ന്യൂഡൽഹി: ഭൂമിയിൽ അവകാശം ചോദിച്ച് ഗാന്ധിയൻ സംഘടനയായ ഏകതാ പരിഷത്തിന്റെ നേതൃത്വത്തിൽ കാൽലക്ഷം ഭൂരഹിതർ കേന്ദ്രസർക്കാരിനെതിരേ പദയാത്ര നടത്തുന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഗാന്ധിജയന്തി ദിനത്തിൽ ഭൂ പാർലമെന്റ് സംഘടിപ്പിച്ചാണ് സമരം തുടങ്ങുക. അടുത്തദിവസം ഭൂസമ്മേളനവും നടക്കും. ഒക്ടോബർ നാലിനു പാർലമെന്റിലേയ്ക്കുള്ള പദയാത്ര തുടങ്ങും. മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പ്രതിരോധത്തിലാക്കുന്നതാണ് ഭൂരഹിതരുടെ പ്രക്ഷോഭം. മഹാത്മാഗാന്ധിയുടെ അഹിംസാരീതിയിൽ സംഘടിപ്പിക്കുന്നതാണ് ജനപ്രസ്ഥാനം എന്നു പേരിട്ട തങ്ങളുടെ പദയാത്രയെന്നു ഏകതാ പരിഷത്ത് സ്ഥാപകൻ പി.വി. രാജഗോപാൽ 'മാതൃഭൂമി'യോടു പറഞ്ഞു. 2012-ലെ ഗാന്ധിജയന്തി ദിനത്തിൽ ഏകതാപരിഷത്ത് ഒരു ലക്ഷം ഭൂരഹിതരെ അണിനിരത്തി ഗ്വാളിയോറിൽ നിന്നും പദയാത്ര നടത്തിയിരുന്നു. തുടർന്ന് ഒക്ടോബർ 11-നു ആഗ്രയിൽവെച്ച് കേന്ദ്രസർക്കാർ പത്തിന ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ദേശീയ ഭൂപരിഷ്കരണനയം നടപ്പാക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. ഭൂമിയില്ലാത്തവർക്കു വീടിനും തൊഴിലിനുമുള്ള ഭൂമി നൽകാമെന്നും ഭൂമി സംബന്ധമായ കേസുകൾ തീർപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കാമെന്നുമൊക്കെ കേന്ദ്രം ഉറപ്പു നൽകി. ഭൂപരിഷ്കരണനയത്തിന്റെ കരടു തയ്യാറായെങ്കിലും പിന്നീടൊന്നും മുന്നോട്ടു പോയില്ല. മോദി സർക്കാർ അധികാരത്തിൽ വന്നിട്ടും രാജ്യത്തെ ഭൂരഹിതരായ 10.14 കോടി ജനങ്ങൾക്കു നീതി ലഭിച്ചില്ലെന്നും പി.വി. രാജഗോപാൽ കുറ്റപ്പെടുത്തി. ഭൂമിയുമായി ബന്ധപ്പെട്ട 67 ശതമാനം കേസുകളാണ് കോടതികളിൽ കെട്ടിക്കിടക്കുന്നത്. ഇന്നത്തെ നിലയിൽ പോയാൽ അതൊക്കെ തീർപ്പാവാൻ 250 വർഷമെങ്കിലുമെടുക്കും. ഭൂരഹിതർ പദയാത്രയായിത്തന്നെ പാർലമെന്റിനു മുന്നിലെത്തും. തുടർന്ന്, അവിടെ സത്യാഗ്രഹം നടത്തും. രാജ്യമെമ്പാടുമായി അഞ്ചുലക്ഷം ഒപ്പുകൾ ശേഖരിച്ചു രാഷ്ട്രപതിക്കു നിവേദനവും സമർപ്പിക്കും. എല്ലാ രാഷ്ട്രീയപാർട്ടികളെയും സാമൂഹികസംഘടനകളെയും പൗരസമൂഹ പ്രതിനിധികളെയും സമരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഏകതാ പരിഷത്ത് കൺവീനർ രമേഷ് ശർമയും കോ-ഓർഡിനേറ്റർ അനീഷ് തില്ലങ്കേരിയും പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2NSJfZe
via
IFTTT
No comments:
Post a Comment