തിരുവനന്തപുരം/ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനനടപടി പൂർത്തിയാകുന്നതിന് തൊട്ടുമുന്പ് പ്രവേശനം അനിശ്ചിതത്വത്തിലാക്കി സുപ്രീംകോടതിയുടെ സ്റ്റേ. നാല് സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനാനുമതിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഇതോടെ സംസ്ഥാനത്തെ മെഡിക്കൽ/ ഡെന്റൽ പ്രവേശനത്തിനുള്ള മോപ് അപ് കൗൺസലിങ് (തത്സമയ പ്രവേശനം) നിർത്തിെവച്ചു. മെഡിക്കൽ പ്രവേശനം മോഹിച്ച് രണ്ടുദിവസമായി തലസ്ഥാനത്ത് തങ്ങിയ ആയിരക്കണക്കിന് വിദ്യാർഥികൾ നിരാശരായി മടങ്ങി. സുപ്രീംകോടതിയുടെ അന്തിമവിധിക്ക് അനുസരിച്ചാകും തുടർനടപടി തീരുമാനിക്കുകയെന്ന് പ്രവേശനപരീക്ഷാ കമ്മിഷണർ പി.കെ. സുധീർബാബു പറഞ്ഞു. ഇതിനായി പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിക്കും. വ്യാഴാഴ്ച സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും. തൊടുപുഴ അൽ അസർ, ഡി.എം. വയനാട്, ഒറ്റപ്പാലം പി.കെ. ദാസ്, വർക്കല എസ്.ആർ. എന്നീ സ്വാശ്രയ കോളേജുകളിൽ 550 വിദ്യാർഥികളുടെ പ്രവേശനമാണ് ബുധനാഴ്ച സുപ്രീംകോടതി സ്റ്റേ ചെയ്തത്. മതിയായ സൗകര്യങ്ങൾ ഇല്ലെന്നുകാട്ടി ഈ കോളേജുകൾക്ക് ഇന്ത്യൻ മെഡിക്കൽകൗൺസിൽ അനുമതി നിഷേധിച്ചിരുന്നു. ആദ്യവട്ട കൗൺസലിങ്ങിന് നാലുകോളേജുകളെയും പരിഗണിച്ചുമില്ല. ഇതിനെതിരേ കോളജുകൾ ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവ് വാങ്ങി. ഇതോടെ ഈ കോളേജുകളെയും രണ്ടുദിവസമായി നടന്ന മോപ്പ് അപ്പ് കൗൺസലങ്ങിൽ (പ്രവേശന പരീക്ഷാകമ്മിഷണർ നടത്തുന്ന സ്പോട് അഡ്മിഷൻ) ഉൾപ്പെടുത്തി. ഈ കോളേജുകളിലെ 550 സീറ്റുകൾ ഉൾപ്പെടെ ഒഴിവുവന്ന 715 എം.ബി.ബി.എസ്. സീറ്റുകളിലേക്കും 599 ബി.ഡി.എസ്. സീറ്റുകളിലേക്കുമാണ് കൗൺസലിങ് നടന്നത്. ഇതിനിടെയാണ് ഈ കോളേജുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജി ബുധനാഴ്ച സുപ്രീംകോടതിക്ക് മുന്നിലെത്തിയത്. എന്നാൽ, കോടതി പിരിയാറായിട്ടും കേസ് പരിഗണിച്ചില്ല. കോളജുകളുടെ അഭിഭാഷകർ ഹർജി ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അൽപ്പനേരംമാത്രം വാദം കേട്ടശേഷം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. പ്രവേശനം പൂർത്തിയായതായി കോളജുകളും സംസ്ഥാന സർക്കാരും അറിയിച്ചപ്പോൾ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് അതൃപ്തിയറിയിച്ചു. അങ്ങനെയെങ്കിൽ വിദ്യാർഥികൾ പുറത്തുപോകേണ്ടിവരുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര വാക്കാൽ പരാമർശിച്ചു. എങ്ങനെ ബാധിക്കും * സുപ്രീംകോടതി വിധിയോടെ പ്രവേശന നടപടികൾ അപ്പാടെ തകിടംമറിഞ്ഞു. * സുപ്രീംകോടതി പ്രവേശനാനുമതി തടഞ്ഞ നാലു സ്വാശ്രയ കോളേജുകളിലേതടക്കം 68 സീറ്റുകൾ ഒഴികെയുള്ള മുഴുവൻ എം.ബി.ബി.എസ്. സീറ്റുകളിലേക്കും ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ പ്രവേശനം പൂർത്തിയാക്കിയിരുന്നു. * വ്യാഴാഴ്ച കോടതിവിധി നാലുകോളേജുകൾക്കും എതിരായാൽ പ്രവേശന പരീക്ഷാകമ്മിഷണർ രണ്ടുദിവസമായി നടത്തിയ പ്രവേശനം മുഴുവൻ റദ്ദാക്കേണ്ടിവരും. അതല്ലെങ്കിൽ ഒട്ടേറെ വിദ്യാർഥികളുടെ അവസരം നഷ്ടമാകുന്നസ്ഥിതിവരും. * മറ്റുകോളേജുകളിൽ പ്രവേശന സാധ്യതയുണ്ടായിരുന്ന വിദ്യാർഥികൾ ഈ നാലുകോളേജുകളിലേതിലെങ്കിലും പ്രവേശനം നേടിയിട്ടുണ്ടെങ്കിൽ അവരുടെ അവസരവും നഷ്ടമാകും. * ഡെന്റൽ പ്രവേശനത്തെയും ബാധിക്കും. പലവിദ്യാർഥികളും ഡെന്റൽ അടക്കം മറ്റുപല കോഴ്സുകളും ഉപേക്ഷിച്ചാണ് എം.ബി.ബി. എസ്. പ്രവേശനത്തിന് വന്നത്. അങ്ങനെ ഉപേക്ഷിക്കപ്പെട്ട ബി.ഡി. എസ്. സീറ്റുകൾ മോപ്പ് അപ്പ് വഴിതന്നെ നികത്തപ്പെടുകയും ചെയ്തിട്ടുണ്ട്. നാലുകോളേജുകളെ മാത്രമേ ബാധിക്കൂ സുപ്രീംകോടതി നടപടി നാല് സ്വാശ്രകോളേജുകളിൽ പ്രവേശനമെടുത്തവരെ മാത്രമേ ബാധിക്കൂ. ഇവർക്ക് മറ്റേതെങ്കിലും കോളേജിൽ പ്രവേശനത്തിന് സാധ്യതയുണ്ടായിരുന്നുവെങ്കിൽ മാത്രമാണ് പ്രശ്നം ഉയരുന്നത്. അത്തരത്തിൽ പ്രവേശനം നടന്നിട്ടില്ലെന്നാണ് വിലയിരുത്തൽ. നിലവിലെ സാഹചര്യം ഡെന്റൽ പ്രവേശനത്തെ ബാധിക്കും -രാജീവ് സദാനന്ദൻ, ആരോഗ്യസെക്രട്ടറി
from mathrubhumi.latestnews.rssfeed https://ift.tt/2Q9fgKo
via
IFTTT
No comments:
Post a Comment