കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. ജാമ്യഹര്‍ജി ഈ ഘട്ടത്തില്‍ പരിഗണിച്ചാല്‍ അത് വളരെ നേരത്തെയായി പോകുമെന്ന് കോടതി പരാമര്‍ശിച്ചു.
ബലാത്സംഗം നടന്നുവെന്ന് പറയുന്നതിന്റെ പിറ്റേന്ന് യാതൊരു ഭാവമാറ്റവുമില്ലാതെയാണ് ബിഷപ്പിനൊപ്പം കന്യാസ്ത്രീ ചടങ്ങില്‍ പങ്കെടുത്തതെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ ഉന്നയിച്ചു. കന്യാസ്ത്രീ സമൂഹത്തില്‍ ഉന്നത സ്ഥാനത്തിരുന്ന വ്യക്തിയായിരുന്നുവെന്നും അഭിഭാഷകന്‍ പറയുന്നു. ബിഷപ്പുമായി അക്കാലത്ത് കന്യാസ്ത്രീക്ക് പ്രശ്‌നമൊന്നുമില്ലായിരുന്നുവെന്ന് കാണിക്കാന്‍ സഹോദരിയുടെ കുടുംബത്തില്‍ നടന്ന സ്വകാര്യ ചടങ്ങിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. പരാതി കെട്ടിച്ചമച്ചതാണെന്നും കന്യാസ്ത്രീ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്‍ വാദിച്ചു.
അതേസമയം, ബിഷപ്പിന് ജാമ്യം നല്‍കരുതെന്നും ഉന്നത പദവിയില്‍ ഇരിക്കുന്ന ആളായതിനാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും പോലീസ് ചൂണ്ടിക്കാട്ടി. കന്യാസ്ത്രീ മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ 120 പേജുള്ള രഹസ്യമൊഴിയില്‍ പീഡനം സംബന്ധിച്ച് എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നും പോലീസ് അറിയിച്ചു. സാക്ഷികളായ ഏഴ് കന്യാസ്ത്രീകളുടെ മൊഴി കൂടി മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാകാനുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ ഇടപെട്ടത് ഉള്‍പ്പെടെ രണ്ട് കേസുകള്‍ കൂടി പരിഗണനയിലുണ്ട്. അതുകൊണ്ട് ഈ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ബിഷപ്പ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ആദ്യഘട്ടത്തില്‍ പരാതി നല്‍കാതിരുന്നതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
ഇരുഭാഗത്തിന്റെയും വാദങ്ങള്‍ വിശദമായി കേട്ട കോടതി ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് ( ഒക്‌ടോബര്‍ മൂന്ന്) മാറ്റിവയ്ക്കുകയായിരുന്നു.
from mangalam.com https://ift.tt/2NI8nlI
via IFTTT
No comments:
Post a Comment