തിരുവനന്തപുരം: ശബരിമല അയ്യപ്പക്ഷേത്രത്തിനുമുന്നിൽനിന്ന് അന്ന് കെ.ബി. വത്സലകുമാരി പറഞ്ഞു- ''ദേഹശുദ്ധിയും മനഃശുദ്ധിയും ഉണ്ടെങ്കിൽ ഏത് സ്ത്രീക്കും ശബരിമലയിലെത്തി അയ്യപ്പനെ കാണാം.'' പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന വത്സലാകുമാരി 1994 ഡിസംബർ 13-ന് മാധ്യമപ്രവർത്തകരോടിത് പറയുമ്പോൾ പ്രായം 41. പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശന വിലക്കുള്ളപ്പോൾ കേരള ഹൈക്കോടതിയുടെ പ്രത്യേകാനുമതിയോടെ ശബരിമലയിലെത്തിയ ആദ്യ വനിതയാണ് അവർ. തീർഥാടകർക്കുവേണ്ടിയുള്ള സൗകര്യങ്ങൾ വിലയിരുത്താൻ സർക്കാർ ദൗത്യം നിയമപരമായി എറ്റെടുത്ത വനിത. ഇന്ന് ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കുമായി ശബരിമല ക്ഷേത്രം തുറന്നുകൊടുക്കാൻ സുപ്രീംകോടതി ഉത്തരവിടുമ്പോൾ കുടുംബശ്രീയുടെ എക്സിക്യുട്ടീവ് ഡയറക്ടർ സ്ഥാനത്തുനിന്ന് വിരമിച്ച് തിരുവനന്തപുരത്ത് സേവനപ്രവർത്തനവുമായി കഴിയുകയാണ് അവർ. ''അന്ന് പറഞ്ഞതിൽ മാറ്റമില്ല. ആർത്തവകാലത്ത് കേരളത്തിൽ ഒരു സ്ത്രീയും ക്ഷേത്രങ്ങളിൽ പോകാറില്ല. ദേഹശുദ്ധി എന്നുദ്ദേശിച്ചത് ആർത്തവകാലത്തെ ശുദ്ധിയെയാണ്. നിശ്ചിതദിവസങ്ങളായി സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രവേശനം അനുവദിക്കാം. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാവുന്നതേയുള്ളൂ.''- അവർ പറഞ്ഞു. അന്ന് പമ്പയിൽനിന്ന് കാൽനടയായി ഉദ്യോഗസ്ഥരോടൊപ്പം സന്നിധാനത്തുവന്ന് പതിനെട്ടാം പടിക്ക് സമീപംവരെയത്തി. സന്നിധാനം നടന്നുകണ്ട് അവിടുത്തെ ക്രമീകരണങ്ങൾ വിലയിരുത്തി. അതിന്റെ റിപ്പോർട്ട് പിന്നീട് കോടതിയിലും നൽകി. പത്തനംതിട്ട കളക്ടറായി ചമുതലയേറ്റ ശേഷം ശബരിമലയിലെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴാണ് അവിടം സന്ദർശിക്കണമെന്ന തോന്നലുണ്ടായത്. യാത്രയ്ക്ക് പോലീസ് സഹായം ചോദിച്ചപ്പോഴാണ് സ്ത്രീകൾക്ക് വിലക്കുള്ളതിനാൽ പ്രശ്നമാകുമെന്ന് ഒരു എസ്.ഐ. പറഞ്ഞത്. അതോടെ യാത്ര ഉപേക്ഷിച്ചു. കുടിവെള്ളത്തിൽ അപകടകരമാം വിധം മാലിന്യം കണ്ടെത്തിയെന്ന റിപ്പോർട്ടാണ് അവിടുത്തെ സ്ഥിതി നേരിൽക്കണ്ട് പഠിക്കണമെന്ന തോന്നലുണ്ടാക്കിയതും യാത്രയ്ക്ക് ഒരുങ്ങിയതും. അമ്പതിൽ താഴെയാണ് പ്രായം എന്നതിനാൽ പമ്പയ്ക്കപ്പുറത്തേക്ക് പോകാൻ തനിക്കാവില്ലെന്ന് അവർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പതിനെട്ടാം പടി ചവിട്ടില്ലെന്നും കോടതിയെ അവരറിയിച്ചു. പ്രായവിലക്കുള്ള സ്ത്രീകളെ ഒപ്പം കൊണ്ടുപോകരുതെന്നും പതിനെട്ടാംപടി കയറരുതെന്നുമുള്ള നിർദേശം പാലിച്ചാണ് അവർ മലകയറിയത്. ഒരു ഡിവൈ.എസ്.പി.യടക്കം 28 പോലീസുകാരുടെ സംരക്ഷണം. വത്സലാകുമാരി മുൻകൈയെടുത്താണ് ശബരിമല സാനിറ്റേഷൻ സൊസൈറ്റി രൂപവത്കരിച്ച് അയ്യപ്പസേവാസംഘം മുഖേന തമിഴ്നാട്ടിൽനിന്ന് ശുചീകരണത്തൊഴിലാളികളെ കൊണ്ടുവന്നത്. ഇത് ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി കളക്ടർക്ക് ഇതിനുള്ള പൂർണ സ്വാതന്ത്ര്യം നൽകി. അങ്ങനെ ശബരിമലയിൽ വത്സലാകുമാരിയുടെ ആദ്യയാത്ര ചരിത്രമായി. പിന്നീട് പലവട്ടം ശബരിമലയിലെത്തിയതായി അവർ പറയുന്നു. പക്ഷേ പതിനെട്ടാംപടി കയറിയത് പ്രായം അമ്പത് കടന്നശേഷം മാത്രം.
from mathrubhumi.latestnews.rssfeed https://ift.tt/2NRZRR9
via
IFTTT
No comments:
Post a Comment