പട്‌ന: സ്‌കൂളില്‍ കയറി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാലംഗ ക്രിമിനല്‍ സംഘത്തെ വിദ്യാര്‍ത്ഥികളും നാട്ടുകാരും നേരിട്ടു. ഇവരുടെ പ്രത്യാക്രമണത്തില്‍ മൂന്നു അക്രമികള്‍ കൊല്ലപ്പെട്ടു. ബിഹാറിലെ ബെഗുസാരായ് ജില്ലയിലാണ് ഒരു സ്‌കൂളില്‍ കയറി അക്രമികള്‍ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
ചൗരഹിയില്‍ പുതുതായി നിര്‍മ്മിച്ച സ്‌കൂളിലാണ് സംഭവം. വെളളിയാഴ്ച ക്ലാസ് മുറിയിലേക്ക് കടന്നുവന്ന അക്രമിസംഘം പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതു വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് തടയുകയും സംഘര്‍ഷത്തിനിടെ അക്രമികള്‍ കൊല്ലപ്പെടുകയുമായിരുന്നു.
രാവിലെ 10.30 ഓടെയാണ് രണ്ടു ബൈക്കുകളിലായി നാലു പേര്‍ പ്രൈമറി സ്‌കൂളില്‍ എത്തിയത്. പ്രധാന അധ്യാപികയായ നീമ കുമാരിയോട് പെണ്‍കുട്ടിയെ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ കുട്ടി അവധിയാണെന്നാണ് അവര്‍ മറുപടി പറഞ്ഞതോടെ അക്രമികള്‍ പിസ്റ്റല്‍ എടുത്ത് പ്രധാന അധ്യാപികയ്ക്ക് നേരെ ചൂണ്ടി. ഭയന്നുവിറച്ച അവര്‍ ബോധരഹിതയായി നിലത്തുവീണു. ഇതുകണ്ട അധ്യാപകരും വിദ്യാര്‍ത്ഥികളും നിലവിച്ചുകൊണ്ട് ഓടി.
ഇതുകേട്ട് സമീപത്തുള്ള പാടത്ത് നിന്നിരുന്ന കര്‍ഷകരും മറ്റ് പ്രദേശവാസികളും സ്‌കൂളിലേക്ക് ഓടിയെത്തി. ഇവര്‍ അക്രമികളെ തടഞ്ഞുവയ്ക്കുകയും ശരിക്കും പെരുമാറുകയുമായിരുന്നു. ഒരാള്‍ സംഭവസ്ഥലത്തും രണ്ടു പേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. സംഘര്‍ഷത്തിനിടെ ഒരു അക്രമി ഓടിരക്ഷപ്പെട്ടു.
സമസ്തിപുര്‍ സ്വദേശികളായ മുകേഷ് മഹ്‌തോ, ശ്യാം സിംഗ്, ഹിര സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊടുകുറ്റവാളി നാഗ്മണി മഹതോയുടെ സഹോദരനാണ് മുകേഷ് മഹ്‌തോ. നിരവധി കേസുകളില്‍ പ്രതിയുമാണ്. അടുത്തകാലത്താണ് ജയില്‍ മോചിതനായത്. കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ശ്യാംസിംഗ്. ഇവര്‍ എന്തിനാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് അറിയില്ലെന്ന് പോലീസ് പറയുന്നു.
എന്തായാലും 'നീതി' നടപ്പായതില്‍ സന്തോഷമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബിഹാറില്‍ ഈ വര്‍ഷം നടക്കുന്ന അഞ്ചാമത്തെ ആള്‍ക്കൂട്ടക്കൊലയായിരുന്നു ഇന്നലത്തേത്. ബെഗുസരായില്‍ നടക്കുന്ന രണ്ടാമത്തേതും. ഈ വര്‍ഷം ഓഗസ്റ്റ് വരെ 2055 പേരാണ് ബിഹാറില്‍ കൊല്ലപ്പെട്ടത്.
from mangalam.com https://ift.tt/2oReSni
via IFTTT
No comments:
Post a Comment