ഷാർജ: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം വീണ്ടും മലയാളികളെത്തേടിയെത്തി. ആറ് സുഹൃത്തുക്കൾ ചേർന്നെടുത്ത കൂപ്പണിന് 1.2 കോടി ദിർഹം (ഏകദേശം 23 കോടി രൂപ) സമ്മാനം ലഭിച്ചു. ദുബായ് ഗൾഫ് ന്യൂസ് പത്രത്തിന്റെ പ്രിന്റിങ് വിഭാഗത്തിൽ പ്രൊഡക്‌ഷൻ ഓഫീസറായി പ്രവർത്തിക്കുന്ന തൊടുപുഴ സ്വദേശി ജോർജ് മാത്യുവിനെയും സുഹൃത്തുക്കളെയുമാണ് ഇക്കുറി ഭാഗ്യദേവത അനുഗ്രഹിച്ചത്. 175342 എന്ന കൂപ്പണിനാണ് തിങ്കളാഴ്ച അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചത്. യു.എ.ഇ.യിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ലിജോ (കോട്ടയം), കൃഷ്ണരാജ് (കോട്ടയ്ക്കൽ), ദിലീപ് (എറണാകുളം), റിജേഷ് (മലപ്പുറം), സതീഷ് (തിരുവനന്തപുരം) എന്നിവരാണ് മറ്റ് ഭാഗ്യവാന്മാർ. കഴിഞ്ഞമാസം 30-നാണ് ഓൺലൈൻ വഴി ഇവർ അബുദാബി ബിഗ് ടിക്കറ്റ് കൂപ്പണെടുത്തത്. നേരത്തേ ഒരുമിച്ചു താമസിച്ചിരുന്ന ആറുപേരും പിന്നീട് കുടുംബങ്ങളായി വെവ്വേറെ താമസിക്കുകയായിരുന്നു. ഒമ്പതുവർഷമായി സുഹൃത്തുക്കളായ ഇവർ നേരത്തേയും ഇതേരീതിയിൽ കൂപ്പൺ എടുത്തിരുന്നു. എന്നാൽ കോടികളുടെ കിലുക്കം ഇക്കുറിയാണ് തേടിയെത്തിയത്.സമ്മാനത്തുകയിൽനിന്ന് കേരളത്തിലെ പ്രളയാശ്വാസനിധിയിലേക്ക് സംഭാവന നൽകുമെന്ന് ജോർജ് മാത്യു അറിയിച്ചു. ഒമ്പതുവർഷമായി അജ്മാനിൽ താമസിക്കുന്ന ജോർജ് മാത്യുവും ഭാര്യ ഫെമിനയും ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്ന സന്തോഷത്തിലാണ് ഇരട്ടിമധുരമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം നേടിയത്. അബുദാബി ബിഗ് ടിക്കറ്റിന്റെ രണ്ട് മുൻനറുക്കെടുപ്പുകളിലും മലയാളികളാണ് ഭാഗ്യവാന്മാരായത്. ജനുവരിയിൽ നടന്ന നറുക്കെടുപ്പിൽ ആലപ്പുഴ സ്വദേശി ഹരികൃഷ്ണനും ഏപ്രിലിലെ നറുക്കെടുപ്പിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ജോൺ വർഗീസിനും കൂട്ടുകാർക്കുമാണ് കോടികൾ ലഭിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2NJuAf7
via
IFTTT
No comments:
Post a Comment