റിയാദ്: ജോലി ചെയ്യുന്ന കമ്പനിയിൽ കോടികളുടെ സാമ്പത്തികതിരിമറി നടത്തി തിരുവനന്തപുരം സ്വദേശിയായ പ്രവാസി ഒളിവിൽ പോയതായി പരാതി. നാലു വർഷമായി റിയാദിലെ മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ സൂപ്പർമാർക്കറ്റ് മാനേജരായിരുന്ന കഴക്കൂട്ടം ശാന്തിനഗർ 'സാഫല്യ'ത്തിൽ ഷിജു ജോസഫാണ് (42) സാമ്പത്തിക തിരിമറി നടത്തിയത്. 2.23 ദശലക്ഷം റിയാലിന്റെ (4.24 കോടി രൂപ) തട്ടിപ്പാണ് ഷിജു ജോലിയിലിരിക്കെ നടത്തിയതെന്ന് ലുലു അധികൃതർ സൗദിയിലെ ഇന്ത്യൻ എംബസിക്കും കേരള ഡി.ജി.പി., തിരുവനന്തപുരം കളക്ടർ, സിറ്റി പോലീസ് കമ്മിഷണർ തുടങ്ങിയവർക്കും നൽകിയ പരാതിയിൽ പറയുന്നു. ജോലിചെയ്യുന്ന സ്ഥാപനമറിയാതെ വിതരണക്കാരിൽനിന്നും വൻതോതിൽ സാധനങ്ങൾ നേരിട്ട് ഓർഡർ ചെയ്ത് മറിച്ചുവിൽക്കുന്ന രീതിയാണ് ഷിജു അവലംബിച്ചത്. ഇതിനായി സ്ഥാപനത്തിന്റെ പേരിൽ വ്യാജരേഖകളും സീലും മറ്റും തയ്യാറാക്കിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഇങ്ങനെ ഓർഡർചെയ്ത് വാങ്ങിയ സാധനങ്ങൾ പുറത്ത് മറിച്ചുവിറ്റ് ധനാപഹരണം നടത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സാധനങ്ങൾ വാങ്ങിയ വകയിൽ ബില്ലുകൾ അക്കൗണ്ട്സിൽ എത്തിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്താകുന്നത്. തട്ടിപ്പിന്റെ വിവരം പുറത്തുവരുന്നതിനു മുമ്പുതന്നെ എമർജൻസി ലീവിൽ ഷിജു നാട്ടിലേക്ക് മുങ്ങി. വീട്ടുകാരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ അവിടെ എത്തിയിട്ടില്ലെന്നറിഞ്ഞതിനെത്തുടർന്ന് കമ്പനി അധികൃതർ പരാതി നൽകുകയായിരുന്നു. ഷിജുവിനെ കണ്ടെത്താനുള്ള അന്വേഷണം കഴക്കൂട്ടം പോലീസ് ഊർജിതമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2Mj5Los
via
IFTTT
No comments:
Post a Comment