തിരുവനന്തപുരം: ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ അനുമതി ലഭിക്കാത്തതിനാൽ അണക്കെട്ടുകളിൽനിന്ന് മണലും ചെളിയും നീക്കംചെയ്യാനുള്ള പദ്ധതി വൈകുന്നു. അണക്കെട്ടുകളുടെ സംഭരണശേഷി പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടാണ് ചെളിയും മണലും നീക്കംചെയ്യാൻ തീരുമാനിച്ചത്. മണൽ വേർതിരിച്ച് വിപണിയിലിറക്കാനും പദ്ധതിയിട്ടിരുന്നു. ഇതുസംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും പദ്ധതി തുടങ്ങാനായിട്ടില്ല. ജലസേചന വകുപ്പിനുകീഴിലുള്ള 16 അണക്കെട്ടുകളിൽനിന്നും മണലും ചെളിയും നീക്കാനായിരുന്നു തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലെ ചുള്ളിയാർ, മംഗലം ഡാമുകളിൽനിന്ന് മണൽ നീക്കാനായിരുന്നു ശ്രമം. രണ്ട് അണക്കെട്ടുകളിലും അടിഞ്ഞുകൂടിയ ചെളിയും മണലും സംബന്ധിച്ച് വിശദ പഠനറിപ്പോർട്ട് ജലവിഭവവകുപ്പ് സർക്കാരിന് സമർപ്പിച്ചിരുന്നു. ചുള്ളിയാറിൽ മണലും ചെളിയും അടിഞ്ഞുകിടക്കുന്നതിനാൽ 1.13 ദശലക്ഷം ഘനമീറ്ററോളം സ്ഥലത്ത് വെള്ളം സംഭരിക്കാനാകുന്നില്ലെന്നാണ് റിപ്പോർട്ട്. മംഗലം അണക്കെട്ടിൽ 2.94 ദശലക്ഷം ഘനമീറ്റർ പ്രദേശമാണ് ജലസംഭരണത്തിന് യോഗ്യമല്ലാതായത്. മലമ്പുഴയിൽ 25 ദശലക്ഷം ഘനമീറ്റർ പ്രദേശത്താണ് മണലും ചെളിയും അടിഞ്ഞത്. പ്രളയത്തെത്തുടർന്ന് അണക്കെട്ടുകളുടെ സംഭരണശേഷി വീണ്ടും കുറഞ്ഞിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. നടപടികളിൽ പുരോഗതിയില്ല ചെളിയും മണലും നീക്കംചെയ്യാനും വേർതിരിക്കാനുമുള്ള മാർഗരേഖ സംബന്ധിച്ച് തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെയാണ് മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ, നടപടികളിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ചെളിയും മണലും പുറത്തെത്തിക്കുന്ന രീതി, സംസ്കരണ പ്ലാന്റ്, വിറ്റഴിക്കൽ എന്നിവ സംബന്ധിച്ച് ധാരണ ഉണ്ടാക്കാനാവാത്തതാണ് കാരണം. മണലും ചെളിയും പുറത്തെത്തിച്ച് വേർതിരിക്കാൻ കരാർ നൽകുകയും മണൽ റവന്യൂവകുപ്പ് ലേലംചെയ്ത് വിൽക്കുകയും ചെയ്യാമെന്നായിരുന്നു സർക്കാർ തലത്തിലുണ്ടായിരുന്ന ധാരണകളിലൊന്ന്. ചെളിയും മണലും പുറത്തെടുത്ത് സംസ്കരിച്ച് വിൽക്കുന്ന മുഴുവൻജോലിയും കരാർനല്കാനുള്ള മറ്റൊരു മാർഗവും ആലോചിച്ചിരുന്നു. മുഴുവൻ ജോലിയും കരാറുകാരെ ഏല്പിച്ചാൽ പണം മുടക്കാതെതന്നെ സർക്കാരിന് വരുമാനം ലഭിക്കുമെന്നുമാണ് കരുതിയിരുന്നത്. മാർഗരേഖ തയ്യാറാക്കിയാൽ കരാറുകാരെ കണ്ടെത്തുന്നതടക്കമുള്ള ജോലികൾ മാത്രമാണ് സർക്കാരിന് ചെയ്യേണ്ടിവരുക.
from mathrubhumi.latestnews.rssfeed https://ift.tt/2oRmMwK
via
IFTTT
No comments:
Post a Comment