തിരുവനന്തപുരം: പ്രളയത്തെത്തുടർന്ന് ഇതുവരെ റിപ്പോർട്ട് ചെയ്ത 7380 ക്ലെയിമുകളിൽ 245 കോടി രൂപയുടെ നഷ്ടം കണക്കാക്കിയതായി ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ്. തീർപ്പാക്കിയ 491 ക്ലെയിമുകളിൽ 35 ലക്ഷത്തോളം രൂപ കൊടുത്തതായി കമ്പനിയധികൃതർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നുകോടി രൂപയും കമ്പനി നൽകി.ക്ലെയിമുകളിൽ പെട്ടെന്ന് തീർപ്പാക്കാൻ എല്ലാ ജില്ലകളിലും നോഡൽ ഓഫീസുകൾ തുറന്നിട്ടുണ്ട്. വലിയ ക്ലെയിമുകൾക്ക് ഓൺ അക്കൗണ്ട് പെയ്‌മെന്റ് നൽകും. ക്ലെയിമുകൾ വിലയിരുത്താൻ കേരളത്തിന് പുറത്തുനിന്ന് സർവേയർമാരെ നിയോഗിക്കുകയുംചെയ്തു.ക്ലെയിം ഫോറം ലഘൂകരിച്ചിട്ടുണ്ട്. വ്യക്തികൾക്ക് അപേക്ഷിക്കാനുള്ള സമയപരിധി സെപ്റ്റംബർ 30 വരെയും സ്ഥാപനങ്ങളടക്കമുള്ളവയുടേത് 15 വരെയും നീട്ടി. പശു, ആട് തുടങ്ങിയവയുടെ ക്ലെയിമുകൾക്ക് ഇയർ ടാഗും പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റും നിർബന്ധമാണെന്ന വ്യവസ്ഥ ഒഴിവാക്കി. വ്യക്തിഗത ക്ലെയിമുകൾക്കും പോസ്റ്റുമോർട്ടം, പോലീസ് റിപ്പോർട്ടുകൾ വേണമെന്ന നിബന്ധന ബാധകമല്ല. നിസ്സാര കേടുപാടുകൾമാത്രം വന്ന ഇരുചക്രവാഹനങ്ങൾക്ക് 3500 രൂപ വരെ നൽകി ഉടൻ തീർപ്പാക്കും. കൊച്ചി മെട്രോയ്ക്ക് 200 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ക്ലെയിം ലഭിച്ചിട്ടുണ്ട്. ഇന്റേണൽ സർവേയറുടെ വിലയിരുത്തലിൽ 120 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. വിശദമായ പരിശോധന നടത്തി നഷ്ടപരിഹാരത്തുക അനുവദിക്കും.കൊച്ചി വിമാനത്താവളം തങ്ങളുടെ പരിധിയിലാണെങ്കിലും അവർ ക്ലെയിം സമർപ്പിച്ചിട്ടില്ലെന്നും കമ്പനിയധികൃതർ പറഞ്ഞു. പ്രളയക്കെടുതി അതിതീവ്രമായ നാലുജില്ലകളിലെ 90 ശതമാനം ഇൻഷുറൻസും തങ്ങളുടെ പരിധിയിലാണെന്നും ഇവർ പറഞ്ഞു. ജോയന്റ് സി.എം.ഡി.മാരായ എച്ച്.ജി. റോക്കഡെ, സി. നരമ്പുനാഥൻ, ഡെപ്യൂട്ടി ജനറൽ മാനേജർ ജോൺ ഫിലിപ്പ്, കമ്പനി സെക്രട്ടറി ജയശ്രീ നായർ, ഡിവിഷനൽ മാനേജർ ഡോ. ബി. കൃഷ്ണപ്രസാദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2QbJL2d
via
IFTTT
No comments:
Post a Comment