വൈക്കം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നോട്ടീസ് നൽകി വിളിച്ചുവരുത്താൻ അന്വേഷണസംഘത്തിന്റെ നീക്കം. ആദ്യപടിയായി ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പിന് പഞ്ചാബ് പോലീസ് വഴി നോട്ടീസ് നൽകും. വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം അറസ്റ്റുചെയ്യാനാണ് സാധ്യത. ജലന്ധറിൽ പോയി അറസ്റ്റുചെയ്താൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമോയെന്ന് ആശങ്കയുണ്ട്. അന്വേഷണ റിപ്പോർട്ട് കൈമാറാൻ വൈക്കം ഡിവൈ.എസ്.പി. കെ. സുഭാഷ് ഞായറാഴ്ച രാത്രി കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ എത്തിയിരുന്നു. ബിഷപ്പിനെ അറസ്റ്റുചെയ്താൽമാത്രമേ അന്വേഷണം മുന്നോട്ടുപോകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് സൂചന. അന്വേഷണത്തിനായി തിങ്കളാഴ്ച കുറവിലങ്ങാട്ടുള്ള മഠത്തിൽ വീണ്ടും പോലീസ് പോയിരുന്നു. കന്യാസ്ത്രീയുടെ ലാപ്ടോപ്പിലെ ചില കാര്യങ്ങളിൽ വൃക്തത വരുത്തുകയായിരുന്നു ലക്ഷ്യം. വൈദ്യപരിശോധനാറിപ്പോർട്ടും രഹസ്യമൊഴിയും മറ്റ് കന്യാസ്ത്രീകളുടെ മൊഴിയും ബിഷപ്പിന്റെ ഡ്രൈവറുടെ മൊഴിയും മഠത്തിലെ രജിസ്റ്ററും കന്യാസ്ത്രീയുടെ പരാതി സാധൂകരിക്കുന്നതാണ്. എന്നിട്ടും അറസ്റ്റ് വൈകുന്നത് രാഷ്ട്രീയ ഇടപെടൽമൂലമാണെന്ന ആരോപണം ശക്തമാണ്. കേസ് അട്ടിമറിക്കാനുള്ള നീക്കവും സജീവമാണ്. അറസ്റ്റ് വൈകിയാൽ കോടതിയെ സമീപിക്കും കോട്ടയം: ജലന്ധർ ബിഷപ്പിനെതിരായ കേസിൽ അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി ആരോപിച്ചു. തെളിവുകൾ പോലീസിലെതന്നെ ചിലർ ബിഷപ്പിന് ചോർത്തിനൽകുന്നു. കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾക്ക് നേരെയും വധഭീഷണിയുണ്ടായി. അറസ്റ്റ് വൈകിയാൽ കോടതിയെ സമീപിക്കും. കേസ് അട്ടിമറിക്കാൻ ഉന്നതതല സമ്മർദമുള്ളതായി സംശയിക്കുന്നു. എന്നാൽ, ഇപ്പോഴത്തെ അന്വേഷണസംഘത്തിൽ വിശ്വാസമുണ്ടെന്നും അവർ പറഞ്ഞു. കുറവിലങ്ങാട് മഠത്തിൽനിന്ന് അടുത്തിടെ മറ്റൊരു കന്യാസ്ത്രീകൂടി ബിഷപ്പിന്റെ ഭീഷണികാരണം തിരുവസ്ത്രം ഉപേക്ഷിച്ചെന്നും അവർ ആരോപിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2MInAm1
via
IFTTT
No comments:
Post a Comment