പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിദേശസഹായം സ്വീകരിക്കാമോ എന്ന ചർച്ച നടക്കുമ്പോൾ 1924-ൽ (കൊല്ലവർഷം 1099) വെള്ളപ്പൊക്കമുണ്ടായപ്പോൾ തിരുവിതാംകൂറിന് വിദേശസഹായം ലഭിച്ചതായി ചരിത്രരേഖകൾ. ആഫ്രിക്കയിലെ കെനിയയിൽനിന്ന് 598 രൂപയും ശ്രീലങ്കയിലെ ജാഫ്നയിൽനിന്ന് 600 രൂപയും ലഭിച്ചു. സിലോണിൽനിന്ന് 350 രൂപയും സിങ്കപ്പൂരിൽനിന്ന് 255 രൂപയും മലേഷ്യയിൽനിന്ന് 10 രൂപയും കിട്ടി. 1924 ജൂലായിലാണ് തിരുവിതാംകൂറിൽ പ്രളയം ബാധിച്ചത്. ഇന്നത്തേതിന് സമാനമായിരുന്നു പ്രളയാനന്തര പ്രവർത്തനമെന്ന് പുരാരേഖാ വകുപ്പിലെ രേഖകൾ പറയുന്നു. ദി ട്രാവൻകൂർ ഫ്ളഡ് റിലീഫ് സെൻട്രൽ കമ്മിറ്റി രൂപവത്കരിച്ചായിരുന്നു പ്രവർത്തനം. 1924 ജൂലായ് 26-ന് വി.ജെ.ടി. ഹാളിൽ യോഗം ചേർന്നാണ് ഫണ്ട് ശേഖരണം തീരുമാനിച്ചത്. ഇതിന് 31 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയുമുണ്ടാക്കി. വ്യാപകമായ രീതിയിൽ പരസ്യം കൊടുത്തു. തിരുവിതാംകൂറിന്റെ പുനർനിർമാണത്തിന് സഹായിക്കാൻ പുറത്തുള്ള എല്ലാ സഹായമനസ്കരെയും നേരിട്ട് ബന്ധപ്പെട്ടു. പുറത്തു താമസിക്കുന്ന തിരുവിതാംകൂറുകാരായ പ്രമുഖർക്ക് സഹായമഭ്യർഥിച്ച് കത്തെഴുതി. ഇതിന് മൂന്ന് വകുപ്പ് സെക്രട്ടറിമാരെ നിയോഗിച്ചു. ബർമ, സിലോൺ എന്നിവിടങ്ങളിലെ പത്രങ്ങളിൽ പരസ്യം ചെയ്തു. ദുരിതാശ്വാസ പ്രവർത്തനത്തിന് വിദ്യാർഥികളായ വൊളന്റിയർമാർ വീടുവീടാന്തരം കയറിയിറങ്ങി ഫണ്ടും വസ്തുക്കളും ശേഖരിച്ചു. പ്രളയം ബാധിക്കാത്ത താലൂക്കുകളിലെ തഹസിൽദാർമാർ പ്രത്യേകയോഗം ചേർന്ന് ഫണ്ട് ശേഖരണം നടത്തി. സർക്കാർ വകുപ്പുകളിൽനിന്ന് ഫണ്ട് ശേഖരിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥർക്ക് ചുമതലയും നൽകി. അഞ്ചുരൂപയിൽ കൂടുതൽ നൽകുന്നവർക്ക് പ്രത്യേകം രസീത് നൽകി. ഒരു രൂപയിൽ കൂടുതൽ സംഭാവന നൽകുന്നവരുടെ പേരുകൾ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ പത്രങ്ങളുടെ പത്രാധിപൻമാർക്ക് സർക്കാർ കത്തും നൽകി. സംഭാവനകൾക്ക് 1924 ജൂലായ് 31-ന് ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രത്യേകം അക്കൗണ്ട് തുടങ്ങി. ദിവാൻ എ. ഗോവിന്ദപ്പിള്ളയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ലഭിച്ചത് 73,307 രൂപ അന്നത്തെ മഹാരാജാവ് ശ്രീമൂലം തിരുനാൾ ആദ്യയോഗത്തിൽ 5,000 രൂപ നൽകി ഫണ്ടുശേഖരണത്തിന് തുടക്കമിട്ടു. 2450 രൂപ യോഗത്തിൽ പിരിഞ്ഞുകിട്ടി. മദ്രാസ് സെൻട്രൽ ഫ്ലഡ് റിലീഫ് കമ്മിറ്റി നൽകിയ 6,000 രൂപയാണ് പുറമേനിന്നു വന്നതിൽ വലിയ സഹായം. 14,305 രൂപ പുറത്തുനിന്ന് പിരിഞ്ഞുകിട്ടി. വിദ്യാർഥികൾ 2,486 രൂപ പിരിച്ചു. 131 ചാക്ക് അരിയും രണ്ടായിരത്തിലധികം പേർക്ക് തുണിയും ഇവർ ശേഖരിച്ചു നൽകി. ആകെ ലഭിച്ചതിൽനിന്ന് 1925 നവംബർ 30 വരെ 71,803 രൂപ വിതരണം ചെയ്തു. ഫണ്ട് നൽകിയ ഓരോ താലൂക്കിന്റെയും പകുതികളുടെയും (വില്ലേജ്) പട്ടിക 1925 ഡിസംബറിൽ റീജന്റ് മഹാറാണി സേതുലക്ഷ്മീബായിക്ക് നൽകിയ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. കൃത്യമായ ഓഡിറ്റിങ്ങിന് വിധേയമാക്കിയാണ് ഫണ്ട് വിതരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2wB7kIN
via
IFTTT
No comments:
Post a Comment