തിരുവനന്തപുരം: സാലറി ചലഞ്ചിന്റെ ഭാഗമായി പെൻഷൻകാരിൽനിന്ന് ഒരുമാസത്തെ പെൻഷൻ നിർബന്ധിച്ച് പിടിക്കില്ല. ഇഷ്ടമുള്ള തുക ഗഡുക്കളായി നല്കാം. ഇതിനായി അവരിൽനിന്ന് സമ്മതപത്രം വാങ്ങും. നൽകുന്ന തുകയും ഗഡുക്കളും വ്യക്തമാക്കി സമ്മതപത്രം ട്രഷറി ഡയറക്ടർക്കു നൽകണം. ഒരുമാസത്തെ പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്കു നൽകണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ നിർബന്ധം പിടിക്കില്ലെന്നും പെൻഷൻകാരുടെ സംഘടനകളുമായി നടത്തിയ ചർച്ചകൾക്കുശേഷം മന്ത്രി തോമസ് ഐസക് പറഞ്ഞു. ജീവനക്കാരെയും പെൻഷൻകാരെയും ഒരുപോലെ കാണുന്ന സമീപനം സർക്കാർ സ്വീകരിക്കില്ല. ഒരുമാസത്തെ പെൻഷൻ തുക ലഭിക്കുമെന്നാണു സർക്കാർ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഒരു മാസത്തെ പെൻഷൻ തുക നൽകാൻ എല്ലാവർക്കും കഴിയില്ലെന്നു ചില സംഘടനകൾ യോഗത്തിൽ അറിയിച്ചു. അതേസമയം, രണ്ടുമാസത്തെ പെൻഷൻ തുകവരെ നൽകാൻ തയ്യാറായവരുണ്ടെന്നും അവർ പറഞ്ഞു. ചിലർ ഇതിനോടകം തുക നൽകി.കുടിശ്ശികയായി ലഭിക്കാനുള്ള തുകയുടെ 50 ശതമാനം നല്കാൻ തയ്യാറാണെന്ന് കോളേജ് അധ്യാപകരായി വിരമിച്ചവരുടെ സംഘടനാ പ്രതിനിധികൾ പറഞ്ഞു. ഈ തുക വേഗത്തിൽ നൽകാനുള്ള നടപടി സ്വീകരിക്കാമെന്നു ധനമന്ത്രി അവർക്ക് ഉറപ്പുനല്കി.മുഴുവൻ പെൻഷൻ തുകയും നൽകാൻ എല്ലാവർക്കും കഴിയാത്ത സാഹചര്യമുള്ളതിനാൽ സർക്കാർ ആരെയും നിർബന്ധിക്കുന്നില്ലെന്ന്് പിന്നീട് മന്ത്രി വ്യക്തമാക്കി. സമ്മതപത്രം നൽകുന്നവരിൽനിന്ന് പെൻഷൻ തുക പിടിക്കുന്നത് സംബന്ധിച്ച് വ്യക്തമായ ഉത്തരവിറക്കുമെന്നും അദ്ദേഹം പറഞ്ഞു.പെൻഷൻകാരുടെ സംഭാവന സ്വീകരിക്കണമെന്ന് നേരത്തേ ട്രഷറി ഡയറക്ടർ സർക്കുലർ ഇറക്കിയിരുന്നു. പല പെൻഷൻകാരും പെൻഷൻതുക സംഭാവന ചെയ്യാൻ തയ്യാറാണെന്ന് ട്രഷറിയിലെത്തി അറിയിച്ച സാഹചര്യത്തിലായിരുന്നു ഇത്. ശനിയാഴ്ച നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഈ സർക്കുലർ പരിഷ്കരിക്കും.പെൻഷൻകാരുടെ സംഭാവന ജീവനക്കാരുടേതുപോലെ ട്രഷറി അക്കൗണ്ടിലേക്കാണു പോകുന്നത്. ഇതു പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഉൾപ്പെടുത്തും. എല്ലാ വിഭാഗങ്ങളും നൽകുന്ന തുക വ്യക്തമായി അറിയാനാണ് പ്രത്യേക അക്കൗണ്ട് രൂപവത്കരിക്കുന്നതെന്നും ധനമന്ത്രി അറിയിച്ചു.പ്രവാസി ചിട്ടി രണ്ടാഴ്ചയ്ക്കകം: പ്രവാസി ചിട്ടി രണ്ടാഴ്ചയ്ക്കകം ഔപചാരികമായി തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്. ആഘോഷമായ ഉദ്ഘാടനമുണ്ടാകില്ല. ഇതിനോടകം 10,000 പേർ ചിട്ടിയിൽ ചേർന്നു. കുറിലേലം ഓൺലൈനായി നടത്തും. ആദ്യമായാണ് ഓൺലൈൻ ലേലമെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്ക് സംബന്ധിച്ച് റിസർവ് ബാങ്കുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ട്.പ്രളയത്തിന്റെ സാഹചര്യമുണ്ടെങ്കിലും കിഫ്ബി പദ്ധതികളിൽ മാറ്റമുണ്ടാകില്ല. 20,000 കോടിയുടെ പദ്ധതികൾ ടെൻഡർ ഘട്ടത്തിലാണ്. ജി.എസ്.ടി.യിൽ അധിക സെസ് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റേത് ഉദാര സമീപനമാണ്. കോമ്പൻസേഷൻ പരിധിക്ക് പുറത്തായിരിക്കും ഈ നികുതിയെന്നതിനാൽ സംസ്ഥാനത്തിന് അധികനികുതി ലഭിക്കും. മറ്റു സംസ്ഥാനങ്ങൾക്കും ആവശ്യമുള്ളതിനാൽ ആരും ഇത് എതിർക്കാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2PRZWAA
via
IFTTT
No comments:
Post a Comment