കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീ നീതിക്കുവേണ്ടി കാത്തിരിക്കുമ്പോള്‍ പ്രതിസ്ഥാനത്തുള്ള ബിഷപ്പ് ആഘോഷത്തില്‍. കന്യാസ്ത്രീക്കു പിന്തുണയുമായി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ കൊച്ചിയില്‍ നിരാഹാര സമരം നടത്തുമ്പോള്‍ ബിഷപ്പ് രൂപതാ ദിനാഘോഷത്തിന്റെ തിരക്കില്‍. സഹപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി കുറവിലങ്ങാട് മഠത്തില്‍ നിന്നുള്ള ഏതാനും കന്യാസ്ത്രീകളും സമരപ്പന്തലില്‍ എത്തുന്നുണ്ട്. എന്നാല്‍ ജലന്ധറിലെ സന്യാസിനി സമൂഹമാകട്ടെ ബിഷപ്പിനൊപ്പം വിരുന്നില്‍ പങ്കെടുക്കുകയാണ്.
[IMG]
കന്യാസ്ത്രീക്കു നീതി തേടി ഇന്നു രാവിലെയാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ മറൈന്‍ ഡ്രൈവില്‍ നിരാഹാര സമരം ആരംഭിച്ചത്. ജലന്ധര്‍ രൂപതയില്‍ ഇന്ന് രൂപതാ ദിനാഘോഷമാണ്. അമൃത്സറിലെ സെന്റ് സേവ്യേഴ്‌സ് പള്ളി ഓഡിറ്റോറിയത്തിലാണ് ആഘോഷം. രൂപതയുടെ കീഴില്‍ വരുന്ന വൈദികരും കന്യാസ്ത്രീകളും അത്മായ സംഘടനകളുടെ പ്രതിനിധികളും ഭക്തസംഘടനാ പ്രതിനിധികളുമടക്കം 1500 ഓളം പേര്‍ ചടങ്ങിനെത്തുമെന്നാണ് ബിഷപ്പ് ഫ്രാങ്കോയുടെ അടുത്ത കേന്ദ്രങ്ങള്‍ കരുതുന്നത്.
[IMG]
ബിഷപ്പിന്റെ ശക്തിപ്രകടനത്തിനുള്ള വേദി കൂടിയാണ് ഈ ആഘോഷം. തനിക്കെതിരായ പരാതി വ്യാജമാണെന്നും വിശ്വാസികള്‍ ഇപ്പോഴും തനിക്കൊപ്പമാണെന്നും തെളിയിക്കാനാണ് ബിഷപ്പ് ഫ്രാങ്കോ ശ്രമിക്കുന്നത്. രൂപതയില്‍ നടക്കുന്ന എല്ലാ ചടങ്ങുകളുടെയും ചിത്രങ്ങളും വീഡിയോയും സഭാനേതൃത്വത്തിലേക്ക് അയച്ചുകൊടുത്ത് ഈ അവകാശവാദമാണ് ഫ്രാങ്കോയോട് അടുത്തവൃത്തങ്ങള്‍ ഉന്നയിക്കുന്നത്. ജലന്ധറില്‍ എത്തിയ കേരള പോലീസ് ബിഷപ്പിന്റെ സത്യസന്ധത തിരിച്ചറിഞ്ഞ് തിരിച്ചുപോയി എന്നാണ് ഇവര്‍ പറയുന്നത്.
[IMG]
രൂപതാദിനാഘോഷം പോലെ സഭയില്‍ നടക്കുന്ന ഏതു ആഘോഷങ്ങളും വി.കുര്‍ബാനയോടെയോ പ്രാര്‍ത്ഥനയോടെയോ ആണ് ആരംഭിക്കുക. എന്നാല്‍ ജലന്ധറില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് വലിയ സ്ഥാനമില്ലെന്നാണ് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍. കുറച്ചുപേര്‍ ഒത്തുചേര്‍ന്നുള്ള 'അടിപൊളി' പരിപാടികളാണ് ഇവയൊക്കെ.
[IMG]
അതേസമയം, ബിഷപ്പ് ഫ്രാങ്കോ 2013ല്‍ ജലന്ധറില്‍ എത്തിയ ശേഷമാണ് രൂപതയില്‍ ഇത്രയധികം ആഘോഷങ്ങള്‍ തുടങ്ങിയതെന്ന് അവിടെനിന്നുള്ളവര്‍ പറയുന്നു. ' ഇടയനോടൊപ്പം ഒരു ദിവസം' പോലെ ബിഷപ്പ് തുടങ്ങിയതാണ് രൂപതാ ദിനാഘോഷവും. ഇതിനോട് മനസ്സുകൊണ്ട് യോജിക്കാന്‍ കഴിയാത്ത പല വൈദികരും ഇത്തരം പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ചെയ്യാറ്.
[IMG]
സമാനമായ സംഭവം കഴിഞ്ഞ ദിവസവും ജലന്ധറില്‍ നടന്നു. സെപ്തംബര്‍ അഞ്ച് മദര്‍ തെരേസയുടെ ഫീസ്റ്റ് ഡേ. ജലന്ധര്‍ രൂപതയ്ക്ക് അടുത്ത മദര്‍ തെരേസ ഹോം പതിവ് ആഘോഷത്തിനുള്ള ഒരുക്കത്തില്‍. ഈ ദിവസത്തില്‍ പതിവ് അനുസരിച്ച് ബിഷപ്പ് ആണ് ഹോമില്‍ കുര്‍ബാന അര്‍പ്പിക്കുക. എന്നാല്‍ അന്നേ ദിവസം അവിടേക്ക് തിരിഞ്ഞുനോക്കാത്ത ബിഷപ്പ് ഫ്രാങ്കോ തന്റെ അടുത്ത സുഹൃത്തിന്റെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയി. ബിഷപ്പിനെ കാത്തിരുന്ന് കണ്ണുകഴച്ച അന്തേവാസികള്‍ പിന്നീട് ഒരു വൈദികനെ വിളിച്ച് കുര്‍ബാന ചൊല്ലിക്കുകയായിരുന്നു.
[IMG]
from mangalam.com https://ift.tt/2McvkaW
via IFTTT
No comments:
Post a Comment