കൊണ്ടോട്ടി: വരന്റെ സഹോദരൻ പണം നൽകാനുണ്ടെന്ന് പറഞ്ഞ് വ്യാജബോംബ് കാണിച്ച് വിവാഹസംഘത്തിലെ സ്ത്രീകളുൾപ്പടെയുള്ളവരെ നടുറോഡിൽ കാർ തടഞ്ഞുനിർത്തി അക്രമിച്ച ക്വട്ടേഷൻസംഘം അറസ്റ്റിൽ. ആലുവ മാറംപള്ളി തോണിപ്പറമ്പിൽ ജംഷാബ് (23), കാക്കനാട് തൃക്കാക്കര കാളബാട്ട് ആദർശ് (19), പറവൂർ സ്രാമ്പിക്കൽ മനു ആന്റണി (19) എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റുചെയ്തത്.ക്വട്ടേഷൻ നൽകിയ മോങ്ങം സ്വദേശി നിയാസിനെ പോലീസ് തിരയുന്നുണ്ട്. മോങ്ങം കുയിലിക്കുന്നിൽ ഞായാറാഴ്ച രാവിലെയാണ് അക്രമം നടന്നത്. മോങ്ങം സ്വദേശിയായ സി.കെ. നിയാസ് നൽകാനുള്ള രണ്ടു ലക്ഷം രൂപയ്ക്കുവേണ്ടിയാണ് പ്രതിയായ നിയാസ് എറണാകുളത്തുള്ള സംഘത്തിന് ക്വട്ടേഷൻ നൽകിയത്. സി.കെ. നിയാസിന്റെ സഹോദരന്റെ വിവാഹമായിരുന്നു ഞായറാഴ്ച. വീട്ടിൽനിന്ന് കുടുംബം ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങിയ സമയത്താണ് കാറിലും ബൈക്കിലുമെത്തിയ സംഘം വാഹനം തടഞ്ഞത്. സ്ത്രീകളേയുംമറ്റും വലിച്ചിറക്കിയ സംഘം വ്യാജബോംബ് കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കല്ല് ടവ്വലിൽ പൊതിഞ്ഞ് ചണനാരുകൊണ്ട് ചുറ്റിവരിഞ്ഞാണ് വ്യാജ ബോംബ് നിർമിച്ചത്. സ്ത്രീകളുടെ ആഭരണങ്ങൾ പിടിച്ചു പറിക്കാനും ശ്രമം നടന്നു. ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്വട്ടേഷൻ സംഘത്തെ നാട്ടുകാർ തടഞ്ഞ് കൊണ്ടോട്ടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പ്രതികളെ അറസ്റ്റുചെയ്തു.ഒളിവിൽപ്പോയ നിയാസ് എന്നയാളാണ് തങ്ങൾക്ക് ക്വട്ടേഷൻ നൽകിയതെന്ന് പിടിയിലായവർ പോലീസിനോട് പറഞ്ഞു. വരന്റെ സഹോദരൻ സി.കെ. നിയാസ് പലരുമായി സാമ്പത്തിക ഇടപാടുണ്ടെന്നും നിരവധി കേസുകൾ ഇയാൾക്കെതിരേയുണ്ടെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ യുവാക്കളെ മലപ്പുറം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. യുവാക്കൾ സഞ്ചരിച്ച നമ്പർ പ്ലേറ്റില്ലാത്ത ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2MiZrxt
via
IFTTT
No comments:
Post a Comment