ബ്ലൂവെയിൽ ഗെയിമിനുശേഷം ഭീതിപരത്തുന്ന 'മോമോ ചലഞ്ചി'നെതിരേ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര മാനവശേഷി മന്ത്രാലയം. കളിക്കുന്നവരെ മാനസികാഘാതത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന ഈ ഓൺലൈൻ ഗെയിം കുട്ടികൾക്കിടയിൽ പ്രചരിക്കാതിരിക്കാൻ മുൻകരുതലെടുക്കണമെന്നു മന്ത്രാലയം സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടു. സ്കൂളുകളിലും കോളേജുകളിലും ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പു നോട്ടീസ് ഇറക്കണം. യു.ജി.സി., സി.ബി.എസ്.ഇ., എ.ഐ.സി.ടി.ഇ. എന്നിവയും നോട്ടീസ് പുറപ്പെടുവിക്കും. സാമൂഹികമാധ്യമങ്ങളിൽ ഗെയിമിനെക്കുറിച്ചുള്ള വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. വാട്സാപ്പ് വഴിയാണു ഗെയിം പ്രധാനമായും പ്രചരിക്കുന്നതെന്നു മന്ത്രാലയം അണ്ടർ സെക്രട്ടറി രാജേഷ് സോളങ്കി പറഞ്ഞു. ഗെയിമിന്റെ അപകടസാധ്യത വിശദമാക്കിക്കൊണ്ട് ഐ.ടി. മന്ത്രാലയം നേരത്തേ മാനവശേഷി മന്ത്രാലയത്തിനു കത്തയച്ചിരുന്നു. എന്താണ് മോമോ ചലഞ്ച്? ബ്ലൂ വെയിലിനു സമാനമായി ആത്മഹത്യവരെയുള്ള അപകടകരമായ വെല്ലുവിളികളാണു മോമോയിലുമുള്ളത്. ഗെയിം കളിക്കാൻ ക്ഷണിച്ചുകൊണ്ടു വാട്സാപ്പ് അക്കൗണ്ടിലേക്ക് അപരിചിതമായ നമ്പറിൽനിന്നു വിളിവരുന്നതാണു തുടക്കം. വിദേശരാജ്യങ്ങളിലെ നമ്പറുകളിൽ നിന്നാണു വിളിയെത്തുക. തുടർന്നു സാഹസികമായ വെല്ലുവിളികൾ ഉപയോക്താവിനു നൽകിത്തുടങ്ങും. വെല്ലുവിളി സ്വീകരിക്കാത്തവരെ ഭീഷണിപ്പെടുത്തും. പുറത്തേക്കുതള്ളിയ കണ്ണുകളും നീണ്ട ചുണ്ടുകളുമുള്ള ഭീകരരൂപമാണു മോമോയുടേതായി സാമൂഹികമാധ്യമങ്ങളിലുള്ളത്. ജപ്പാനിലെ 'മദർ ബേർഡ്' എന്ന ശില്പത്തിന്റെ രൂപമാണിത്. അർജന്റീനയിൽ 12-കാരിയുടെ മരണത്തിനിടയാക്കിയത് മോമോ ആണെന്നു പോലീസ് സംശയിക്കുന്നു. മാതാപിതാക്കൾക്കു മുൻകരുതലെടുക്കാം *കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം സ്ഥിരമായി നിരീക്ഷിക്കുക. *ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കാൻ സഹായിക്കുന്ന സോഫ്റ്റ്വേറുകൾ മൊബൈൽ ഫോണിലും കംപ്യൂട്ടറിലും ഇൻസ്റ്റാൾ ചെയ്യുക. *അധ്യാപകരുമായി നിരന്തരം ആശയവിനിമയം പുലർത്തുക. *കുട്ടിയിൽ ഗെയിമിനെക്കുറിച്ച് ജിജ്ഞാസ വളർത്തുന്നരീതിയിൽ സംസാരിക്കരുത്. *കുട്ടിയുടെ ദൈനംദിനപ്രവർത്തനങ്ങൾ ചോദിച്ചറിയുക. *ദേഷ്യം, വിഷാദം, കൂട്ടുകാരിൽനിന്നും വീട്ടുകാരിൽ നിന്നുമുള്ള ഉൾവലിയൽ എന്നിവ കണ്ടാൽ ഉടനെ വിശദമായി അന്വേഷിക്കുക.
from mathrubhumi.latestnews.rssfeed https://ift.tt/2wZuREg
via
IFTTT
No comments:
Post a Comment