ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റിന് ശനിയാഴ്ച തുടക്കം. ടൂർണമെന്റിലെ ആദ്യമത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ശ്രീലങ്ക നിലവിലെ റണ്ണേഴ്സ് അപ്പായ ബംഗ്ലാദേശിനെ നേരിടും. വൈകീട്ട് അഞ്ചുമുതൽ ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ബി ഗ്രൂപ്പിലാണ് ഇരുടീമുകളുടെയും സ്ഥാനം. അഫ്ഗാനിസ്താനാണ് ഗ്രൂപ്പിലെ മൂന്നാമത്തെ ടീം. പരിക്കാണ് ലങ്കയെ വലയ്ക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് ചാൻഡിമലിനെയും ധനുഷ്ക ഗുണതിലകയെയും ആദ്യം പ്രഖ്യാപിച്ച 15 അംഗ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, പരിക്കുകാരണം ഇരുവർക്കും ടീമിൽനിന്ന് മടങ്ങേണ്ടിവന്നു. നിരോഷൻ ഡിക്ക്വെല്ലയും ഷെഹൻ ജയസൂര്യയുമാണ് പകരക്കാരുടെ റോളിൽ. ക്യാപ്റ്റൻ ഏയ്ഞ്ചലോ മാത്യൂസ്, കുശാൽ പെരേര, ഉപുൽ തരംഗ, തിസര പെരേര, ലസിത് മലിംഗ എന്നീ സീനിയർ താരങ്ങൾക്കൊപ്പം അകില ധനഞ്ജയ, കസുൻ രജിത, ദസുൻ ഷനക എന്നീ യുവതാരങ്ങളും ടീമിലുണ്ട്. സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന ഏകദിന പരമ്പര അടിയറവു പറഞ്ഞാണ് ലങ്കയുടെ ഏഷ്യ കപ്പിലേക്കുള്ള വരവ്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ആദ്യ മൂന്നു മത്സരം കൈവിട്ടിരുന്ന അവർ അവസാനത്തെ രണ്ടു കളികളിലും ജയിച്ച് വൻതിരിച്ചുവരവ് നടത്തിയിരുന്നു. ഇതിനു പിന്നാലെ നടന്ന ഏക ട്വന്റി-20 മത്സരവും ജയിച്ചു. ഏഷ്യ കപ്പിൽ കഴിഞ്ഞ സീസണിൽ ഇന്ത്യയോട് തോറ്റാണ് ബംഗ്ലാദേശ് കിരീടം കൈവിട്ടത്. സമീപകാലത്ത് ഏകദിനത്തിൽ ബംഗ്ലാദേശ് ഏറെ മുന്നേറിയിട്ടുണ്ട്. ശ്രീലങ്കയിൽ നടന്നിരുന്ന നിദാഹാസ് ട്രോഫി ടി-20 പരമ്പരയിൽ ആതിഥേയരെ മറികടന്ന് ഫൈനലിലെത്തിയിരുന്നു ബംഗ്ലാദേശ്. അന്ന് കൈപ്പിടിയിലൊതുക്കിയിരുന്ന കിരീടം അവസാന പന്തിൽ ദിനേഷ് കാർത്തിക്കിന്റെ സിക്സിലാണ് പൊലിഞ്ഞത്. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയാണ് ബംഗ്ലാദേശ് ടൂർണമെന്റിലേക്കെത്തുന്നത്. ടീമിലെ മികച്ച താരങ്ങളെല്ലാം പൂർണ ഫിറ്റാണെന്നതാണ് ടീമിന് ആശ്വാസം. മഷ്റഫെ മൊർതാസയാണ് ടീമിന്റെ ക്യാപ്റ്റൻ. ഷാകിബ് അൽ ഹസൻ, തമീം ഇഖ്ബാൽ, മഹ്മുദുല്ല, മുഷ്ഫിഖർ റഹീം, മുസ്താഫിസുർ റഹ്മാൻ അടക്കമുള്ള താരങ്ങൾ ടീമിനൊപ്പമുണ്ട്. ടീം ഇവരിൽ നിന്ന്: ശ്രീലങ്ക: മാത്യൂസ് (ക്യാപ്റ്റൻ), അമില അപോൻസോ, ദുഷ്മന്ത ചമീര, ധനഞ്ജയ, ഡിക്ക്വെല്ല, ഷെഹൻ ജയസൂര്യ, സുരങ്ക ലക്മൽ, മലിംഗ, കുശാൽ മെൻഡിസ്, ദിൽറുവൻ പെരേര, കുശാൽ പെരേര, തിസര പെരേര, കസുൻ രജിത, ദസുൻ ഷനക, ധനഞ്ജയ ഡിസിൽവ, ഉപുൽ തരംഗ ബംഗ്ലാദേശ്: മൊർതാസ, ഷാകിബ്, ലിട്ടൻ ദാസ്, ആരിഫുൽ ഹഖ്, മൊമിനുൽ ഹഖ്, അബു ഹൈദർ, റുബെൽ ഹൊസെയ്ൻ, തമീം, നസ്മുൽ ഇസ്ലാം, മഹ്മുദുല്ല, മെഹ്ദി ഹസൻ, മുഹമ്മദ് മിഥുൻ, മുഷ്ഫിഖർ, മുസതാഫിസുർ, മൊസദ്ദക്ക്, നസ്മുൽ ഹൊസയ്ൻ മത്സരക്രമം 15-09-2018 ബംഗ്ലാദേശ്-ശ്രീലങ്ക 16-09-2018 ഹോങ് കോങ്-പാകിസ്താൻ 17-09-2018 അഫ്ഗാനിസ്താൻ-ശ്രീലങ്ക 18-09-2018 ഹോങ് കോങ്-ഇന്ത്യ 19-09-2018 ഇന്ത്യ-പാകിസ്താൻ 20-09-2018 അഫ്ഗാനിസ്താൻ-ബംഗ്ലാദേശ് (എല്ലാ മത്സരവും വൈകുന്നേരം അഞ്ചുമണിക്ക്) Content Highlights: Asia Cup Cricket 2018 Sri Lanka vs Bangladesh
from mathrubhumi.latestnews.rssfeed https://ift.tt/2p7MyNB
via
IFTTT
No comments:
Post a Comment