ന്യൂഡൽഹി: വ്യക്തമായ തെളിവുകൾ ഉള്ളതിനാലാണ് അഞ്ച് മനുഷ്യാവകാശ പ്രവർത്തകരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റു ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. സ്വന്തം തത്വശാസ്ത്രം ഉപയോഗിച്ച് കലാപത്തിലൂടെ രാജ്യത്തെ വ്യവസ്ഥാപിത ഭരണകൂടത്തെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയതിനാണ് അവരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തിനെതിരെ ഉയരുന്ന ഭീഷണികൾക്കെതിരെ ആവശ്യമായ ബലം പ്രയോഗിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. വിയോജിപ്പുകൾക്ക് ജനാധിപത്യത്തിൽ സ്ഥാനമുണ്ട്. എന്നാൽ അതിനർഥം രാജ്യത്തെ വിഭജിക്കാൻ ശ്രമം നടത്താമെന്നല്ല. വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്തില്ല. ഇക്കാര്യത്തിൽ എൻഡിഎയുടെ നിലപാട് വ്യക്തമാണ്. നിയമം കയ്യിലെടുത്ത് രാജ്യത്തെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. ജനങ്ങളെ തെറ്റിധരിപ്പിക്കാനായി നക്സലുകൾ നഗരങ്ങളിലേക്ക് വരുന്നത് അപ്രതീക്ഷിതമായിരുന്നു. ഹീനമായ പദ്ധതികളുമായി അവർ നഗര മേഖലകളിലേക്ക് എത്താൻ ശ്രമിക്കുന്നുവെന്നതിന് രഹസ്യാന്വേഷണ വിവരങ്ങളുണ്ടെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. അറസ്റ്റിലായവർ ആ കൂട്ടത്തിൽ പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. കോടതി അക്കാര്യത്തിൽ തീരുമാനമെടുക്കും. ഇതേ കുറ്റങ്ങൾക്ക് നേരത്തെയും ചിലർ പിടിയിലായിരുന്നുവെന്നും മഹാരാഷ്ട്ര സർക്കാർ വിഷയത്തിൽ കൃത്യമായ അന്വഷണം നടത്തി തെളിവുകൾ ശേഖരിച്ചതിന് ശേഷമാണ് ഇപ്പോഴത്തെ അറസ്റ്റെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. സുധാ സിങ്, അരൺ ഫെരെരിയ, വരാവര റാവു, വെർണൻ ഗോൺസാൽവസ്, ഗൗതം നവ്ലാഖ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ചുമത്തി മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. സുപ്രീം കോടതി നിർദ്ദേശപ്രകാരം അഞ്ചുപേരും ഇപ്പോൾ വീട്ടുതടങ്കലിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2wxcrKK
via
IFTTT
No comments:
Post a Comment