പെര്‍ത്ത്: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണ മത്സരത്തില്‍ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ പായ്വഞ്ചി കണ്ടെത്തി. ഇന്ത്യന്‍ നാവികസേനയാണ് അഭിലാഷിന്റെ പായ്വഞ്ചി കണ്ടെത്തിയത്. നാവികസേനയ്ക്ക് അഭിലാഷിന്റെ സന്ദേശം ലഭിച്ചു. സ്ഥലത്ത് കനത്ത മഴ തുടരുകയാണ്. വഞ്ചിയിലെ തൂണ്‍ മറിഞ്ഞു വീണ് നടുവിന് പരിക്കു പറ്റി അനങ്ങാന്‍ പോലും കഴിയാത്ത നിലവയിലാണ് നാവികന്‍.
രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാവികസേനയുടെ പി81 വിമാനം മൗറീഷ്യസിലെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് വൈകാതെ അഭിലാഷിന്റെ അടുത്തേക്ക് തിരിക്കും. അടിയന്തര മരുന്നുകള്‍, ഭക്ഷണം എന്നിവ പായ് വഞ്ചിയിലെത്തിക്കുകയാണ് ലക്ഷ്യം. സംഘാടകരുമായി അഭിലാഷ് ടോമി ആശയവിനിമയം നടത്തി.
ഫ്രാന്‍സിലുള്ള റേസ് കണ്‍ട്രോള്‍ യൂണിറ്റുമായാണ് സന്ദേശങ്ങളിലൂടെ അഭിലാഷ് ടോമി ബന്ധപ്പെട്ടത്. ഈ സന്ദേശങ്ങള്‍ ഉടന്‍ തന്നെ ഓസ്ട്രേലിയയിലുള്ള സംയുക്ത രക്ഷാപ്രവര്‍ത്തന സംഘത്തിന് കൈമാറി. സ്വയം നീങ്ങാന്‍ സാധിക്കുന്നില്ലെന്നും സ്ട്രെച്ചര്‍ വേണമെന്ന് ആവശ്യപ്പെട്ടതായും നാവികസേനാ വക്താവ് ക്യാപ്റ്റന്‍ ഡി.കെ ശര്‍മ അറിയിച്ചു.നടുവിന് പരിക്കേറ്റിട്ടുള്ളതിനാല്‍ വഞ്ചിയിലുള്ള സാറ്റ്‌ലൈറ്റ് ഫോണ്‍ ഉള്‍പ്പെടുന്ന കിറ്റ് എടുക്കാന്‍ പോലും അഭിലാഷിനു കഴിഞ്ഞിട്ടില്ല.
പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ട് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തില്‍പ്പെട്ടത്. പായ്വഞ്ചിയുടെ തൂണ് തകര്‍ന്ന് മുതുകിന് ഗുരുത പരുക്കേറ്റിട്ടുണ്ടെന്ന് ഇന്നലെ അയച്ച സന്ദേശത്തില്‍ അഭിലാഷ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു ശേഷം അഭിലാഷുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.
ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്. അറ്റ്ലാന്റിക് സമുദ്രവും ഇന്ത്യന്‍ മഹാസമുദ്രവും സംഗമിക്കുന്ന പ്രതീക്ഷയുടെ മുനമ്പു പിന്നിട്ട് കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി 'തുരിയ', ഇന്ത്യന്‍ നാവികസേനയുടെ തട്ടകമായ ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയിരുന്നു.
അര നൂറ്റാണ്ട് മുമ്പുള്ള കടല്‍ പര്യവേക്ഷണ രീതികള്‍ മാത്രം ഉപയോഗിച്ചുള്ളതാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ്. ഏഴ് പേര്‍ ഇടയ്ക്കുവച്ച് പിന്മാറിയിരുന്നു. ഇപ്പോള്‍ അഭിലാഷ് ഉള്‍പ്പെടെ 11 പേരാണു മത്സരരംഗത്തുള്ളത്.
from mangalam.com https://ift.tt/2DnltzV
via IFTTT
No comments:
Post a Comment