പ്രളയത്തിന്റെ ആഘാതവും നാശനഷ്ടങ്ങളും ആരു വിലയിരുത്തുമെന്നതിനെച്ചൊല്ലിയും തർക്കം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെയും കേന്ദ്ര സർക്കാരിന്റെ നോഡൽ ഏജൻസികളെയും മറികടന്ന് വിവിധ വകുപ്പുകളെയും ഏജൻസികളെയും ചുമതലപ്പെടുത്തുന്നതിൽ എതിർപ്പുമായി റവന്യൂവകുപ്പ് രംഗത്തെത്തി. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കേന്ദ്ര ജലക്കമ്മിഷൻ എന്നീ നോഡൽ ഏജൻസികളെ മാത്രമേ ചുമതലപ്പെടുത്താവൂവെന്ന് ആവശ്യപ്പെട്ട് റവന്യൂവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഈ ഏജൻസികൾ ഇപ്പോൾ സംസ്ഥാനത്ത് നടത്തുന്ന പഠനങ്ങൾ വേഗത്തിലാക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു. പ്രളയത്തിന്റെയും ഉരുൾപൊട്ടലിന്റെയും ആഘാതത്തെക്കുറിച്ചും പ്രളയമെത്തിയ വഴികളെക്കുറിച്ചും വിവിധ ഏജൻസികളെ ഏകോപിപ്പിച്ച് പഠിക്കാൻ ആസൂത്രണബോർഡ് തയ്യാറായിട്ടുണ്ട്. കഴിഞ്ഞദിവസം വിവിധ വകുപ്പുകളുടെയും ഗവേഷണസ്ഥാപനങ്ങളുടെയും യോഗം ബോർഡ് വിളിച്ചിരുന്നു. ഗവേഷണസ്ഥാപനങ്ങളും വിദേശ ഏജൻസികളും സർവകലാശാലകളുമൊക്കെ പ്രളയത്തെക്കുറിച്ച് പഠിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. ഒട്ടേറെ ഏജൻസികളും വകുപ്പുകളും പഠിക്കാനിറങ്ങുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് റവന്യൂവകുപ്പിന്റെ കത്തിൽ പറയുന്നു. സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കാൻ ഇത് തടസ്സമാവും. മറ്റ് ഏജൻസികളെ ചുമതലപ്പെടുത്തിയാലും നോഡൽ ഏജൻസികളുമായി ചർച്ച നടത്തിയശേഷമേ ശുപാർശകളും നിർദേശങ്ങളും അംഗീകരിക്കാവൂ. ദേശീയദുരന്ത ലഘൂകരണ പദ്ധതിയനുസരിച്ച് ഉരുൾപൊട്ടലിനെക്കുറിച്ച് പഠിക്കേണ്ടത് കേന്ദ്ര നോഡൽ ഏജൻസിയായ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(ജി.എസ്.ഐ.)യാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ട പ്രകാരം കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ ജി.എസ്.ഐ. പഠിക്കുന്നുണ്ട്. ഇതിന്റെ ഭൂപടം 2020-ൽ പൂർത്തിയാക്കും. ഇത് ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സംസ്ഥാനം ആവശ്യപ്പെടണം. ജി.ഐ.എസിന്റെ ഭൂപടങ്ങൾക്ക് മാത്രമേ ദുരന്തലഘൂകരണ നിയമപ്രകാരം സാധുതയുള്ളൂ. പ്രളയഭൂപടം രൂപപ്പെടുത്താനുള്ള നോഡൽ ഏജൻസി കേന്ദ്ര ജലക്കമ്മിഷനാണ്. വെള്ളം പൊങ്ങിയ പ്രദേശങ്ങൾ ജൂൺ മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ ദേശീയ റിമോട്ട് സെൻസിങ് അതോറിറ്റി അടയാളപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആവശ്യപ്രകാരമാണിത്. വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളുടെ വ്യക്തമായ വിവരങ്ങൾ ശേഖരിക്കാൻ പുതുസംരംഭകരുമായിച്ചേർന്ന് അതോറിറ്റി പ്രവർത്തിക്കുന്നുണ്ട്. ഇത് കേന്ദ്ര ജലക്കമ്മിഷന്റെ ഡേറ്റയുമായി ഒത്തുനോക്കി പ്രസിദ്ധീകരിക്കും. പ്രളയഭൂപടം നിർമിക്കാനുള്ള കേന്ദ്ര ജലക്കമ്മിഷന്റെ പ്രാദേശിക സമിതി ഈ മാസം പത്തിനകം വിളിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. സർക്കാർ ഓഫീസുകളിൽ പ്രളയത്തിന്റെ അടയാളഫലകം പ്രദർശിപ്പിക്കണം വെള്ളപ്പൊക്കത്തിലായ എല്ലാ സർക്കാർ ഓഫീസുകളിലും തദ്ദേശഭരണ സ്ഥാപനങ്ങളിലും പ്രളയജലനിരപ്പ് അടയാളപ്പെടുത്തുന്ന ഫലകങ്ങൾ പൊതുജനം കാണക്കത്തക്കവിധം പ്രദർശിപ്പിക്കണമെന്ന് റവന്യൂവകുപ്പ് നിർദേശിച്ചു. ഇത് രണ്ടാഴ്ചയ്ക്കകം വേണം. ആ കെട്ടിടത്തിൽ പരമാവധി വെള്ളമുയർന്ന ഉയരത്തിൽ വേണം ഫലകം സ്ഥാപിക്കാൻ. തറനിരപ്പിൽനിന്ന് എത്ര മീറ്റർ ഉയരത്തിൽ വെള്ളം പൊങ്ങിയെന്നും എന്നാണ് പ്രളയമുണ്ടായതെന്നും ഫലകത്തിൽ എഴുതിയിരിക്കണം.
from mathrubhumi.latestnews.rssfeed https://ift.tt/2wM71uW
via
IFTTT
No comments:
Post a Comment