കൊച്ചി: സച്ചിൻ തെണ്ടുൽക്കർ സ്ഥാനമൊഴിഞ്ഞതോടെ കേരള ബ്ലാസ്റ്റേഴ്സിനെ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫ് അലി ഏറ്റെടുത്തുവെന്നത് വ്യാജവാർത്ത. ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥതയിൽ നിന്ന് സച്ചിൻ പിന്മാറിയെന്ന വാർത്ത സത്യമാണെന്നും എന്നാൽ സച്ചിന്റെ പേരിലുള്ള 20 ശതമാനം ഓഹരി പുറത്തുനിന്നുള്ള ഗ്രൂപ്പുകൾ വാങ്ങിയെന്ന വാർത്ത തെറ്റാണെന്നും ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി. ബ്ലാസ്റ്റേഴ്സ് അധികൃതർ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഐ.എസ്.എൽ ആദ്യ സീസൺ മുതൽ ബ്ലാസ്റ്റേഴ്സിന്റെ സഹഉടമസ്ഥനായിരുന്ന സച്ചിന്റെ പേരിൽ ആദ്യം 40 ശതമാനം ഓഹരിയാണുണ്ടായിരുന്നത്. ഇതിൽ 20 ശതമാനം ഓഹരികൾ സച്ചിൻ നേരത്തെ കൈമാറിയിരുന്നു. ബാക്കിയുള്ള 20 ശതമാനം ഓഹരികൾ കൂടി ടീമിന്റെ മറ്റു ഉടമകൾക്ക് നൽകി സച്ചിൻ കേരള ബ്ലാസ്റ്റേഴ്സുമായുള്ള ബന്ധം പൂർണമായി അവസാനിപ്പിച്ചു. തെലുങ്ക് നടൻമാരായ ചിരഞ്ജീവി, നാഗാർജുന, നിർമാതാവ് അല്ലു അരവിന്ദ്, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവരടങ്ങുന്ന ഐക്വസ്റ്റ് ഗ്രൂപ്പാണ് സച്ചിന്റെ ഓഹരി വാങ്ങിയത്. സച്ചിൻ എന്നും മഞ്ഞപ്പടയുടെ ഭാഗമായിരിക്കുമെന്നും സച്ചിന്റെ പിന്തുണയ്ക്കും സംഭാവനയ്ക്കും നന്ദി അറിയിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി. സച്ചിന്റെ ഓഹരികൾ ഏറ്റെടുക്കാൻ ടീമുടമകൾ ഏകകണ്ഠേന തീരുമാനിക്കുകയായിരുന്നു. എന്നാൽ സച്ചിന്റെ പിന്മാറ്റത്തിന് പിന്നിലുള്ള കാരണം എന്താണെന്ന് ബ്ലാസ്റ്റേഴ്സ് അധികൃതർ വ്യക്തമാക്കിയിട്ടില്ല. 2014-ൽ പ്രസാദ് വി. പോട്ട്ലുരിയും സച്ചിനും ചേർന്നാണ് ടീം വാങ്ങിയത്. 2015-ൽ പോട്ട്ലുരിയുടെ പിവിപി ടീമിന്റെ ഓഹരികൾ വിറ്റു. നാഗാർജുന, ചിരഞ്ജീവി, അല്ലു അർജുൻ, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവർ ചേർന്നാണ് ഓഹരികൾ വാങ്ങിയത്. സച്ചിന്റെ ഓഹരി കൂടി ഏറ്റെടുത്തതോടെ ബ്ലാസ്റ്റേഴ്സിന്റെ പൂർണ അവകാശം ഇവർ നാല് പേരുമടങ്ങുന്ന ഐക്വസ്റ്റ് ഗ്രൂപ്പിനാകും. Content Highlights: Sachin Tendulkar Kerala Blasters Lulu Group
from mathrubhumi.latestnews.rssfeed https://ift.tt/2NL6xzz
via
IFTTT
No comments:
Post a Comment