ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൈലാസ് മാനസസരോവർ യാത്രയ്ക്കിടെ ചിക്കൻ സൂപ്പ് കഴിച്ചെന്ന ബി.ജെ.പി ആരോപണത്തിൽ വിശദീകരണവുമായി ഹോട്ടൽ അധികൃതർ രംഗത്തെത്തി. രാഹുൽ ഗാന്ധി തങ്ങളുടെ സ്ഥാപനത്തിൽ നിന്നും വെജിറ്റേറിയൻ ഭക്ഷണം മാത്രമാണ് കഴിച്ചതെന്നും രാഹുൽ നോൺവെജ് കഴിച്ചുവെന്ന് തങ്ങൾ ആരോടും പറഞ്ഞിട്ടില്ലെന്നും ഹോട്ടൽ തങ്ങളുടെ ഫെയ്സ്ബുക്ക് പേജ് വഴി വ്യക്തമാക്കി. ഹോട്ടലിലെ വെജിറ്റേറിയൻ വിഭവങ്ങളുടെ ഫോട്ടോയടക്കമാണ് പോസ്റ്റ്. മാനസരോവർ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ചിക്കൻ സൂപ്പ് കഴിച്ചുവെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. രാഹുൽ ഭക്ഷണം കഴിച്ച നേപ്പാളിലെ കാഠ്മണ്ഡുവിലെ ഹോട്ടൽ ജീവനക്കാരനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മാനസരോവർ യാത്രയിൽ മാംസാഹാരം കഴിച്ച് രാഹുൽ ഗാന്ധി ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നുമായിരുന്നു ബി.ജെ.പിയുടെ ആരോപണം. കഴിഞ്ഞ മാസം 31ന് കാഠ്മണ്ഡുവിലെത്തിയ രാഹുൽ വൂട്ടൂ എന്ന ഹോട്ടലിലാണ് അത്താഴ ഭക്ഷണം കഴിക്കാനെത്തിയത്. സെലിബ്രിറ്റി ആയതിനാൽ നേപ്പാളിലെ പ്രാദേശിക മാധ്യമങ്ങൾ രാഹുൽ ഗാന്ധി എന്താണ് കഴിച്ചതെന്ന് ഹോട്ടലുകാരോട് ചോദിക്കുകയും നവാരി ഭക്ഷണമാണ് കഴിച്ചതെന്ന് ഹോട്ടൽ വെയിറ്റർ പറയുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെ സന്ദർശനം സന്തോഷം നൽകിയെന്ന് കാണിച്ച് വൂട്ടൂ ഫെയ്സ്ബുക്കിൽ രാഹുലിന്റെ ഫോട്ടോയടക്കം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ രാഹുൽ ചിക്കൻ കുർക്കുറെ കഴിച്ചെന്നും അതിഷ്ടപ്പെട്ട് രണ്ടാമതും വാങ്ങിയെന്നും വെയിറ്ററെ ഉദ്ധരിച്ച് റിപ്പോർട്ട് വന്നു. ഇത് ഇന്ത്യയിലെ ചില ടെലിവിഷൻ ചാനലുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഹോട്ടൽ വിശദീകരണവുമായി രംഗത്ത് വന്നത്. രാഹുലിന്റെ മാനസസരോവർ യാത്ര ചൈന വഴിയാണെന്നും ഇത് രാഹുലിന്റെ ചൈനീസ് ആഭിമുഖ്യമാണ് കാണിക്കുന്നതെന്നും പറഞ്ഞ് ബി.ജെ.പി ആരോപണമുന്നയിച്ചിരുന്നു. അതിന് ശേഷമാണ് ചിക്കൻ സൂപ്പുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2oHIG5B
via
IFTTT
No comments:
Post a Comment