അബുദാബി:ആവേശ മത്സരത്തിനൊടുവിൽ അഫ്ഗാനിസ്ഥാനെ മൂന്ന് റൺസിന് തോൽപ്പിച്ച് ബംഗ്ലാദേശ്. തോൽവിയോടെ അഫ്ഗാൻ ഏഷ്യാ കപ്പിൽ നിന്ന് ഫൈനൽ കാണാതെ പുറത്തായി. നേരത്തെ പാകിസ്താനോടും അഫ്ഗാൻ തോറ്റിരുന്നു. അന്ന് അവസാന ഓവറിൽ ഷുഐബ് മാലിക്കാണ് അഫ്ഗാന്റെ വിജയത്തിന് തടയിട്ടതെങ്കിൽ ഇത്തവണ ബംഗ്ലാദേശ് ബൗളർ മുസ്തഫിസുർ റഹ്മാനാണ് വിജയം നിഷേധിച്ചത്. 250 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്താന് നാല് വിക്കറ്റ് കൈയിലിരിക്കെ അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് എട്ട് റൺസ് മാത്രമായിരുന്നു.എന്നാൽ മുസ്തഫിസുറിന്റെ കൃത്യതയാർന്ന ബൗളിങ്ങിന് മുന്നിൽ തകർന്ന അഫ്ഗാന് അവസാന ഓവറിൽ നേടാനായത് നാല് റൺസ് മാത്രം. ഒപ്പം റാഷിദ് ഖാന്റെ വിക്കറ്റും നഷ്ടമായി. 26 റൺസെടുക്കുന്നതിനിടയിൽ ഇഹ്സാനുള്ള (എട്ട് റൺസ്)യേയും റഹ്മത് ഷാ (ഒരു റൺ)യേയും നഷ്ടപ്പെട്ട അഫ്ഗാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. എന്നാൽ അർദ്ധ സെഞ്ചുറി നേടിയ മുഹമ്മദ് ഷെഹ്സാദും ഹഷ്മതുള്ള ഷാഹിദിയും അഫ്ഗാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 63 റൺസാണ്. 53 റൺസെടുത്ത ഷെഹ്സാദിനെ പുറത്താക്കി മഹ്മൂദുള്ള ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് ക്രീസിലെത്തിയ അസ്ഗർ അഫ്ഗാൻ, ഹഷ്മതുള്ളയക്ക്് പിന്തുണ നൽകി. നാലാം വിക്കറ്റിൽ 78 റൺസ് കൂട്ടിച്ചേർത്ത് മുന്നേറവെ അസ്ഗറിനെ (39) മൊർത്താസ പുറത്താക്കി. 44-ാം ഓവറിൽ ഹഷ്മതുള്ളയും (71) പുറത്തായതോടെ അഫ്ഗാൻ പരുങ്ങലിലായി. 28 പന്തിൽ 38 റൺസുമായി മുഹമ്മദ് നബിയുടെ ശ്രമം 49-ാം ഓവറിൽ അവസാനിച്ചു. ഷക്കീബുൽ ഹസ്സനാണ് വിക്കറ്റ്. തുടർന്നെത്തിയ റാഷിദ് ഖാനും കാര്യമായൊന്നും ചെയ്യാനായില്ല. ഇതോടെ അഫ്ഗാന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു. സമിയുള്ള ഷെൻവാരി 23 റൺസ് നേടി പുറത്താകാതെ നിന്നു. അവസാന ഓവറിൽ പരിചയസമ്പന്നരായ ബാറ്റ്സ്മാൻമാരില്ലാതിരുന്നതും അഫ്ഗാന് തിരിച്ചടിയായി. ബംഗ്ലാദേശിനായി മൊർത്താസയും മുസ്തഫിസുറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. 18 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർ നസ്മുൽ ഹൊസൈൻ (6), മുഹമ്മദ് മിഥുൻ (1) എന്നിവരെ ബംഗ്ലാദേശിന് നഷ്ടമായി. പിന്നീട് ലിറ്റൺ ദാസ് (41), മുശ്ഫികുർ റഹീം (33) എന്നിവർ ബംഗ്ലാദേശിനെ തകർച്ചയിൽ നിന്ന് കരകയറ്റി. എന്നാൽ തുടർച്ചയായി മൂന്ന് വിക്കറ്റുകൾ ബംഗ്ലാദേശിന് നഷ്ടമായി. ഇവർക്ക് രണ്ട് പേർക്ക് പുറമെ ഷക്കീബുൽ അൽ ഹസൻ കൂടി മടങ്ങിയത് അവർക്ക് തിരിച്ചടിയായി. തുടർന്ന് ഇമ്രുൽ കയിസ് (72*), മഹ്മുദുള്ള (74) എന്നിവരുടെ പ്രകടനം ബംഗ്ലാദേശിന്റെ സ്കോർ 200കടത്തുകയായിരുന്നു. രണ്ട് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു മഹ്മുദുള്ളയുടെ ഇന്നിങ്സ്. അഫ്ഗാനായി അഫ്താബ് ആലം മൂന്ന് വിക്കറ്റ് വീഴ്ത്തി. Content Highlights: Banagladesh vs Afghansitan Asia Cup 2018
from mathrubhumi.latestnews.rssfeed https://ift.tt/2NDcwY9
via
IFTTT
No comments:
Post a Comment