കൊച്ചി: സാഹസിക പായ്‌വഞ്ചിയോട്ടമത്സരത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടത്തിൽപ്പെട്ട മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമിയെ 16 മണിക്കൂറിനകം രക്ഷിക്കാനാവുമെന്ന് നാവികസേന അറിയിച്ചു. ഓസ്‌ട്രേലിയയും ഫ്രാൻസും ഇന്ത്യയും സംയുക്തമായാണ് രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നത്. മൗറീഷ്യസിൽനിന്ന് പുറപ്പെട്ട ഇന്ത്യൻ നാവികസേനയുടെ പി-8ഐ വിമാനം ഞായറാഴ്ച അഭിലാഷിന്റെ പായ്‌വഞ്ചി കണ്ടെത്തി. ഓസ്‌ട്രേലിയയിലെ പെർത്തിൽനിന്ന് 3000 കിലോമീറ്റർ അകലെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്തായാണ് അഭിലാഷിന്റെ വഞ്ചിയായ ‘തുരിയ’ തകർന്ന നിലയിൽ കണ്ടെത്തിയത്. വിമാനത്തിൽനിന്നുള്ള റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിച്ചു. ഫ്രഞ്ച് കപ്പലായ ‘ഒസിരിസ്’ 16 മണിക്കൂറിനുള്ളിൽ അഭിലാഷിനെ രക്ഷിക്കുമെന്ന് ഇന്ത്യൻ നാവികസേന ട്വീറ്റ് ചെയ്തു. മീൻപിടിത്തക്കപ്പലായ ഇതിൽ അടിയന്തര വൈദ്യസഹായം നൽകാൻ ഡോക്ടറുമുണ്ട്. ഒസിരിസിൽനിന്ന് അഭിലാഷിനെ ഏറ്റുവാങ്ങി ഓസ്‌ട്രേലിയയുടെ തീരത്തെത്തിക്കാൻ അവിടത്തെ നാവികസേനയുടെ കപ്പലായ എച്ച്.എം.എ.എസ്. ബലാററ്റ് പെർത്തിൽനിന്ന് പുറപ്പെട്ടുവെന്നും ട്വീറ്റിലുണ്ട്. ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ പായ്‌മരം ഒടിഞ്ഞുവീണ് മുതുകിന് ഗുരുതരമായി പരിക്കേറ്റ അഭിലാഷ് അനങ്ങാനാവാത്ത സ്ഥിതിയിലാണ്. ‘ഐസ് ടീ കാനുകളെടുക്കാനായി. അതുകുടിച്ചു. ഛർദി നിൽക്കുന്നില്ല. നെഞ്ചെരിയുന്നു’ എന്നാണ് അഭിലാഷ് അവസാനമയച്ച സന്ദേശമെന്ന് ഗോൾഡൻ ഗ്ലോബിന്റെ റെയ്‌സിന്റെ (ജി.ജി.ആർ.) സംഘാടകർ അറിയിച്ചു. പരിക്കേറ്റശേഷം ആദ്യമായാണ് അഭിലാഷ് എന്തെങ്കിലും കുടിക്കുന്നതെന്നും ജി.ജി.ആറിന്റെ വെബ്‌സൈറ്റ് പറയുന്നു. കാൽവിരലുകളേ അനക്കാനാവുന്നുള്ളൂവെന്നും ആകെ മരവിച്ചിരിക്കുകയാണെന്നും അഭിലാഷ് സന്ദേശമയച്ചിരുന്നു.12 അടിയോളം ഉയരത്തിൽ ആഞ്ഞടിക്കുന്ന തിരമാലകളാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയുയർത്തുന്നത്. ജി.ജി.ആറിലെ മത്സരാർഥികളിലൊരാളായ ഗ്രിഗർ മക്ഗുചിൻ മത്സരം ഉപേക്ഷിച്ച് അഭിലാഷിനടുത്തെത്താൻ ശ്രമിക്കുന്നുണ്ട്. മത്സരത്തിൽ അഭിലാഷിന്റെ തൊട്ടടുത്ത എതിരാളിയായിരുന്ന ഇദ്ദേഹത്തിന്റെ പായ്‌വഞ്ചിയും കാറ്റിൽപ്പെട്ടിരുന്നു. ‘നിങ്ങളെ ഈ പ്രതിസന്ധിയിൽനിന്ന് ഉടൻ രക്ഷിക്കു’മെന്ന് നാവികസേന മേധാവി അഡ്മിറൽ സുനിൽ ലാൻബ അഭിലാഷിന് ഉറപ്പുനൽകി. ഓസ്‌ട്രേലിയൻ റെസ്‌ക്യു കോ-ഓർഡിനേറ്റിങ് സെന്ററിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഐ.എൻ.എസ്. സത്പുരയ്ക്കുപുറമേ ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ്. ജ്യോതിയും അഭിലാഷിനടുത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ജൂലായ് ഒന്നിന് ഫ്രാൻസിലെ ലെ സാബ്ലേ ദൊലോൻ തുറമുഖത്തുനിന്നാണ് ഒറ്റയ്ക്ക്, പായ്‌വഞ്ചിയിൽ ലോകം ചുറ്റി തുടങ്ങിയിടത്ത് തിരിച്ചെത്തുന്ന ഗോൾഡൻ ഗ്ലോബ് പ്രയാണം തുടങ്ങിയത്. പ്രയാണത്തിൽ മൂന്നാം സ്ഥാനത്തുനിൽക്കുമ്പോഴാണ് അഭിലാഷ് അപകടത്തിൽപ്പെട്ടത്. 84 ദിവസംകൊണ്ട് 19,446 കിലോമീറ്റർ അദ്ദേഹം പിന്നിട്ടിരുന്നു. യാത്രയിൽ പങ്കെടുത്തിരുന്ന 18 പേരിൽ ഏഴുപേർ പലഘട്ടങ്ങളിലായി പിന്മാറിയതോടെ 11 പേരായിരുന്നു മത്സരരംഗത്ത് അവശേഷിച്ചിരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2O3dZGw
via
IFTTT
No comments:
Post a Comment