ന്യൂഡൽഹി: പായ് വഞ്ചിയിലെ ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തിൽപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമിയുടെ പായ് വഞ്ചി കണ്ടെത്തി. ഇന്ത്യൻ നാവികസേനയുടെ പി-81 വിമാനമാണ് ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ അഭിലാഷിന്റെ പായ്വഞ്ചി കണ്ടെത്തിയത്. മരുന്നും ഭക്ഷണവും പായ് വഞ്ചിയിൽ എത്തിക്കാനാണ് ശ്രമം. ഓസ്ട്രേലിയൻ പ്രതിരോധവകുപ്പും ഇന്ത്യൻ നാവികസേനയുടെ രണ്ട് കപ്പലുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. പായ് വഞ്ചിക്കടുത്തേക്ക് ഇതുവരെയും ആർക്കും എത്താനായിട്ടില്ല. താൻ സുരക്ഷിതനാണെന്നും ബോട്ടിന്റെ ഉള്ളിൽ കിടക്കുയാണെന്നുമാണ് അഭിലാഷിൽ നിന്നും അവസാനമായി ലഭിച്ച സന്ദേശം. ശക്തമായ കാറ്റിൽ വഞ്ചിയുടെ പായകെട്ടുന്ന തൂണ് ഒടിഞ്ഞുവീണ് മുതുകിന് പരിക്കേറ്റ് എഴുന്നേൽക്കാൻ കഴിയാത്ത സ്ഥിതിയിലാണ് അഭിലാഷ്. എഴുന്നേറ്റ് നിൽക്കാനും നടക്കാനും കഴിയില്ലെന്നും സ്ട്രെച്ചർ വേണമെന്നും അഭിലാഷിന്റെ സന്ദേശത്തിൽ പറയുന്നുണ്ട്. എങ്കിലും ബോട്ടിനുള്ളിൽ സുരക്ഷിതനാണ്. പ്രധാന സാറ്റലൈറ്റ് ഫോൺ പ്രവർത്തിക്കുന്നില്ല. വൈബി 3 പോർട്ടബിൾ മെസേജിങ്യൂണിറ്റ് വഴിയാണ് സന്ദേശങ്ങൾ അയക്കുന്നത്. അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനുള്ള സാറ്റലൈറ്റ് ഫോണും വി.എച്ച്.എഫ് റേഡിയോയുമടക്കമുള്ള ഉപകരണങ്ങൾ എമർജൻസി ബാഗിലുണ്ട്. എന്നാൽ അതിനടുത്തേക്ക് അഭിലാഷിന് നീങ്ങാനാകുന്നില്ലെന്നാണ് വിവരം. എങ്ങനെയെങ്കിലും ഈ ബാഗ് എടുക്കാൻ ശ്രമിക്കണമെന്ന് ഗോൾഡൻ ഗ്ലോബ് റെയ്സ് അധികൃതർ അഭിലാഷിനെ അറിയിച്ചിട്ടുണ്ട്. ഈ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചെങ്കിൽ മാത്രമെ ഇന്ത്യയും ഓസ്ട്രേലിയയും അയച്ച രക്ഷാ വിമാനങ്ങൾ എത്തുമ്പോൾ വാർത്താവിനിമയം സാധ്യമാകു എന്നതാണ് അതിന് കാരണം. ഓസ്ട്രേലിയൻ റെസ്ക്യൂ കോ-ഓർഡിനേറ്റിങ് സെന്ററിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ രക്ഷാപ്രവർത്തനം. അഭിലാഷിനൊപ്പം മത്സരിക്കുന്ന ഐറിഷുകാരൻ ഗ്രെഗർ മക്ഗെക്കിനും സ്പാനീഷ് നാവികൻ ഉകു രാൺഡ്മായും അഭിലാഷിന് സമീപത്തേക്കെത്താൻ ശ്രമിക്കുന്നുണ്ട്ഗ്രെഗറിന്റെ വഞ്ചിക്കും തകരാറുണ്ട്. എങ്കിലും അദ്ദേഹം പരമാവധി ശ്രമിക്കുകയാണെന്ന് ഗോൾഡൻ ഗ്ലോബ് റെയ്സ് അധികൃതർ അറിയിച്ചു. നാവികസേനയിൽ കമാൻഡറാണ് മുപ്പത്തിയൊൻപതുകാരനായ അഭിലാഷ്. ഒറ്റയ്ക്ക്, ഒരിടത്തും നിർത്താതെ കടലിലൂടെ ലോകം ചുറ്റി, തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തുന്ന മത്സരമാണ് ഗോൾഡൻ ഗ്ലോബ്. ഇതിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഏക ഏഷ്യക്കാരനാണ് ഇദ്ദേഹം. ഓസ്ട്രേലിയയിലെ പെർത്തിൽനിന്ന് 3000 കിലോമീറ്റർ അകലെയാണ് അഭിലാഷ് അപകടത്തിൽപ്പെട്ടത്. 120 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റിൽ തിരമാല 14 മീറ്റർ വരെ ഉയർന്നു. ഓസ്ട്രേലിയൻ പ്രതിരോധവകുപ്പും ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഐ.എൻ.എസ്. സത്പുരയും പങ്കെടുക്കുന്നുണ്ട്. അഭിലാഷ് സംഘാടകർക്ക് സന്ദേശം അയച്ചപ്പോഴാണ് അപകടവിവരം പുറത്തറിഞ്ഞത്. കൊച്ചി കണ്ടനാട് സ്വദേശിയാണ് അഭിലാഷ്. ഒറ്റയ്ക്കൊരു പായ്വഞ്ചിയിൽ കടലിലൂടെ ഒരിടത്തും നിർത്താതെ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോഡിന് ഉടമയാണ്. ഗോൾഡൻ ഗ്ലോബ് പ്രയാണത്തിൽ മൂന്നാം സ്ഥാനത്തു നിൽക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. 84 ദിവസംകൊണ്ട് 19,444 കിലോമീറ്റർ അഭിലാഷ് പിന്നിട്ടിരുന്നു. ഗോൾഡൻ ഗ്ലോബ് റെയ്സ് (ജി.ജി.ആർ.) ഭ്രാന്തരുടെ സമുദ്രപ്രയാണം എന്നാണ് ഗോൾഡൻ ഗ്ലോബ് റെയ്സിന്റെ അപരനാമം. ഒരിടത്തും നിർത്താതെ, ഒറ്റയ്ക്ക് പായ്വഞ്ചിയിൽ ഉലകം ചുറ്റി പുറപ്പെട്ടിടത്ത് തിരിച്ചെത്തുക. അതും 50 കൊല്ലം പഴയ സാങ്കേതികവിദ്യകൾമാത്രം ഉപയോഗിച്ച്. ജി.പി.എസോ സാറ്റലൈറ്റ് ഫോണോ ഉപയോഗിച്ച് പുറത്തുനിന്ന് സഹായം തേടാൻ പാടില്ല. നാവികർക്ക് സാറ്റലൈറ്റ് ഫോൺ നൽകും. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള സന്ദർഭത്തിൽ മാത്രമേ ഇതുപയോഗിക്കാവൂ. ബ്രിട്ടീഷുകാരൻ സർ റോബിൻ നോക്സ് ജോൺസ്റ്റൺ 1968-ൽ ഒറ്റയ്ക്ക് നടത്തിയ സമുദ്രപ്രയാണത്തിന്റെ ഓർമയ്ക്കാണ് ജി.ജി.ആർ. നടത്തുന്നത്. ജൂലായ് ഒന്നിന് ഫ്രാൻസിലെ ലെ സാബ്ലേ ദൊലോൻ തുറമുഖത്തുനിന്നാണ് ജി.ജി.ആർ. തുടങ്ങിയത്. 2019 ഏപ്രിലിൽ ഇതേസ്ഥലത്താണ് മത്സരാർഥികൾ എത്തേണ്ടത്. അഭിലാഷടക്കം 18 പേരാണ് മത്സരിക്കുന്നത്. ഒരു വനിതയുമുണ്ട്. ഏഴുപേർ ഇതിനകം പിന്മാറി. പരിക്കേറ്റതോടെ അഭിലാഷും പുറത്താകും.
from mathrubhumi.latestnews.rssfeed https://ift.tt/2PXZukl
via
IFTTT
No comments:
Post a Comment