കൊച്ചി: പ്രളയക്കെടുതിയില്‍ നിന്നും കരകയറാനായി കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ ഫേസ്ബുക്ക് കുറിപ്പാണ് വൈറലാകുന്നത്. ശമ്പളം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകളും മറ്റും കൃത്യമായ രീതിയില്‍ അദ്ദേഹം പങ്കുവയ്ക്കുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ദിവസത്തെ ശമ്പളം കൊടുത്തു. ഇനിയും ശമ്പളത്തില്‍ നിന്നും കൊടുക്കാന്‍ ബുദ്ധിമുട്ടാണ്. മാത്രമല്ല ശമ്പളത്തില്‍ നിന്നും ഒറു രൂപപോലും മുടക്കില്ലാതെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള മാര്‍ഗ്ഗവും സര്‍ക്കാര്‍ ജീവനക്കാര്‍ ഉമേഷ് വെള്ളിക്കുന്നെന്നയാളുടെ കുറിപ്പിലൂടെ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
വസ്തുത:
സര്‍ക്കാര്‍ ജോലി കിട്ടിയിട്ട് ഡിസംബറില്‍ 15 വര്‍ഷം തികയും. മൂവായിരത്തി അമ്പത് രൂപയായിരുന്നു അന്ന് അടിസ്ഥാന ശമ്പളം. ഇന്നിപ്പോഴത് മുപ്പത്തിമൂവായിരത്തി ഒരുനൂറ് രൂപയാണ്.
മിക്ക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെന്നത് പോലെ ലോണുകളുണ്ട്. പിടിക്കാനുള്ളതൊക്കെ പിടിച്ചു വരുമ്പോള്‍ ചില മാസം മൈനസ് പോലും ആവാറുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ദിവസത്തെ ശമ്പളം ആദ്യമേ കൊടുത്തു. ശമ്പളത്തില്‍ നിന്ന് ഇനിയും കൊടുക്കുകയെന്നത് ബുദ്ധിമുട്ടാണ്. പത്തുമാസം കൊണ്ടായാല്‍ പോലും. പക്ഷേ,
ചിന്ത ഒന്ന്:
എന്റെ സാമ്പത്തിക പ്രയാസങ്ങളില്‍ സര്‍ക്കാരിനോ, പൊതുജനങ്ങള്‍ക്കോ എന്തെകിലും ഉത്തരവാദിത്തം ഉണ്ടോ?
സര്‍ക്കാര്‍ കൃത്യം ശമ്പളം കൃത്യം ഒന്നാം തീയ്യതി തരുന്നുണ്ടല്ലോ. ലോണുകളെടുത്തത് എന്റെ മാത്രം ആവശ്യങ്ങള്‍ക്കല്ലേ? നാട് നന്നാക്കാനോ, സര്‍ക്കാരിനെ സേവിക്കാനോ അല്ലല്ലോ. പത്തോ ഇരുപതോ മുപ്പതോ ആയിരങ്ങള്‍ മാസം തോറും ലോണടക്കുന്നുണ്ടെങ്കില്‍ അത് ആ തുകയുടെ അമ്പതോ അറുപതോ നൂറോ ഇരട്ടി തുക പണ്ടേ ഞാന്‍ വാങ്ങിയതുകൊണ്ടല്ലേ? സര്‍ക്കാര്‍ മാസം തോറും ശമ്പളം കൃത്യമായി തരും എന്നുറപ്പു കൊടുത്തത് കൊണ്ടല്ലേ സൊസൈറ്റിയായാലും ബാങ്കായാലൂം കടം തന്നത്? ആ തുക കൊണ്ടു സ്ഥലം വാങ്ങുകയോ വീട് വെക്കുകയോ ചെയ്തിട്ടുണ്ടാവില്ലേ? ഇല്ലെങ്കില്‍ കല്യാണങ്ങള്‍ തരക്കേടില്ലാത്ത വിധം നടത്തിയിട്ടുണ്ടാവില്ലേ? വലിയ പലിശയുള്ള ഏതെങ്കിലും കടം തീര്‍ത്തിട്ടുണ്ടാവില്ലേ? ആശുപത്രിയിലെ ബില്ലടച്ചിട്ടുണ്ടാവില്ലേ? കൊള്ളാവുന്നൊരു വണ്ടി വാങ്ങിയിട്ടുണ്ടാവില്ലേ? അപ്പോള്‍ പിന്നെ ഈ കടം വീട്ടേണ്ടത് ഞാന്‍ മാത്രമല്ലേ? അതിന്റെ പ്രാരാബ്ധങ്ങള്‍ നാട്ടുകാരോടും സര്‍ക്കാരിനോടും പറയാന്‍ എനിക്കെന്തെങ്കിലും അവകാശമുണ്ടോ?
ചിന്ത രണ്ട് :
സര്‍ക്കാരഉദ്യോഗസ്ഥര്‍ക്ക് മാത്രമെന്താണ് പ്രത്യേകത? മറ്റുള്ളവരും കാശുണ്ടാക്കുന്നില്ലേ? പെയിന്റിങ് പണിക്കു പോകുന്ന നിസാറിനും ടൈല്‍സ് പണിക്കു പോകുന്ന വിവിലിനുമൊക്കെ മോശമല്ലാത്ത വരുമാനമില്ലേ? നജീബിന്റെ കടയിലൊക്കെ നല്ല കച്ചോടമില്ലേ? ജിയോ ജോസിന് തേയില പറിക്കാനും കുരുമുളക് വില്‍ക്കാനുമില്ലേ? പണക്കാരുടെ കാര്യമാണെങ്കില്‍ പറയാനുമില്ല.
മറുചിന്ത:
മഴ പെയ്താലോ വെള്ളം കേറിയാലോ നിസാറിനും വിവിലിനും പണിയുണ്ടാകുമോ? കച്ചോടമൊക്കെ കയറിയും ഇറങ്ങിയും കളിക്കുന്ന ഒരു സംഭവമല്ലേ? നോട്ടു നിരോധിച്ചപ്പോള്‍ പണിയില്ലാതെ/ കച്ചോടമില്ലാതെ പെട്ട് പോയ കഥ ഇപ്പോഴും പലരും പറയാറില്ലേ? അതില്‍ കടക്കെണിയിലായ ചങ്ങാതിമാരൊക്കെ നമ്മുടെ കൂടെത്തന്നെയില്ലേ? ഇരുന്നൂറ്റമ്പത് രൂപയുണ്ടായിരുന്ന കുരുമുളകിന് അറുപതു രൂപയായതും പതിനെട്ടു രൂപയുണ്ടായിരുന്ന ചപ്പിനു രണ്ടു രൂപയായതും ഞാനും കൂടി അനുഭവിച്ചറിഞ്ഞതല്ലേ? ഇക്കാലത്തെന്നെങ്കിലും എനിക്ക് സര്‍ക്കാര്‍ തരുന്ന ശമ്പളത്തില്‍ പത്തു പൈസ കുറഞ്ഞിട്ടുണ്ടോ? എല്ലാക്കൊല്ലവും ഇന്‍ക്രിമെന്റും ഇടക്കൊക്കെ ഡി.എ വര്‍ധനവും അല്ലാതെ കുറവ് എന്നൊരു സംഭവം ഉണ്ടായിട്ടുണ്ടോ? യാത്രപോകാനും ഉത്സവം/ കല്യാണം കൂടാനും ആശുപത്രിയില്‍ കിടന്നപ്പോഴും ലീവെടുത്തപ്പോള്‍ കാശൊന്നും കുറഞ്ഞിട്ടില്ലല്ലോ. ഇനിയിപ്പോ നിന്ന നില്‍പ്പില്‍ ഞാനങ്ങോട്ടു തട്ടിപ്പോയാലും മോള്‍ക്ക് ജോലിയും കൂലിയും സര്‍ക്കാര് കൊടുത്തോളൂലേ? മേല്‍പ്പറഞ്ഞ ആര്‍ക്കെങ്കിലും അങ്ങനൊരു സമാധാനമുണ്ടോ? എന്നിട്ടും അവരൊക്കെ കയ്യിലുള്ളത് തട്ടിക്കൂട്ടി ദുരിത ബാധിതര്‍ക്കൊപ്പം നിന്നില്ലേ?
പിന്നെ കേള്‍ക്കാറുള്ള ഒരു കാര്യം ഈ ഫേസ്ബുക്ക് പോസ്റ്റോക്കെയിട്ട് പണിപോയാലോ എന്നാണല്ലോ. സത്യത്തില്‍ അങ്ങനെ പണിയൊന്നും പോകില്ലെന്ന് (ഗുരുതരമായ കുറ്റകൃത്യങ്ങളൊന്നും ചെയ്യാത്തിടത്തോളം) നമുക്കറിയില്ലേ ? പിന്നെ കിട്ടാനുള്ളത് ട്രാന്‍സ്ഫറും സസ്‌പെന്‍ഷനുമൊക്കെയല്ലേ? അതൊക്കെ യാത്രചെയ്യാനും സ്ഥലം കാണാനും കൂടുതല്‍ മനുഷ്യന്മാരെ പരിചയപ്പെടാനും ഉള്ള സുവര്‍ണ്ണാവസരങ്ങളല്ലേ? ചിലപ്പോള്‍ ഇന്‍ക്രിമെന്റ് പോയേക്കാം. പണ്ട് മൂന്നാലു വട്ടം കാലൊടിഞ്ഞപ്പോള്‍ ബേബി മെമ്മോറിയലില്‍ പോകാതെ ബീച്ചാശുപത്രിയില്‍ പോയതോണ്ട് കിട്ടിയ ലക്ഷക്കണക്കിന് രൂപയുടെ ലാഭമുണ്ടല്ലോ, അതിലങ്ങ് അഡ്ജസ്റ്റ് ചെയ്താല്‍ പോരെ?
പ്രാക്ടിക്കല്‍ ചിന്ത വിത്ത് തീരുമാനം:
സമ്മതപത്രവും നിരാസപത്രവുമൊക്കെ വരുന്നതിനു മുന്‍പ് തന്നെ ഒരു മാസത്തെ ശമ്പളം കൊടുക്കാന്‍ ആഗ്രഹിച്ചിരുന്നു. പി. എഫില്‍ ആറുമാസം കൂടുമ്പോള്‍ ലോണെടുക്കാറുണ്ടെങ്കിലും നാല്പതിനായിരം രൂപയൊക്കെ എന്തായാലും അക്കൗണ്ടില്‍ കാണും, അതെടുത്തു കൊടുക്കാം എന്ന് വിചാരിച്ചിരുന്നു. ഇപ്പോഴിതാ സംഗതി അതിലേറെ എളുപ്പമാക്കി സര്‍ക്കാറുത്തരവ് വന്നിരിക്കുന്നു. ധാരാളം ഓപ്ഷന്‍സ്! ലീവ് കുറെയെണ്ണം അക്കൗണ്ടില്‍ കിടപ്പുണ്ട്. അടുത്ത വെള്ളപ്പൊക്കമോ സുനാമിയോ വന്നാല്‍, ഒരു ഹാര്‍ട്ടറ്റാക് വന്നാല്‍ ബാക്കിയുണ്ടാവുമൊന്നുറപ്പില്ലാത്ത ഞാന്‍ ലീവൊക്കെ കെട്ടിപ്പൂട്ടി വച്ചിട്ടെന്തു കാര്യം? ഇക്കൊല്ലത്തെ സറണ്ടര്‍ ഏപ്രിലില്‍ തന്നെ തീരുമാനമാക്കിയതാണ്. അതോണ്ട് ഒരു സറണ്ടറും കൂടി ചെയ്യാനുള്ള അപൂര്‍വ്വാവസരം കിട്ടിയ സ്ഥിതിക്ക് അതങ്ങു ചെയ്താല്‍ ഒരു ബാധ്യതയുമില്ലാതെ, ശമ്പളത്തില്‍ നിന്ന് അഞ്ചു പൈസ ചെലവില്ലാതെ, ഒരു പൈസ പോലും കീശയില്‍ നിന്നെടുത്തു കൊടുക്കാതെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസത്തിനു കൊടുക്കാം. വലിയ സംഭാവന ചെയ്യുന്നു എന്ന അഭിമാനത്തോടെയല്ല, അധികമായി കിട്ടുന്ന ആനുകൂല്യത്തില്‍ നിന്നൊരു തുള്ളി മാത്രം കൊടുക്കുന്നു എന്ന ആത്മനിന്ദയോടെ.. കമ്പിളി വില്‍ക്കാന്‍ വന്ന ആ മനുഷ്യന്റെയൊക്കെ ചെരുപ്പിന്റെ വാറഴിക്കാന്‍ അര്‍ഹതയില്ലെന്ന അപകര്‍ഷതയോടെ..
from mangalam.com https://ift.tt/2PHCoyv
via IFTTT
No comments:
Post a Comment