കൊച്ചി: പായ്വഞ്ചിയിലെ ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടത്തിൽപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ശക്തമായ കാറ്റിൽ പായ്വഞ്ചിയുടെ പായകെട്ടുന്ന തൂണ് ഒടിഞ്ഞുവീണ് മുതുകിന് പരിക്കേറ്റ് എഴുന്നേൽക്കാൻ കഴിയാത്ത സ്ഥിതിയിലാണെങ്കിലും അഭിലാഷ് സുരക്ഷിതനാണെന്ന സന്ദേശം ലഭിച്ചിട്ടുണ്ട്. നാവികസേനയിൽ കമാൻഡറാണ് മുപ്പത്തിയൊൻപതുകാരനായ അഭിലാഷ്. ഒറ്റയ്ക്ക്, ഒരിടത്തും നിർത്താതെ കടലിലൂടെ ലോകം ചുറ്റി, തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തുന്ന മത്സരമാണ് ഗോൾഡൻ ഗ്ലോബ്. ഇതിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഏക ഏഷ്യക്കാരനാണ് ഇദ്ദേഹം. ഓസ്ട്രേലിയയിലെ പെർത്തിൽനിന്ന് 3000 കിലോമീറ്റർ അകലെയാണ് അഭിലാഷ് അപകടത്തിൽപ്പെട്ടത്. 120 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റിൽ തിരമാല 14 മീറ്റർ വരെ ഉയർന്നു. വഞ്ചിയിലെ ജി.പി.എസ്. സംവിധാനവും സാറ്റലൈറ്റ് ഫോണും പ്രവർത്തനക്ഷമമാണ്. ഇവയിലെ സിഗ്നൽ പിന്തുടർന്ന് അഭിലാഷിനെ കണ്ടെത്താനാണ് ശ്രമം. ഓസ്ട്രേലിയൻ റെസ്ക്യൂ കോ-ഓർഡിനേറ്റിങ് സെന്ററിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. ഓസ്ട്രേലിയൻ പ്രതിരോധവകുപ്പും ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഐ.എൻ.എസ്. സത്പുരയും പങ്കെടുക്കുന്നുണ്ട്. വഞ്ചിയുടെ സ്ഥാനം കണ്ടെത്താൻ വ്യോമമാർഗവും ശ്രമം നടക്കുന്നുണ്ട്. െമഡിക്കൽ ഓഫീസറെ എത്തിക്കാനും ശ്രമിക്കുന്നുണ്ട്. അഭിലാഷ് സംഘാടകർക്ക് സന്ദേശം അയച്ചപ്പോഴാണ് അപകടവിവരം പുറത്തറിഞ്ഞത്. കൊച്ചി കണ്ടനാട് സ്വദേശിയാണ് അഭിലാഷ്. ഒറ്റയ്ക്കൊരു പായ്വഞ്ചിയിൽ കടലിലൂടെ ഒരിടത്തും നിർത്താതെ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോഡിന് ഉടമയാണ്. ഗോൾഡൻ ഗ്ലോബ് പ്രയാണത്തിൽ മൂന്നാം സ്ഥാനത്തു നിൽക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. 84 ദിവസംകൊണ്ട് 19,444 കിലോമീറ്റർ അഭിലാഷ് പിന്നിട്ടിരുന്നു. അഭിലാഷിനൊപ്പം മറ്റു രണ്ടു നാവികരുടെയും പായ്വഞ്ചികൾ അപകടത്തിൽപ്പെട്ടു. അയർലൻഡ് സ്വദേശി ഗ്രിഗർ മക്ഗുക്കിൻ, നെതർലൻഡ്സുകാരൻ മാർക് സ്ലാറ്റ്സ് എന്നിവരുടെ വഞ്ചികളാണ് കാറ്റിൽപ്പെട്ടത്. ഇവരും സുരക്ഷിതരാണെന്ന് മത്സരത്തിന്റെ സംഘാടകർ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവരോട് അഭിലാഷിനടുത്തേക്ക് നീങ്ങാൻ സംഘാടകർ നിർദേശിച്ചു. പ്രതികൂല കാലാവസ്ഥ തുടരുകയാണെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഗോൾഡൻ ഗ്ലോബ് റെയ്സ് (ജി.ജി.ആർ.) 'ഭ്രാന്തരുടെ സമുദ്രപ്രയാണം' എന്നാണ് ഗോൾഡൻ ഗ്ലോബ് റെയ്സിന്റെ അപരനാമം. ഒരിടത്തും നിർത്താതെ, ഒറ്റയ്ക്ക് പായ്വഞ്ചിയിൽ ഉലകം ചുറ്റി പുറപ്പെട്ടിടത്ത് തിരിച്ചെത്തുക. അതും 50 കൊല്ലം പഴയ സാങ്കേതികവിദ്യകൾമാത്രം ഉപയോഗിച്ച്. ജി.പി.എസോ സാറ്റലൈറ്റ് ഫോണോ ഉപയോഗിച്ച് പുറത്തുനിന്ന് സഹായം തേടാൻ പാടില്ല. നാവികർക്ക് സാറ്റലൈറ്റ് ഫോൺ നൽകും. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള സന്ദർഭത്തിൽ മാത്രമേ ഇതുപയോഗിക്കാവൂ. ബ്രിട്ടീഷുകാരൻ സർ റോബിൻ നോക്സ് ജോൺസ്റ്റൺ 1968-ൽ ഒറ്റയ്ക്ക് നടത്തിയ സമുദ്രപ്രയാണത്തിന്റെ ഓർമയ്ക്കാണ് ജി.ജി.ആർ. നടത്തുന്നത്. ജൂലായ് ഒന്നിന് ഫ്രാൻസിലെ ലെ സാബ്ലേ ദൊലോൻ തുറമുഖത്തുനിന്നാണ് ജി.ജി.ആർ. തുടങ്ങിയത്. 2019 ഏപ്രിലിൽ ഇതേസ്ഥലത്താണ് മത്സരാർഥികൾ എത്തേണ്ടത്. അഭിലാഷടക്കം 18 പേരാണ് മത്സരിക്കുന്നത്. ഒരു വനിതയുമുണ്ട്. ഏഴുപേർ ഇതിനകം പിന്മാറി. പരിക്കേറ്റതോടെ അഭിലാഷും പുറത്താകും.
from mathrubhumi.latestnews.rssfeed https://ift.tt/2PY9IRX
via
IFTTT
No comments:
Post a Comment