സതാംപ്ടൺ:ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ടെസ്റ്റിന്റെ മൂന്നാം ദിനം ഇരു ടീമുകൾക്കും മുൻതൂക്കം അവകാശപ്പെടാനില്ലാതെയാണ് അവസാനിച്ചത്. ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യമെന്തെന്ന് കാണിച്ചു തന്ന ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ആർക്കുമാർക്കും വ്യക്തമായ മേൽക്കൈ അവകാശപ്പെടാനില്ലായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ എട്ടിന് 260 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട് കളി അവസാനിപ്പിച്ചത്. അവർക്കിപ്പോൾ 233 റൺസിന്റെ ലീഡുണ്ട്. ഇന്ന് ഇംഗ്ലണ്ട് വാലറ്റത്തെ പെട്ടെന്ന് പുറത്താക്കാനായാൽ ഇന്ത്യയ്ക്ക് പ്രതീക്ഷവെയ്ക്കാം. നാലാംദിനം തുടക്കത്തിൽ തന്നെ ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുക. 270-ന് മുകളിലേക്കുള്ള സ്കോർ പിന്തുടരുക ബുദ്ധിമുട്ടേറിയതായിരിക്കും. ഇംഗ്ലീഷ് വാലറ്റത്തിന്റെ ചെറുത്തുനിൽപ്പും ഇന്ത്യൻ മുൻനിരയുടെ ബാറ്റിങ് പ്രകടനവും അനുസരിച്ചിരിക്കും ജയപരാജയങ്ങൾ. അതേസമയം ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സിലെ ഹീറോ സാം കറൻ 37 റൺസോടെ പുറത്താവാതെ നിൽക്കുന്നുണ്ട്. സതാംപ്ടണിൽ മൂന്നാംദിനത്തിലെ ആദ്യ സെഷനിൽ തുടക്കവും ഒടുക്കവും ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു. 33 റൺസെടുത്തപ്പോഴേക്കും രണ്ടു ഇംഗ്ലീഷ് വിക്കറ്റുകൾ ഇന്ത്യ വീഴ്ത്തി. ജെന്നിങ്സും റൂട്ടും പതിയെ ഇംഗ്ലണ്ടിനെ മുന്നോട്ടുനയിക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം ജെന്നിങ്സിനെയും ജോണി ബെയർസ്റ്റോവിനെയും പുറത്താക്കി ഷമി ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. ആറിന് 178 റൺസെന്ന നിലയിൽ പതറിയ ഇംഗ്ലണ്ടിനെ പിന്നീട് ജോസ് ബട്ലറും സാം കറനും ചേർന്നാണ് കരകയറ്റിയത്. ഒന്നാമിന്നിങ്സിലേതുപോലെ പേസർമാർക്ക് പിച്ചിൽനിന്ന് വേണ്ടത്ര സ്വിങ്ങോ മൂവ്മെന്റോ രണ്ടാമിന്നിങ്സിൽ കിട്ടിയില്ല. ഇംഗ്ലണ്ട് സ്പിന്നർ മോയീൻ അലിയെപ്പോലെ ബാറ്റ്സ്മാന്മാരെ വിറപ്പിക്കാൻ ഓഫ്സ്പിന്നർ ആർ. അശ്വിനുമായില്ല. രണ്ടാമിന്നിങ്സിൽ ഇന്ത്യയെ സമ്മർദത്തിലാഴ്ത്താൻ പോന്ന ലീഡ് ഇംഗ്ലണ്ട് സ്വന്തമാക്കിക്കഴിഞ്ഞു. നാലാം ദിനം കൂടുതൽ റൺ ചേർക്കാൻ ഇംഗ്ലണ്ടിന്റെ വാലറ്റക്കാരെ അനുവദിക്കാതിരുന്നാൽ ഇന്ത്യയ്ക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ രണ്ടാമിന്നിങ്സിനിറങ്ങാം.
from mathrubhumi.latestnews.rssfeed https://ift.tt/2CaPKBo
via
IFTTT
No comments:
Post a Comment