ന്യൂഡൽഹി: പാകിസ്താനുമായുള്ള സമാധാന ചർച്ചകൾ ഇന്ത്യ ഉപേക്ഷിച്ചത് ജമ്മു-കശ്മീരിലെ ഇന്ത്യൻ പോലീസുദ്യോഗസ്ഥരുടെ വധത്തിൽ പാകിസ്താന് പങ്കുണ്ടെന്ന ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്നെന്ന് വാർത്ത. പാക് ചാര സംഘടനയായ ഐഎസ്ഐയുടെ സന്ദേശങ്ങൾ ചോർത്തിയതിൽ നിന്നാണ് പാകിസ്താന്റെ പങ്കിനെ കുറിച്ച് വിവരം ലഭിച്ചത്. മൂന്നു സ്പെഷ്യൽ പോലീസുദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയ ശേഷം വധിക്കുന്നതിനുള്ള നിർദേശങ്ങൾ തീവ്രവാദികൾക്ക് ഐഎസ്ഐ നൽകിയതായുള്ള വിവരം ലഭിച്ചതിനെ തുടർന്നാണ് പാകിസ്താനുമായി നടത്താൻ തീരുമാനിച്ച ചർച്ച ഇന്ത്യ വേണ്ടെന്നു വെച്ചത്. ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും തമ്മിൽ നടത്താനിരുന്ന കൂടിക്കാഴ്ചയാണ് ഉപേക്ഷിച്ചത്. ഐഎസ്ഐ നൽകിയ സന്ദേശങ്ങളിൽ വധിക്കപ്പെട്ട പോലീസുദ്യോഗസ്ഥരുടെ പേരുകൾ പരാമർശിച്ചിരുന്നു. അതു കൊണ്ടു തന്നെ ഇവരെ വധിക്കുന്നതിൽ പാകിസ്താന് നേരിട്ട് ബന്ധമുണ്ടെന്ന് മനസിലാക്കാൻ പ്രയാസമില്ല. മൂന്നു സ്പെഷ്യൽ പോലീസുദ്യോഗസ്ഥരുടെ മരണത്തിലാണ് നേരിട്ട് പാകിസ്താന് ബന്ധമുണ്ടെന്ന വിവരം ഇപ്പോൾ പുറത്തു വന്നത്. ചർച്ചയ്ക്ക് തയ്യാറെന്ന് വിവരം നൽകിയതിന് 24 മണിക്കൂറിനുള്ളിൽ ഇന്ത്യ ചർച്ച വേണ്ടെന്നു വെയ്ക്കുകയായിരുന്നു. ഇന്ത്യയുടെ തീരുമാനത്തെ ഖുറേഷി അപലപിച്ചു. ജൂലൈയിൽ നടന്ന സംഭവം ഉയർത്തിക്കാട്ടിയാണ് ഇന്ത്യ ചർച്ച വേണ്ടെന്നു വെച്ചതെന്ന് ഖുറൈഷി കുറ്റപ്പെടുത്തി. ശരിയായ നടപടിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ അവസാനം ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലി സമ്മേളനത്തിന്റെ ഭാഗമായുള്ള ഇരു രാജ്യങ്ങളുടേയും ചർച്ചയെ ഇത് കാര്യമായി ബാധിക്കുമെന്നും ഖുറേഷി പറഞ്ഞു. എന്നാൽ നിരാശാജനകമായ ചില ഘടകങ്ങൾ കാരണമാണ് ഇന്ത്യ ചർച്ച ഉപേക്ഷിച്ചതെന്ന് ഔദ്യാഗിക വിശദീകരണം നൽകി. കൂടാതെ ന്യൂയോർക്കിൽ നടക്കുന്ന സമ്മേളനത്തിൽ ഉഭയകക്ഷി ചർച്ച നടക്കുമെന്നും അതിനു ശേഷം കാര്യങ്ങൾ തീരുമാനിക്കാമെന്നുമാണ് ഇന്ത്യയുടെ നിലപാട്.
from mathrubhumi.latestnews.rssfeed https://ift.tt/2zowY63
via
IFTTT
No comments:
Post a Comment