ഹൈദരാബാദ്: ഇന്ത്യയെ ഞെട്ടിച്ച ദുരഭിമാന കൊലയില്‍ മകള്‍ അമൃതയുടെയും ഭര്‍ത്താവ് പ്രണയ് യുടെയും നീക്കങ്ങളും ജീവിതവും മരുമകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ പിതാവ് മാരുതി റാവുവിന് വിവരം നല്‍കിയിരുന്നത് അമൃതയുടെ മാതാവ്. ഭര്‍ത്താവിന്റെ കരുനീക്കങ്ങളൊന്നും അറിയാതെ ഇവര്‍ നല്‍കിയിരുന്ന വിവരം വെച്ചായിരുന്നു മാരുതിറാവു പ്രണയ് യെ കൊല്ലാനുള്ള പദ്ധതികള്‍ തയ്യാറാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണു പ്രണയ് കുമാറി നെ ഭാര്യ അമൃതവര്‍ഷിണി യുടെ മുന്നില്‍വച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
ജനുവരിയിലായിരുന്നു സവര്‍ണ്ണ വിഭാഗത്തില്‍ നിന്നുള്ള അമൃതയും പട്ടികവിഭാഗത്തില്‍ നിന്നുള്ള പ്രണയ് യും വിവാഹിതരായത്. വിവാഹത്തിന് ശേഷം സ്വന്തം വീട്ടുകാരുമായി അമൃതവര്‍ഷിണി കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ ഗര്‍ഭിണിയായതോടെ മാതാവുമായി വീണ്ടും അമൃത ബന്ധം തുടങ്ങുകയൂം വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും സംസാരിക്കുന്നതും പതിവായി. മകളുടെ വിശേഷങ്ങള്‍ ഭാര്യയില്‍ നിന്നും ഇതിനിടെ മാരുതി റാവുവും അറിഞ്ഞു തുടങ്ങി.
ഇതിനിടയില്‍ തന്നെ മരുമകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയിരുന്ന മാരുതി റാവു പ്രണയിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞതും ഭാര്യയില്‍ നിന്നായിരുന്നു. ഇങ്ങിനെയുള്ള വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രണയ് യും അമൃതയും സെപ്തംബര്‍ 13 ന് ചെക്കപ്പിന് പുറത്തു പോകുന്ന വിവരം അറിഞ്ഞതും. മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെ ജൂണിലായിരുന്നു മാരുതിറാവുവും ഭാര്യാസഹോദരനം ചേര്‍ന്ന് പ്രണയ് യെ ഇല്ലാതാക്കാനുള്ള ആസൂത്രണം ചെയ്തത്. അന്നായിരുന്നു അമൃത അവസാനമായി മാതാവിനെ വിളിച്ചതും. ഓഗസ്റ്റ് ഒന്‍പതിനാണു പ്രണയയെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘവുമായി ധാരണയായത്.
സംഭവദിവസം മൂന്ന് മാസം ഗര്‍ഭിണിയായ അമൃതയുമായി ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട ശേഷം മടങ്ങുമ്പോഴായിരുന്നു അക്രമി പിന്നാലെയെത്തി തലയില്‍ വെട്ടിയത്. വെട്ടേറ്റ് നിലത്തു വീണ ഇയാളെ അക്രമി വീണ്ടും വെട്ടിയ ശേഷം ഓടുകയായിരുന്നു. കൃത്യം നടക്കുമ്പോള്‍ അമൃതയും മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. പ്രണയ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരണത്തിന് കീഴടങ്ങി. അമൃത നിലവിളിച്ചു കൊണ്ട് ആശുപത്രിയിലേക്ക് ഓടിക്കയറുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായി. നാലു ദിവസങ്ങള്‍ക്ക് ശേഷം പ്രതികള്‍ പിടിയിലായി. അമൃതയുടെ പിതാവും അമ്മാവനും അടക്കം ഏഴുപേര്‍ അറസ്റ്റിലായി.
സംഭവത്തില്‍ പ്രണയ് യെ കൊല്ലാന്‍ ഒരു കോടിയുടെ ക്വട്ടേഷനായിരുന്നു കൊലപാതക സംഘത്തിന് അമൃതയുടെ പിതാവ് വാടകക്കൊലയാളിക്ക് നല്‍കിയത്. ഇതില്‍ 18 ലക്ഷം രൂപ നല്‍കുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സുഭാഷ് ശര്‍മ്മയാണ് കൊല നടത്തിയത്. ഇയാളെ ഇതിന് വേണ്ടി മാത്രം ബീഹാറില്‍ നിന്നും വിളിച്ചു വരുത്തി. ബിഹാറിലെ സമസ്തിപുരില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ അച്ഛന്‍ മാരുതി റാവു, അമ്മാവന്‍ ശ്രാവണ്‍ റാവു എന്നിവരടക്കം ആറ് പേരെ നല്‍ഗോണ്ടയില്‍നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ മുന്‍ മന്ത്രിയായിരുന്ന ഹരെന്‍ പാണ്ഡ്യയെ കൊലപ്പെടുത്തി ജയില്‍മോചിതനായ കുറ്റവാളിയാണ് സുഭാഷ് കുമാര്‍ ശര്‍മ. പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായി കൊലയാളികള്‍ക്കു ബന്ധമുണ്ടെന്ന സൂചനയുണ്ട്.
അമൃത ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും പിതാവ് മകളെ വീട്ടിലേക്ക് നിരന്തരം വിളിക്കുമായിരുന്നെന്നും ഗര്‍ഭം അലസിപ്പിക്കാമെന്ന് പറഞ്ഞിരുന്നതായും അമൃത മൊഴി നല്‍കിയിട്ടുണ്ട്്. പ്രണയ് യെ കൊലപ്പെടുത്തിക്കഴിഞ്ഞാല്‍ കുഞ്ഞ് തടസ്സമാകരുത് എന്ന മാരുതിറാവു കരുതിയിരിക്കാമെന്നാണ് അമൃത നല്‍കിയ മൊഴി.
ദളിത് ക്രിസ്ത്യാനിയായ പ്രണയയും സവര്‍ണ വിഭാഗക്കാരിയായ അമൃതയും സ്‌കൂള്‍തലം മുതല്‍ പ്രണയത്തിലായിരുന്നു. കോളജില്‍ പഠിച്ചതോടെ ജീവിതം പങ്കിടാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പു വകവയ്ക്കാതെ കഴിഞ്ഞ ജനുവരിയിലായിരുന്നു വിവാഹം. ഇതോടെ, അമൃതയുടെ വീട്ടുകാരില്‍നിന്നു വധഭീഷണിയുണ്ടായിരുന്നു. അതിനാല്‍, ചിലയിടങ്ങളില്‍ ഒളിച്ചുകഴിഞ്ഞു. കഴിഞ്ഞ മേയില്‍ പ്രണയയുടെ കുടുംബക്കാര്‍ ഇവരുടെ വിവാഹ സല്‍ക്കാരം സംഘടിപ്പിച്ചു. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പിതാവിന്റെ പക വര്‍ധിക്കുകയായിരുന്നു. വിവാഹ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതാണ് മാരുതി റാവുവിനെ ചൊടിപ്പിച്ചതെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാന്‍ അമൃതയുടെ പിതാവ് മാരുതി റാവു ഭരണകക്ഷിയായ ടി.ആര്‍.എസില്‍ ചേരുകയും ചെയ്തു.
പ്രണയ് ക്ക് നീതി കിട്ടണം എന്ന ആവശ്യത്തില്‍ അമൃത ഒരു ഓണ്‍ലൈന്‍ പ്രചരണത്തിന് തുടക്കം ഇട്ടിട്ടുണ്ട്. പിതാവിനും അമ്മാവനും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം എന്നതാണ് അമൃതയുടെ ആഗ്രഹം. ഇനി പ്രണയ് യുടെ മാതാപിതാക്കള്‍ക്കൊപ്പം കഴിയാനാണ് തീരുമാനം.
from mangalam.com https://ift.tt/2xm1NH8
via IFTTT
No comments:
Post a Comment