ബംഗളൂരു: വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകൾ സർക്കാർ ലേലത്തിൽ വിറ്റു. ന്യൂഡൽഹിയിലെ ചൗധരി ഏവിയേഷൻ കമ്പനിയാണ് 8.75 കോടി രൂപക്ക് മല്യയുടെ ഹെലികോപ്റ്ററുകൾ സ്വന്തമാക്കിയത്. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചു. ബംഗളൂരുവിലെ ട്രിബ്യൂണൽ മേൽനോട്ടത്തിലായിരുന്നു ലേലം. ഒരു ഹെലികോപ്റ്ററിന് 4.37 കോടി രൂപ വിലയിൽ മല്യയുടെ രണ്ട് ഹെലികോപ്റ്റർ തങ്ങൾ ലേലത്തിൽ പിടിച്ചതായി ചൗധരി ഏവിയേഷൻ ഡയറക്ടർ സത്യേന്ദ്ര സെഹ്രാവത് വ്യക്തമാക്കി. ലോണുകളിൽ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് മല്യയുടെ കിങ്ഫിഷർ എയർലൈൻസിനെതിരെ കേസ് ഫയൽ ചെയ്ത 17 ബാങ്കുകളുടെ കൺസോർഷ്യത്തിന് വേണ്ടിയാണ് സർക്കാർ ഹെലികോപ്റ്ററുകൾ ഓൺലൈൻ ലേലത്തിന് വെച്ചത്. 5 സീറ്റുകളുള്ള യൂറോകോപ്റ്റർ ബി155 ഹെലികോപ്റ്ററുകൾ പത്ത് വർഷം പഴക്കമുള്ളവയാണെങ്കിലും ഇപ്പോഴും പ്രവർത്തനക്ഷമമാണ്. മുംബൈയിലെ ജുഹു എയർപോർട്ടിലാണ് ഇവ ഇപ്പോൾ ഉള്ളത്. 2013ലാണ് ഇവ അവസാനം സർവീസ് നടത്തിയത്. മൂന്ന് വൻ കമ്പനികൾ പങ്കെടുത്ത ലേലത്തിൽ ഒരു ഹെലികോപ്റ്ററിന് 1.75 കോടിയാണ് കുറഞ്ഞ വിലയായി നിശ്ചയിച്ചിരുന്നത്. ചാർട്ടേഡ് സർവീസുകൾ ഉൾപ്പടെയുള്ള വ്യവസായ ആവശ്യങ്ങൾക്കാണ് ഈ ഹെലികോപ്റ്ററുകൾ ഉപയോഗിക്കുകയെന്ന് ചൗധരി ഏവിയേഷൻസ് വ്യക്തമാക്കി. ന്യൂഡൽഹിയിലെ പ്രമുഖ എയർആമ്പുലൻസ്, ഗ്രൗണ്ട് ഓപ്പറേഷൻ കമ്പനിയാണ് ചൗധരി ഏവിയേഷൻസ്. content highlights:Vijay Mallyas 2 Personal Helicopters Auctioned
from mathrubhumi.latestnews.rssfeed https://ift.tt/2NrWTSU
via
IFTTT
No comments:
Post a Comment