പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ , അസുഖം കാരണം താങ്കൾ അമേരിക്കയിൽ ചികിത്സയിലാണെന്നറിയാം. ഈ ഘട്ടത്തിൽ താങ്കളെ ശല്യപ്പെടുത്തുന്നതിൽ ഔചിത്യക്കുറവുണ്ടെന്നുമറിയാം. പക്ഷേ, ഇക്കാര്യം താങ്കളുടെ ശ്രദ്ധയിൽ പെടുത്തുന്നില്ലെങ്കിൽ ഒരു പത്രപ്രവർത്തകനെന്ന നിലയിലുള്ള കടമ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുപോവും എന്നു കരുതുന്നതുകൊണ്ടാണ് ഈ കുറിപ്പ്. അനിതരസാധാരണമായ പ്രളയ ദുരന്തമാണ് കേരളം നേരിട്ടത്. അതിന്റെ ആഘാതത്തിൽ നിന്ന് ഇനിയും ജനങ്ങൾ മുക്തരായിട്ടില്ല. ജീവിക്കാനുള്ള ഇച്ഛാശക്തിയും സുമനസ്സുകളുടെ സഹായവും ഒന്നുകൊണ്ടു മാത്രമാണ് ഈ ദിനങ്ങളിൽ കേരളീയർ പിടിച്ചു നിന്നത്. ദുരന്തത്തെ നേരിടുന്നതിൽ താങ്കൾ പ്രകടിപ്പിച്ച നേതൃശേഷി തീർച്ചയായും പ്രശംസനീയമായിരുന്നു. ദുരന്ത നിവാരണ പ്രക്രിയകൾ മുന്നോട്ടുപോകുന്നതിനിടയിലാണ് ശാരീരിക പ്രശ്നങ്ങൾ നിമിത്തം താങ്കൾക്ക് മാറി നിൽക്കേണ്ടി വന്നത്. താങ്കൾ ആരോഗ്യം വീണ്ടെടുത്ത് എത്രയും പെട്ടെന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ് ഞങ്ങളെല്ലാവരും തന്നെ. ഇന്നിപ്പോൾ പ്രളയ ബാധിതർ പക്ഷേ, കേരള സർക്കാരിന്റെ ഒരു തീരുമാനം കാരണം മറ്റൊരു ദുരിതക്കയത്തിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുകയാണ്. പ്രളയ ബാധിതർക്ക് പ്രാഥമിക ധനഹായമായി പ്രഖ്യാപിച്ചിരുന്ന പതിനായിരം രൂപ ഇനിയും കിട്ടാത്ത നിരവധി പേരുണ്ട്. വില്ലേജ് തലത്തിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിൽ രൂപം നൽകിയ പട്ടികയിലുള്ളവർക്കാണ് ഈ ധനഹായം. ആധാർ, ബാങ്ക് അക്കൗണ്ട് എന്നീ വിവരങ്ങൾ ശേഖരിച്ച ശേഷം സർക്കാർ ധനസഹായ വിതരണം തുടങ്ങുകയും ചെയ്തു. ഒട്ടേറെപ്പേർക്ക് ഈ സഹായം കിട്ടുകയും ചെയ്തു. പക്ഷേ, കിട്ടാതെ പോയവർ സപ്തംബർ 19 മുതൽ എല്ലാ രേഖകളുമായി അതാത് വില്ലേജ് ഓഫീസുകളിൽ എത്തണമെന്ന സർക്കാർ തീരുമാനം മറ്റൊരു ദുരന്തമെന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ. ഈ കുറിപ്പെഴുതുമ്പോൾ കേരളത്തിലെ വിവിധ വില്ലേജ് ഓഫീസുകൾക്കു മുന്നിൽ ജനങ്ങൾ ക്യൂ നിൽക്കുകയാണ്. ഇനിയിപ്പോൾ എത്ര ദിവസം ഇതു പോലെ ക്യൂ നിൽക്കേണ്ടി വരുമെന്നും ആർക്കുമറിയില്ല. പ്രളയം കാരണം കഴിഞ്ഞ ഒരു മാസത്തിലേറെയായി ദുരിതം അനുഭവിക്കുന്നവരാണിവർ. പലരും ആഴ്ചകളോളം ഒരു പണിക്കും പോവാനാവാതെ വീടുകൾ വൂത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഓർക്കാപ്പുറത്ത് വന്ന പ്രളയത്തിൽ അടിസ്ഥാന രേഖകൾ ഉൾപ്പെടെ സർവ്വതും നഷ്ടപ്പെട്ടവരാണിവർ. ഇവരോട് ഇനിയും വില്ലേജ് ഓഫീസുകളിൽ വന്ന് ക്യൂ നിൽക്കണമെന്ന് പറയുന്നത് തികഞ്ഞ അസംബന്ധവും അന്യായവുമാണ്. ആധാർ നമ്പറും ബാങ്ക് അക്കൗണ്ടും കമ്പ്യൂട്ടറുകളിൽ രേഖപ്പെടുത്തിയപ്പോഴുണ്ടായ പിഴവാണ് ധനസഹായം കിട്ടാതാക്കിയതെന്നാണറിയുന്നത്. ഇത് ഉദ്യോഗസ്ഥ തലത്തിൽ എളുപ്പത്തിൽ പരിഹരിക്കാവുന്ന കാര്യമാണ്. ഇതിന് വീണ്ടും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാവില്ല. ജനങ്ങളെ ക്യൂ നിർത്താതെ ഇത്തരം കാര്യങ്ങൾ പരിഹരിക്കുകമ്പോഴാണ് അത് യഥാർത്ഥ ദുരന്ത നിവാരണമാവുന്നത്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ താങ്കളുടെ സവിശേഷ ശ്രദ്ധ പതിയണമെന്ന് അഭ്യർത്ഥിക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2NkhcBM
via
IFTTT
No comments:
Post a Comment