കോഴിക്കോട്: രാജ്യത്തെ അമ്പത് കോടിയിലേറെ ജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ട ആയുഷ്മാൻ ഭാരത് ചികിത്സാ പദ്ധതി സംസ്ഥാന സർക്കാർ നടപ്പിലാക്കാത്തത് ഇതിന്റെ ക്രഡിറ്റ് മോദിക്ക് ലഭിക്കുമോ എന്ന ഭയം കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള. നിലവിലുള്ള ആർ.എസ്.ബി.വൈ പദ്ധതി പ്രകാരം 1250 രൂപ പ്രീമിയം അടച്ചാൽ 30,000 രൂപയുടെ ആനുകൂല്യമാണ് ലഭിക്കുന്നത്. എന്നാൽ 1110 രൂപയുടെ പ്രീമിയത്തിന് അഞ്ചുലക്ഷത്തിന്റെ ചികിത്സാ ആനുകൂല്യമാണ് ആയുഷ്മാൻ ഭാരതിന്റെ വാഗ്ദാനം. വൃക്കരോഗം അടക്കമുള്ളവർക്ക് വലിയ ആശ്വാസം ലഭിക്കുന്ന പദ്ധതിയാണിത്. ഇത് നടപ്പാക്കില്ല എന്ന് വാശിപിടിക്കാൻ എങ്ങനെ ധൈര്യം വന്നൂവെന്നും ശ്രീധരൻ പിള്ള ചോദിച്ചു. കോഴിക്കോട് പ്രസ്ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുഷ്മാൻ ഭാരത് വലിയ തട്ടിപ്പാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയ്ക്ക് അദ്ദേഹം തട്ടിപ്പുകാരനായത് കൊണ്ടാവാം അങ്ങനെ തോന്നുന്നതെന്നായിരുന്നു ശ്രീധരൻപിള്ളയുടെ മറുപടി. അതുകൊണ്ടാണ് ഇത്രയും നല്ലൊരു പദ്ധതി കേന്ദ്രസർക്കാർ മുന്നോട്ട് വെച്ചിട്ടും നടപ്പാക്കാൻ താൽപര്യമില്ലാത്തത്. അന്ധമായ രാഷ്ട്രീയ വിരോധം മാത്രമാണ് ഇതിന് കാരണം. പുനർചിന്തനത്തിന് സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി ബിജെപി മുന്നോട്ട് പോവുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. മൂന്ന് വൈദികർ ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട് എന്നത് സത്യമാണ്. ഇനിയും നിരവധി ആളുകൾ ബി.ജെ.പിയിലേക്ക് വരും നാളുകളിൽ എത്തും. ബിജെ.പിക്കെതിരെ ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്ക പരത്തിയുള്ള കോടിയേരി ബാലകൃഷ്ണന്റേയും രമേശ് ചെന്നിത്തലയുടേയുമെല്ലാം കുപ്രചരണം ഇനിയും വിലപ്പോവില്ല. ബി.ജെ.പിയുടെ സംസ്ഥാന കൗൺസിൽ 26,27 തീയതികളിൽ കൊച്ചിയിൽ നടക്കും. 27-ലെ പരിപാടി കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യുമെന്നും ശ്രീധരൻ പിള്ള അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2NFlLH2
via
IFTTT
No comments:
Post a Comment