കോട്ടയം: അസാധാരണമായ ഒരു വാർത്ത, അസാധാരണമായ ഒരു തുറന്നുപറച്ചിൽ, അസാധാരണമായ ഒരു സമരം. സമരത്തോടു മുഖം തിരിച്ച് സഭയും മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും. പീഡനത്തിന് ഇരയായ ഒരു സ്ത്രീക്കുവേണ്ടി നിസ്സഹായരായ അഞ്ച് കന്യാസ്ത്രീകൾ നടത്തിയ സമരം കണ്ടില്ലെന്നു നടിച്ച് പ്രഖ്യാപിത വനിതാ സംഘടനകൾ. സമരത്തെ ഒതുക്കാൻ അരയും തലയും മുറുക്കി വേട്ടക്കാരുടെ നിര. കന്യാസ്ത്രീയുടെമേൽ സ്വഭാവദൂഷ്യം വരെ ചാർത്തി ഒരു എം.എൽ.എ. നീതിക്കുവേണ്ടി പൊരുതുന്ന കന്യാസ്ത്രീകൾക്ക് പിന്തുണയുമായി പൊതുസമൂഹത്തിന്റെ വരവ്. മൂന്നു ദിവസം നീണ്ട ചോദ്യംചെയ്യൽ. അതും അസാധാരണം. അറസ്റ്റിനു മുമ്പ് സമരമുഖത്തിരുന്ന വനിതകളെ ഇകഴ്ത്തിക്കൊണ്ട് ഭരിക്കുന്ന പാർട്ടിയുടെ പൊതുപ്രസ്താവന. ഇന്ത്യയിൽ ആദ്യമായി ഒരു ബിഷപ്പിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ച സമരത്തിന് താത്കാലിക സമാപ്തി. ഇന്ത്യയിലെ ക്രൈസ്തവസഭകളുടെ ചരിത്രത്തിൽ ആദ്യമാണ് ഒരു ബിഷപ്പ് പീഡനക്കേസിൽ അറസ്റ്റിലാകുന്നത്. അതും കന്യാസ്ത്രീയെ പീഡിപ്പിച്ചതിന്. സാധാരണഗതിയിൽ സഭയിലുണ്ടാകുന്ന തർക്കങ്ങളും കേസുകളും അതിൽത്തന്നെ ഒത്തുതീരാറുണ്ട്. ഇവിടെ അതും നടന്നില്ല. നീതി കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് കന്യാസ്ത്രീകൾ കേരള ക്രിസ്ത്യൻ റിഫോർമേഷൻ മൂവ്മെന്റ്, ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ എന്നീ സംഘടനകളുടെ പിന്തുണയോടെ കൊച്ചിയിൽ പരസ്യമായ സമരമുഖം തുറന്നത്. പരാതിക്കാരിക്കൊപ്പമുള്ള അഞ്ച് കന്യാസ്ത്രീകൾ അവിടെ നിരാഹാരം തുടങ്ങി. രാജ്യത്ത് ഇതാദ്യം. രാജ്യം മുഴുവനും ഇതിന്റെ അലയൊലികളുയർന്നു. വൈദികരും കന്യാസ്ത്രീകളും വരെ പിന്തുണയുമായെത്തി. സമരത്തോട് മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ പുലർത്തിയ സമീപനം അവരുടെ ഇരട്ടമുഖം വെളിപ്പെടുത്തി. ചെറിയ പ്രശ്നങ്ങൾക്കുവേണ്ടിപോലും സമരം നടത്തുന്ന പാർട്ടികളുടെ നേതൃത്വം ആരെയോ ഭയന്നു. കർത്താവിന്റെ മണവാട്ടികളെ കണ്ടില്ലെന്നു നടിച്ചു. ഒറ്റപ്പെട്ട ചില നേതാക്കൾ മാത്രം പാർട്ടിയുടെ ചിന്താഗതികളെ മറികടന്നും കന്യാസ്ത്രീകളെ പിന്തുണച്ചു. സമരം കേരളത്തിന്റെ പൊതുസമൂഹം ഏറ്റെടുക്കുന്നതാണ് പിന്നെ കണ്ടത്. രാഷ്ട്രീയക്കാരുടെയും പേരും ആൾബലവുമുള്ള സംഘടനകളുടെയും പിന്തുണയില്ലെങ്കിലും സമരം നടത്താമെന്ന് തെളിഞ്ഞു. കേരളത്തിലെ മാധ്യമങ്ങൾ ഈ ജനകീയസമരത്തിന് നൽകിയ പിന്തുണയും ചരിത്രം. ജസ്റ്റിസ് കെമാൽപാഷയെപ്പോലുള്ളവർ സമരപ്പന്തലിൽ നേരിട്ടെത്തി ഊർജം പകർന്നു. സമാനമായ പരാതികൾ ഉയരുമ്പോൾ ഉചിതമായ നടപടിയെടുത്തില്ലെങ്കിൽ വലിയ അപമാനമാകുമെന്ന് വലിയ വിഭാഗം വിശ്വാസികൾ കരുതുന്നു. ചുരുക്കം ചിലർ ചെയ്യുന്ന തെറ്റുകൾക്കെതിരേ അപ്പോൾത്തന്നെ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. സഭാ ഭരണാധികാരികളിൽ ചിലർ നടത്തുന്ന പീഡനങ്ങളിൽ എന്ത് നടപടികൾ വേണമെന്ന് ആലോചിക്കാൻ ഫ്രാൻസിസ് മാർപാപ്പ നടത്താൻ പോകുന്ന യോഗം വലിയ മാറ്റങ്ങൾക്ക് ഇടയാക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
from mathrubhumi.latestnews.rssfeed https://ift.tt/2xwAsSB
via
IFTTT
No comments:
Post a Comment