നെഹ്രുവിനെ പേടിക്കുന്ന ബിജെപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

നെഹ്രുവിനെ പേടിക്കുന്ന ബിജെപി

ജവഹർലാൽ നെഹ്രു ഒരു പ്രതീകമാണ്. ആധുനിക ഇന്ത്യയുടെ ഭൂതവും വർത്തമാനവും ഭാവിയും നിഴലിക്കുന്ന പ്രതീകം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്നതല്ല ആധുനിക ഇന്ത്യയുടെ ശിൽപി എന്നതാണ് നെഹ്രുവിന്റെ എക്കാലത്തെയും പ്രസക്തി. ഗാന്ധിജിയുടെ വധം ഇന്ത്യയെ നിരാശയുടെ ഗർത്തങ്ങളിലേക്ക് വലിച്ചെറിയാതിരുന്നതിന്റെ ഒരു കാരണം പ്രത്യാശയും പ്രതീക്ഷയുമായി അന്ന് നെഹ്രുവുണ്ടായിരുന്നുവെന്നതാണ്. സ്വതന്ത്ര ഇന്ത്യയെ നയിക്കേണ്ടത് നെഹ്രുവാണെന്ന മഹാത്മാവിന്റെ കണ്ടെത്തലും തിരഞ്ഞെടുപ്പും ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുകയും ചെയ്തു. ഈ നെഹ്രുവിന്റെ പ്രതിമ അലഹാബാദിൽ ആനന്ദഭവന് അടുത്തുള്ള റോഡിൽ നിന്ന് നീക്കം ചെയ്യപ്പെടുമ്പോൾ തീർച്ചയായും അതിലൊരു രാഷ്ട്രീയമുണ്ട്. അലഹബാദ് ഉത്തർപ്രദേശിലാണ്. ബിജെപിയുടെ ഭാവി പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന് വിശേഷിപ്പിക്കപ്പെടുന്ന യോഗി ആദിത്യനാഥ് ഭരിക്കുന്ന സംസ്്ഥാനം. സ്വാഭാവികമായും യോഗിയുടെ സർക്കാരിന്റെ മേൽനോട്ടത്തിൽ നടക്കുന്ന കുംഭമേളയ്ക്കായി നെഹ്രു പ്രതിമ എടുത്തുമാറ്റുമ്പോൾ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ പ്രതിഫലനം അതിൽ കാണുന്നവരെ കുറ്റപ്പെടുത്താനാവില്ല. നെഹ്രുവിനെപ്പോലെ ബിജെപി പേടിക്കുന്ന മറ്റൊരു നേതാവില്ല. സർദാർ പട്ടേലിനു പകരം ഇന്ത്യയെ നയിക്കാൻ ഗാന്ധിജി നെഹ്രുവിനെ തിരഞ്ഞെടുത്തത് ഒരു കാലത്തും ക്ഷമിക്കാൻ സംഘപരിവാറിനായിട്ടില്ല. ബിജെപിയുടെയും സംഘപരിവാറിന്റെയും അജണ്ടകളിൽ നെഹ്രുവിന്റെ ഇന്ത്യയില്ല. ഇന്ത്യ നേരിടുന്ന എല്ലാ തിരിച്ചടികൾക്കും കാരണം നെഹ്രു പ്രതിനിധാനം ചെയ്ത രാഷ്ട്രീയമാണെന്നാണ് ബിജെപി വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ചരിത്രത്തിൽ നിന്നും നെഹ്രുവിനെ തുടച്ചുനീക്കുക എന്നത് ബിജെപിയുടെ എക്കാലത്തെയും രാഷ്ട്രീയ പദ്ധതികളിൽ ഒന്നാണ്. ഇന്ത്യ ഒരു ഏകശിലാ രാഷ്ട്രമാണെന്ന് നെഹ്രു ഒരിക്കലും കരുതിയിരുന്നില്ല. വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും ഉള്ളടങ്ങിയ ബഹുസ്വരതയാണ് ഇന്ത്യയെ ഇന്ത്യയാക്കുന്നത്. ഈ ഇന്ത്യയെ മുൻനിർത്തിയാണ് പ്രധാനമന്ത്രിയെന്ന നിലയിൽ നെഹ്രു പദ്ധതികൾ വിഭാവനം ചെയ്തതും നടപ്പാക്കിയതും. ഇടുങ്ങിയ ദേശീയതയായിരുന്നില്ല നെഹ്രുവിന്റെ വഴികാട്ടി. ഒരു മതത്തിന്റെയും അപ്രമാദിത്വത്തിലോ താൻപോരിമയിലോ നെഹ്രുവിന് വിശ്വാസമുണ്ടായിരുന്നില്ല. മതമല്ല മനുഷ്യരായിരുന്നു നെഹ്രുവിന്റെ ദർശനത്തിന്റെ അടിത്തറ. ടാഗോർ ഉയർത്തിപ്പിടിച്ച സാർവ്വലൗകികതയായിരുന്നു നെഹ്രുവിന്റെ വഴികാട്ടി. മനസ്സ് നിർഭയവും ശിരസ്സ് ഉന്നതവുമായിരിക്കുന്ന, ഇടുങ്ങിയ ആഭ്യന്തര മതിലുകൾ ഛിന്നഭിന്നമാക്കാത്ത ടാഗോറിയൻ ലോകത്തിലേക്ക് ഇന്ത്യയെ നയിക്കാനാണ് നെഹ്രു ശ്രമിച്ചത്. നെഹ്രുവിന് തെറ്റുകൾ പറ്റിയിട്ടുണ്ട്. ഒരാളും പൂർണ്ണനല്ലെന്ന ആപ്തവാക്യം നെഹ്രുവിനും ബാധകമാണ്. കാശ്മിർ പ്രശ്നം ഐക്യരാഷ്ട്ര സംഘടനയിലേക്കെത്തിച്ചതിന് നെഹ്രു കേട്ടിട്ടുള്ള വിമർശനത്തിന് കണക്കില്ല. ചൈനയുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും നെഹ്രു ഏറെ പഴി കേട്ടു. പക്ഷേ, നെഹ്രുവിനെപ്പോലൊരു നേതാവിനെ പിന്നീട് ഇന്ത്യ കണ്ടിട്ടില്ല. നിരാസമല്ല ഉൾക്കൊള്ളലായിരുന്നു നെഹ്രുവിന്റെ രാഷ്ട്രീയം. ചേരിചേരാനയം എന്ന നെഹ്രുവിയൻ നിലപാട് പുതിയൊരു ലോകക്രമത്തിന് വഴിയൊരുക്കി. ടിറ്റോയ്ക്കും നാസറിനുമൊപ്പം അണിനിരന്ന നെഹ്രു എല്ലാ അർത്ഥത്തിലും ലോകനേതാവുകൂടിയായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ സ്വന്തം പ്രത്യയശാസ്ത്രം നടപ്പാക്കാൻ ബിജെപി ശ്രമിക്കുക സ്വാഭാവികമാണ്. അധികാരത്തിലേറിയിട്ടുള്ളപ്പോഴൊക്കെ ലോകത്തെവിടെയും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചെയ്തിട്ടുള്ളതും ഇതു തന്നെയാണ്. കോൺഗ്രസ്സിന് കോൺഗ്രസ്സിന്റേതായ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം അവരുടെ സർക്കാരുകളുടെ നടത്തിപ്പിൽ പ്രതിഫലിക്കുകയും ചെയ്യും. ഇന്ത്യ ജനാധിപത്യ രാഷ്ട്രമാണെന്നിടത്താണ് ബിജെപിയുടെ രാഷ്ട്രീയ പദ്ധതികൾ ചോദ്യം ചെയ്യപ്പെടുന്നത്. ഏകാധിപത്യത്തിനും സ്വേച്ഛാധിപത്യത്തിനും എതിരെയാണ് ഇന്ത്യൻ ജനത നിലകൊണ്ടിട്ടുള്ളത്. വ്യത്യസ്ത അഭിപ്രായങ്ങൾക്ക് ഒരു പോലെ ഇടം കിട്ടുന്നില്ലെങ്കിൽ അത് ജനാധിപത്യത്തിന്റെ മരണമാണ്. ഇന്ദിരയുടെ അടിയന്തരാവസ്ഥയ്ക്കെതിരെ ഇന്ത്യൻ ജനത എടുത്ത നിലപാട് ജനാധിപത്യസമൂഹങ്ങളുടെ ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമാണ്. ബംഗാളിൽ മൂന്ന് പതിറ്റാണ്ടുകൾ നീണ്ട കമ്മ്യൂണിസ്റ്റ് ഭരണം നീക്കം ചെയ്യപ്പെട്ടതും ഇന്ത്യൻ ജനാധിപത്യത്തിന്റെ മേന്മ തന്നെയാണ് വ്യക്തമാക്കുന്നത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളും കോൺഗ്രസ്സും മാറി മാറി ഭരിക്കുന്നതും ഇതേ ജനാധിപത്യത്തിന്റെ കരുത്തിലാണ്. ഈ ജനാധിപത്യത്തിന്റെ കാവലാളായിരുന്നു നെഹ്രു. അതുകൊണ്ടുതന്നെ നെഹ്രുവിനെതിരെയുള്ള നീക്കങ്ങളിൽ ജനാധിപത്യ നിഷേധമുണ്ട്. നെഹ്രുവിന്റെ പ്രതിമ എടുത്തുമാറ്റപ്പെടുമ്പോൾ ഉയരുന്നത് ജനാധിപത്യ വിരുദ്ധതയുടെ വൃത്തികെട്ട കൊടിയാണ്. ആ കൊടിയുമായി ബിജെപിക്ക് എത്രമാത്രം മുന്നോട്ടുപോവാനാവും എന്നത് ജനാധിപത്യ ഇന്ത്യ നേരിടുന്ന പരീക്ഷമണമാവുന്നു. പിൻകുറിപ്പ് : കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ് സർക്കാരുകൾ ഭരിക്കുമ്പോഴാണ് ചാരക്കേസ് ഉടലെടുത്തത്. നമ്പിനാരായണൻ എന്ന ശാസ്ത്രജ്ഞൻ ഭരണകൂട ഭീകരതയ്ക്ക് ഇരയായത് ഇന്ത്യൻ ജനാധിപത്യം നേരിട്ട അഗ്നിപരീക്ഷണങ്ങളിൽ ഒന്നായിരുന്നു. ഭരണകൂടവും മാദ്ധ്യമങ്ങളിൽ ഭൂരിപക്ഷവും കൈവിട്ടപ്പോൾ കോടതിയാണ് ഒടുവിൽ നമ്പിനാരായണന്റെ രക്ഷയ്ക്കെത്തിയത്. നെഹ്രുവിന്റെ സാമ്പത്തിക നയങ്ങൾ വേരോടെ പറിച്ചെറിയാൻ ശ്രമിച്ച നരസിംഹറാവു സർക്കാരാണ് ചാരക്കേസിന് കുടപിടിച്ചതെന്നത് ചിലപ്പോൾ യാദൃശ്ചികതയാവാം. കോയമ്പത്തൂർ സ്ഫോടനകേസിൽ പ്രതിയായി 9 വർഷത്തോളം ജയിലിൽ കഴിയേണ്ടി വന്ന അബ്ദുൾനാസർ മദനിയും മനുഷ്യാവകാശ നിഷേധത്തിന്റെ ഇരയാണെന്നത് മറക്കാനാവില്ല. മദനിയുടെ രാഷ്ട്രീയം നിശിതമായി വിമർശിക്കപ്പെടേണ്ടതുണ്ട്. പക്ഷേ, കടുത്ത മനുഷ്യാവകാശ ലംഘനമാണ് മദനിക്കും നേരിടേണ്ടി വന്നത്. ഇന്നിപ്പോൾ നെഹ്രുവുണ്ടായിരുന്നെങ്കിൽ നമ്പിനാരായണനും മദനിക്കും വേണ്ടി നിയമപോരാട്ടം നടത്തുന്നതിന് ആ പഴയ വക്കീൽകോട്ട് നെഹ്രു ഒരിക്കൽകൂടി അണിയുമായിരുന്നുവെന്നതിൽ സംശയമില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2D2IeZG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages