകണക്കിന് ആളുകളിൽ ആറ് പേർ മാത്രമായിരുന്നു. പക്ഷേ, ദേശീയമാധ്യമങ്ങളിലടക്കം സമരം ശ്രദ്ധിക്കപ്പെടാൻ അത് ധാരാളമായിരുന്നു. അമേരിക്കയിൽ കറുത്തവർഗക്കാർക്ക് വേണ്ടി നടന്ന പോരാട്ടങ്ങളിൽ സുവർണ അധ്യായമായി മാറിയ ഒന്നായിരുന്നു ആ സെൽമ-മോണ്ട്ഗോമറി പദയാത്ര. തങ്ങൾക്കും വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടെന്നും അത് മറ്റാരും അനുവദിച്ചുനൽകേണ്ട ഔദാര്യമല്ലെന്നും ഉറക്കെ പ്രഖ്യാപിച്ച് മൂന്ന് ദിവസങ്ങളിലായി നടന്ന ആ പ്രതിഷേധസമരത്തിന് ചുക്കാൻ പിടിച്ചത് സാക്ഷാൽ മാർട്ടിൻ ലൂഥർ കിംഗ് ആയിരുന്നു. പീഡനവും കൊലപാതകവുമടക്കം നിരവധി ദുരന്തങ്ങളിലൂടെ കടന്നുപോകേണ്ടി വന്നെങ്കിലും പ്രതിഷേധം ഒരു ഘട്ടത്തിലും അക്രമാസകത്മായില്ല. മൂന്ന് ദിവസം കൊണ്ട് 87 കിലോമീറ്റർ ദൂരമാണ് അവർ വിജയകരമായി പിന്നിട്ടത്. പ്രതിഷേധ സമരങ്ങളുടെ വിജയമായിരുന്നു കറുത്തവർഗക്കാർക്കും വോട്ടവകാശം ഉറപ്പാക്കിക്കൊണ്ട് 1965 ഓഗസ്റ്റ് ആറിന് അമേരിക്കൻ കോൺഗ്രസ് പാസ്സാക്കിയ നിയമം. അന്നുവരെ വിദ്യാഭ്യാസം,ആരോഗ്യം. സാമൂഹ്യസേവനം എന്നീ മേഖലകളിൽ പരിമിതപ്പെട്ടു പോയ കത്തോലിക്കാ വിഭാഗത്തിലെ കന്യാസ്ത്രീകൾക്ക് പുതിയൊരു ഊർജം പകരുന്നതായിരുന്നു സെൽമ-മോണ്ട്ഗോമറി പദയാത്ര. പൊതുപ്രവർത്തനരംഗത്ത് തങ്ങൾക്കും എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നും സമൂഹത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി തങ്ങൾക്കും ചിലതൊക്കെ ചെയ്യാൻ കഴിയുമെന്നും അവരെക്കൊണ്ട് ചിന്തിപ്പിക്കാനും അതിനുള്ള ആത്മബലം പകരാനും ആ പ്രതിഷേധത്തിനായി. സെൽമയിലേക്ക് എത്തിയ വഴി 1964ൽ പൗരാവകാശനിയമം പ്രാബല്യത്തിലായെങ്കിലും അലബാമയിലെ പല ഭാഗങ്ങളിലും അവ പ്രാവർത്തികമായത് വളരെപതിയെയാണ്. വോട്ടവകാശം സംബന്ധിച്ച് നിരവധി പ്രശ്നങ്ങൾ രൂക്ഷമാവുകയും ചെയ്തു. ഇതോടെ പ്രാദേശിക പൊതുപ്രവർത്തകരുടെ നേതൃത്വത്തിൽ ജനങ്ങൾ സംഘടിക്കുന്ന അവസ്ഥയുണ്ടായി. സെൽമ നഗരത്തിൽ ഭൂരിപക്ഷവും കറുത്തവർഗക്കാർ ആയിരുന്നെങ്കിലും വോട്ടർ പട്ടികയുടെ ഭാഗമാകാൻ അതിൽ രണ്ട് ശതമാനത്തിന് മാത്രമേ കഴിഞ്ഞുള്ളു. ഈ സാഹചര്യത്തിലാണ് മാർട്ടിൻ ലൂഥർ കിങ്ങിന്റെ നേതൃത്വത്തിൽ പദയാത്രയ്ക്കുള്ള ആഹ്വാനം ഉണ്ടാവുന്നത്. (നിരന്തരമായ വധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് പക്ഷേ പ്രതിഷേധയാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞതുമില്ല.) വർഗനീതി ഉറപ്പാക്കാനുള്ള സമരത്തിൽ പങ്കുചേരണമെന്ന് നാഷണൽ കാത്തലിക് കോൺഫറൻസിന്റെ നിർദേശം ലഭിച്ചതിനെത്തുടർന്നാണ് മൂന്ന് മഠങ്ങളിൽ നിന്നുള്ള ആറ് കന്യാസ്ത്രീകൾ പദയാത്രയുടെ ഭാഗമായത്. അവരിൽ ഒരാൾ കറുത്തവർഗക്കാരിയായിരുന്നു. പ്രതിഷേധസമരങ്ങളിൽ പങ്കെടുത്തതിന് പിന്നാലെ അവരെല്ലാവരും മുഖ്യധാരാ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി. ഉറച്ച ശബ്ദത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കി മുന്നോട്ട് നീങ്ങിയ അവർ തങ്ങൾ ഉൾപ്പെട്ട കന്യാസ്ത്രീ സമൂഹത്തിന്റെ മാറ്റത്തിന്റെ മുഖമാകുകയായിരുന്നു. കാര്യങ്ങൾ പിന്നീടൊരിക്കലും പഴയതുപോലെയായില്ല എന്നത് ചരിത്രം. കന്യാസ്ത്രീമഠങ്ങളുടെ ഉള്ളറകളിൽ നിന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവർ ഇറങ്ങിനടന്നത് അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിൽ ഭാഗമാകാൻ കരുത്തും ആർജവവും തങ്ങൾക്കുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കൂടിയായിരുന്നു. ആ വഴിയേയാണ് പല കാലങ്ങളിലും പല ഘട്ടങ്ങളിലും നിരവധി കന്യാസ്ത്രീകൾ പൊതുജനമധ്യത്തിലേക്കിറങ്ങിവന്ന് സമൂഹത്തിന് വേണ്ടി സംസാരിച്ചിട്ടുളളതും. അങ്ങനെ എല്ലാക്കാലത്തും സമൂഹത്തിനു വേണ്ടി സംസാരിക്കാൻ മാത്രമായി തെരുവിലിറങ്ങിയിട്ടുള്ള കന്യാസ്ത്രീ സമൂഹം ഇന്ന് തെരുവിൽ മുദ്രാവാക്യം മുഴക്കേണ്ടി വന്നത് സ്വന്തം നീതിക്ക് വേണ്ടിയാണ് എന്നത് വിരോധാഭാസമെന്നേ പറയാനുമാവൂ.....!! Courtesy:GlobalSistersReport content highlights:Selma to Montgomery marches ,nuns protest , InDepth


from mathrubhumi.latestnews.rssfeed https://ift.tt/2NWiwuc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages