കൊച്ചി:പ്രളയക്കെടുതിക്കിടയിലും കേരളത്തിൽ പെട്രോൾ, ഡീസൽ വിലകൾ റെക്കോഡ് നിലവാരത്തിലേക്ക് കുതിക്കുന്നു. കൊച്ചി നഗരത്തിൽ ഡീസൽ വില വെള്ളിയാഴ്ച 73.97 രൂപയിലേക്ക് ഉയർന്നു. നഗര പരിധിക്കു പുറത്ത് വില 74 രൂപ കടന്നിട്ടുണ്ട്. പെട്രോളിനാകട്ടെ 80.46 രൂപയാണ് വില. മേയ് 30-ന് രേഖപ്പെടുത്തിയ 81.32 രൂപ (പെട്രോൾ) യും 73.99 രൂപ (ഡീസൽ) യുമാണ് കൊച്ചി നഗരത്തിൽ ഇതുവരെയുള്ള റെക്കോഡ് വില. ഒരു മാസം കൊണ്ട് പെട്രോളിന് 2.26 രൂപയും ഡീസലിന് 2.52 രൂപയുമാണ് വർധിച്ചത്. ശനിയാഴ്ച കൂടി വിലവർധന തുടർന്നാൽ, ഡീസൽ വില റെക്കോഡ് നിലവാരത്തിലേക്ക് എത്തും. അതിനിടെ, തിരുവനന്തപുരത്ത് പലയിടത്തും വെള്ളിയാഴ്ച തന്നെ ഡീസൽ വില 75 രൂപ കടന്നു. കൊച്ചിയെ അപേക്ഷിച്ച് ലിറ്ററിന് ശരാശരി ഒരു രൂപ കൂടുതലാണ് തിരുവനന്തപുരത്ത്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഉയരുന്നതിനോടൊപ്പം രൂപയുടെ മൂല്യം റെക്കോഡ് നിലവാരത്തിലേക്ക് ഇടിയുന്നത് കേരളത്തിൽ ഇന്ധനവില ഇനിയും ഉയരാൻ ഇടയാക്കും. ആഗോള വിപണിയിൽ ക്രൂഡോയിൽ വില ഇനിയും കൂടാൻ ഇടയുണ്ടെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വില ബാരലിന് 75 ഡോളർ നിലവാരത്തിനു മുകളിൽ തുടരുമെന്നാണ് കരുതുന്നതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. പ്രളയക്കെടുതിയിൽനിന്ന് കരകയറാൻ ബുദ്ധിമുട്ടുന്ന കേരളത്തിന് ഇന്ധനവില വർധന കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേരളത്തെ വിലവർധനയിൽനിന്ന് തത്കാലത്തേക്കെങ്കിലും ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പ്രളയക്കെടുതിക്കിടെ അവശ്യസാധനങ്ങളുടെ വിലവർധനയുണ്ടാകാൻ ഇന്ധനവില വർധന കാരണമാകും. ഇന്ധനവില വർധന ജൂലായ് 31 ഓഗസ്റ്റ് 31 വ്യത്യാസം പെട്രോൾ 78.20 രൂപ 80.46 രൂപ 2.26 രൂപ ഡീസൽ 71.45 രൂപ 73.97 രൂപ 2.52 രൂപ (കൊച്ചി നഗരപരിധിയിലെ വില) അവലംബരം: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
from mathrubhumi.latestnews.rssfeed https://ift.tt/2LLyHFB
via
IFTTT
No comments:
Post a Comment