കൊച്ചി: കാലാവസ്ഥാ വ്യതിയാനം പശ്ചിമഘട്ടത്തിൽ ഇനിയും ആഘാതങ്ങളുണ്ടായേക്കാമെന്ന് വിദഗ്ധാഭിപ്രായം. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല കാലാവസ്ഥാ പഠനവിഭാഗവും കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയും ചേർന്ന് സംഘടിപ്പിച്ച ശില്പശാലയിലാണ് ഈ അഭിപ്രായം. അറബിക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദം സംസ്ഥാനത്തെയാണ് ഇപ്പോൾ കൂടുതലായി ബാധിക്കുന്നത്. തീരസംരക്ഷണവും പശ്ചിമഘട്ട സംരക്ഷണവും അതിജാഗ്രതയോടെ അവിടത്തെ ജനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കണം. സംസ്ഥാനം സാക്ഷ്യംവഹിച്ച മഹാപ്രളയത്തിന് കാരണം പ്രകൃതി ചൂഷണവും ഡാം മാനേജുമെന്റിലുള്ള വീഴ്ചയും അശാസ്ത്രീയ നിർമാണങ്ങളുമാണ്. കാലാവസ്ഥയിലെ വ്യതിയാനങ്ങൾ സംബന്ധിച്ച് നൽകിയ മുന്നറിയിപ്പുകൾക്ക് കാര്യമായ പരിഗണന നൽകാതിരുന്നത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചെന്നും ശില്പശാല അഭിപ്രായപ്പെട്ടു. കാലാവസ്ഥാ മുന്നറിയിപ്പുകളും മറ്റ് വിവരങ്ങളും ആദ്യം അറിയിക്കേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതും തദ്ദേശ സ്ഥാപനങ്ങളിലാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) ഡയറക്ടർ ഡോ. ജോയ് ഇളമൺ പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾ ഏറെ അനുഭവിക്കുന്നത് ഉൾനാട്ടിലെ ജനങ്ങളാണ്. ഈ മേഖലകളിൽ പ്രാവീണ്യം നേടേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അത് മുന്നിൽക്കണ്ട് കിലയുടെ നേതൃത്വത്തിൽ ഇക്കൂട്ടർക്ക് പ്രത്യേക പരിശീലന ക്ലാസുകൾ നൽകും. 270 പഞ്ചായത്തുകളിൽ പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പരിഗണിച്ചിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാമായിരുന്നുവെന്ന് ജൈവവൈവിധ്യ ബോർഡ് മുൻ ചെയർമാൻ ഡോ. പി.എസ്. വിജയൻ പറഞ്ഞു. സി.എം.എഫ്.ആർ.ഐ. ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ ശില്പശാല ഉദ്ഘാടനം ചെയ്തു. കുസാറ്റ് വൈസ് ചാൻസലർ ഡോ. ജെ. ലത അധ്യക്ഷത വഹിച്ചു. ശില്പശാലയിൽ നിന്ന് ക്രോഡീകരിച്ച നിർദേശങ്ങൾ ഉൾക്കൊള്ളിച്ച റിപ്പോർട്ട് സർക്കാരിന്റെ വിവിധ ഏജൻസികൾക്ക് സമർപ്പിക്കും. മറ്റ് അഭിപ്രായങ്ങൾ * കാലാവസ്ഥാ നിരീക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശാസ്ത്രീയ വിശകലനംചെയ്ത് നിലവിലുള്ള സർക്കാർ സംവിധാനവുമായി ബന്ധപ്പെടുത്തണം. * വിവിധ വിഷയങ്ങളിലുള്ള വിദഗ്ധരെ ഉൾപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി പുനഃസംഘടിപ്പിച്ച് മുഴുവൻ സമയമാക്കി മാറ്റണം. * ഓരോ മേഖലയ്ക്കും ആവശ്യമായ നിർമാണ നിയന്ത്രണം കൊണ്ടുവരിക. * കേരളത്തിൽ ദുരന്തനിവാരണ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക. * കാലാവസ്ഥാ വ്യതിയാനവും ദുരന്തനിവാരണവും പാഠാവലിയിൽ ഉൾപ്പെടുത്തുക. * കാലാവസ്ഥാ സാക്ഷരത നടപ്പാക്കണം.
from mathrubhumi.latestnews.rssfeed https://ift.tt/2wPmJpE
via
IFTTT
No comments:
Post a Comment