പത്തനംതിട്ട: ശബരിമലയിൽ തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന പോലീസിന്റെ നിർദേശം ദേവസ്വം ബോർഡ് തള്ളി. തിരുപ്പതി മാതൃകയിലുള്ള ദർശനരീതി ശബരിമലയിൽ പ്രായോഗികമല്ലെന്ന് പ്രസിഡന്റ് എ. പദ്മകുമാർ പറഞ്ഞു. പമ്പയിലെ സാഹചര്യം പരിഗണിച്ച് സുരക്ഷാപരമായ ഒരുക്കങ്ങളും നിയന്ത്രണങ്ങളും പരിഗണിക്കാം. നിലയ്ക്കൽവരെ വാഹനയാത്ര പരിമിതപ്പെടുത്തിയതും പമ്പയിൽ കോൺക്രീറ്റ് നിർമിതികൾ വേണ്ടെന്നുവെച്ചതും ഇതിന്റെ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു. മുഴുവൻ അയ്യപ്പഭക്തരെയും നിലവിലുള്ള വെർച്വൽ ക്യൂ സമ്പ്രദായത്തിൽ കൊണ്ടുവരുന്നത് അടക്കമുള്ള നിർദേശങ്ങളാണ് പോലീസ് മുന്നോട്ടുവെച്ചത്. ദിവസം 20,000 മുതൽ 30,000 വരെ തീർഥാടകർക്കായി ദർശനം പരിമിതപ്പെടുത്തണമെന്ന നിർദേശവും അവർ വെയ്ക്കുന്നുണ്ട്. ബുക്കുചെയ്ത് സമയം നിശ്ചയിച്ച് എത്തുന്നതാണ് െവർച്വൽ ക്യൂവിലെ രീതി. എല്ലാവരും ഈ രീതിയിൽ എത്തണമെന്ന് ശഠിക്കാൻ കഴിയില്ലെന്ന് ബോർഡ് വ്യക്തമാക്കി. കഴിഞ്ഞ മകരവിളക്കുദിനത്തിൽ മാത്രം നാലുലക്ഷം അയ്യപ്പന്മാർ സന്നിധാനത്ത് എത്തിയെന്നാണ് കണക്ക്. തിരക്കേറുന്പോൾ പമ്പയിലും നിലയ്ക്കലും പോലീസ് നിയന്ത്രണമുണ്ട്. ഇത് കൂടുതൽ കാര്യക്ഷമമായി ചെയ്യാവുന്നതാണെന്ന് ബോർഡ് വ്യക്തമാക്കി. പകരം ചെയ്യാവുന്നത് * മാസപൂജയ്ക്ക് ദിവസം കൂട്ടുക. ഇത് തന്ത്രിയുടെയും മറ്റും അനുമതിയോടെ ചിട്ടപ്രകാരം നിശ്ചയിക്കാം. ആചാരം ലംഘിക്കാൻ പറ്റില്ല. *വനംവകുപ്പ് കൂടുതൽ സ്ഥലം അനുവദിച്ചാൽ തിരുപ്പതിമാതൃകയിൽ സൗകര്യം കൂട്ടാം. അയ്യപ്പന്മാരുടെ യാത്ര കൂടുതൽ ക്രമീകൃതമാക്കാം. * നിലയ്ക്കൽ ബേസ് ക്യാമ്പാക്കുക. ഇവിടെനിന്ന് പൊതുവാഹനം വഴി യാത്ര ക്രമീകരിക്കാം. സന്നിധാനത്തെ തിരക്ക് പരിഗണിച്ച് നിലയ്ക്കൽ-പമ്പ യാത്ര ക്രമീകരിക്കാം. * പമ്പയിൽ അനാവശ്യ നിർമിതികൾ ഇല്ലാതാകുന്നതോടെ കൂടുതൽ യാത്രാസൗകര്യം ഒരുക്കാം. പോലീസ് പറയുന്നത് പമ്പയിൽ പ്രളയനാശം ഉണ്ടായതിനാൽ നിയന്ത്രണം വേണം. പാലങ്ങൾക്കും കക്കൂസുകൾക്കും നാശമുണ്ടായി. മണ്ണിടിച്ചിലും പ്രശ്നമാണ്. ഓരോ ദിവസവും ദർശനത്തിനെത്തുന്ന അയ്യപ്പന്മാരുടെ വരവ് ബുക്കിങ് വഴി നിയന്ത്രിക്കുക. ഇതനുസരിച്ച് സന്നിധാനത്ത് നിയന്ത്രണം കൊണ്ടുവരാം. നിർദേശങ്ങൾ ഡി.ജി.പി. മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2Q0g0kY
via
IFTTT
No comments:
Post a Comment