2019 ബിജെപിയോട് പറയുന്നത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

2019 ബിജെപിയോട് പറയുന്നത്

മൂന്നു ദിവസം മുമ്പ് നമ്മുടെ മുൻ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു ബിജെപിയുടെ സാദ്ധ്യതകളെക്കുറിച്ച് ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ചത്തിസ്ഗഡിലും ബിജെപിക്ക് വിജയ സാദ്ധ്യതകളില്ലെന്നു പറയുന്നവർ ചില സംഗതികൾ കാണുന്നില്ലെന്നാണ് കട്ജു കുറിച്ചത്. മൂന്ന് കലാപരിപാടികൾ കൊണ്ട് ഈ മൂന്ന് സംസ്ഥാനങ്ങളിലും ഭരണം നിലനിർത്താൻ ബിജെപിക്ക് കഴിയുമെന്നാണ് കട്ജുസാറിന്റെ വാദം. വർഗ്ഗീയ കലാപങ്ങൾ, വോട്ട് യന്ത്രത്തിലെ തട്ടിപ്പുകൾ, പാക്ക് അതിർത്തിയിൽ സർജിക്കൽ സ്ട്രൈക്ക്. ഇതിൽ സർജിക്കൽ സ്ട്രൈക്ക് നടത്തനാണെങ്കിൽ ഇന്ത്യൻ സൈന്യം കാത്തു കാത്തിരിക്കുകയാണെന്നും അടിക്കണമെങ്കിൽ ഇപ്പോൾ തന്നെ അടിക്കണമെന്നുമാണ് നമ്മുടെ കരസേനാ മേധാവി റാവത്ത് അദ്യേം മൊഴിഞ്ഞിരിക്കുന്നത്. പക്ഷേ, 2019 ലെ പൊതു തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപിക്ക് കട്ജു സാർ പറഞ്ഞ ഈ മൂന്നു പരിപാടികൾ മതിയാവുമോ എന്ന കാര്യം സംശയമാണ്. 2014 ൽ രാഷ്ട്രം ബിജെപിയേയും മോദിയേയും പട്ടുപരവതാനി വിരിച്ചാണ് വരവേറ്റത്. പത്തുകൊല്ലത്തെ യുപിഎ ഭരണം ജനങ്ങളെ അത്രകണ്ട് കോൺഗ്രസ്സിൽ നിന്നകറ്റിയിരുന്നു. എങ്ങിനെയൊക്കെ ജനങ്ങളുടെ വിരോധം സമ്പാദിക്കാനാവും എന്ന ഗവേഷണത്തിലായിരുന്നു 2009 നും 2014നുമിടയ്ക്ക് കോൺഗ്രസ് സർക്കാർ മുഴുകിയിരുന്നത്. 2 ജി കുംഭകോണം മുതൽ ആന്ധ്രപ്രദേശിന്റെ വിഭജനം വരെ സകല ഉടായ്പുകളും വണ്ടിപിടിച്ച് യുപിഎയുടെ കൂടാരത്തിലേക്ക് ഇരമ്പിയെത്തുകയായിരുന്നു. ഇവിടെയാണ് നരേന്ദ്ര ദാമോദർദാസ് മോദി എന്ന രക്ഷകന്റെ വരവ്. ഇന്ത്യ അതുവരെ കണ്ടിട്ടില്ലാതിരുന്ന തരത്തിലുള്ള സൂക്ഷമവും തീവ്രവുമായ പ്രചാരണ പദ്ധതികളാണ് ബിജെപി മോദിക്കായി ആസൂത്രണം ചെയ്തത്. ഇതോടൊപ്പം ആർ എസ് എസ്സിന്റെ സജിവമായ ഇടപെടലും മോദിയുടെ ആരോഹണം സുഗമമാക്കി. 2014 നും 2019 നുമിടയിൽ പക്ഷേ, ഇന്ത്യ വല്ലാതെ മാറിമറിഞ്ഞു. 2014 ൽ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾക്കെന്തുപറ്റി എന്ന ചോദ്യം മുന്നിലുയരുമ്പോൾ പ്രതിപക്ഷത്തിന്റെ ദൗർബ്ബല്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഗതികേടിലാണ് ബിജെപി ഇന്നിപ്പോൾ എത്തിപ്പെട്ടിരിക്കുന്നത്. മോദി സർക്കാരിന്റെ ട്രാക്ക് റെക്കോഡ് എടുത്തുകാട്ടി 2019 ലെ തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന് ബിജെപി നേതൃത്വം തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നാണ് ബിജെപിയുടെ പുതിയ നിലപാടുകൾ നൽകുന്ന സൂചന. മോദിക്ക് ബദലില്ല എന്ന മുദ്രാവാക്യമാണ് ഇപ്പോൾ ബിജെപിയുടെ തുറുപ്പ് ഗുലാൻ. രാഹുൽഗാന്ധിയോ മായാവതിയോ മമതയോ ശരദ്പവാറോ ചന്ദ്രബാബുനായിഡുവോ ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന ചോദ്യമാണ് ബിജെപി പ്രതിപക്ഷത്തോട് ചോദിക്കുന്നത്. Caption 1977 ൽ ഇന്ദിരയും കോൺഗ്രസ്സും ഇതേ ചോദ്യം ഉയർത്തിയിരുന്നു. 2004ൽ വാജ്പേയിയും ബിജെപിയും ഇതേ ചോദ്യം ആവർത്തിച്ചു. രണ്ടു തവണയും ഇന്ത്യൻ ജനത ജനാധിപത്യത്തിന്റെ ശക്തിയെന്താണെന്ന് തെളിയിക്കുകയും ചെയ്തു. 1977ൽ പ്രതിപക്ഷത്തിന് പ്രധാനമന്ത്രി സ്ഥാനാർത്ഥിയുണ്ടായിരുന്നില്ല. ജയപ്രകാശ്നാരായണായിരുന്നു അന്ന് പ്രതിപക്ഷത്തിന്റെ താരം. പക്ഷേ, ജെപി പ്രധാനമന്ത്രിയാവില്ലെന്ന് അദ്ദേഹത്തിന്റെ കടുത്ത ആരാധകകർക്ക് പോലും അറിയാമായിരുന്നു. ഒടുവിൽ ജഗ്ജിവന്റാമിനേയും ചരൺസിങിനേയും ചന്ദ്രശേഖറേയുമൊക്കെ പിന്തള്ളി മൊറാർജിദേശായി പ്രധാനമന്ത്രിയാവുകയും ചെയ്തു. 2004 ൽ മൻമോഹൻ പ്രധാനമന്ത്രിയാവുമെന്ന് ഈ ലോകത്ത് ആരെങ്കിലും കരുതിയിരിക്കാനിടയില്ല. ജനാധിപത്യം അങ്ങിനെയാണ്. ഓരോ പ്രതിസന്ധിയേയും കൈകാര്യം ചെയ്യാൻ അതിന് അതിന്റേതായ വഴികളുണ്ട്. മോദിക്ക് ബദലെവിടെ എന്ന ചോദ്യം ഉയർത്തുമ്പോഴും അടിത്തട്ടിൽ ബിജെപി നേരിടുന്ന യാഥാർത്ഥ്യങ്ങൾ കയ്പുനിറഞ്ഞതാണ്. 2014 ൽ യുപി, മഹാരാഷ്ട്ര , ബിഹാർ , ഗുജറാത്ത് , മദ്ധ്യപ്രദേശ്, രാജസ്ഥാൻ , ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സീറ്റ് നില പരിശോധിക്കുക. മൊത്തമുള്ള 543 ലോക്സഭാ സീറ്റുകളിൽ 273 ഉം ഈ ഏഴ് സംസ്ഥാനങ്ങളിൽ നിന്നാണ്. ബിജെപിക്ക് കഴിഞ്ഞ തവണ കിട്ടിയ 282 സീറ്റുകളിൽ 196 ഉം വന്നത് ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. ബിജെപിയുടെ സഖ്യ കക്ഷികൾ 44 സീറ്റുകളും ഇവിടങ്ങളിൽ നേടി. ഇതിൽ യുപിയിൽ 80 സീറ്റുകളിൽ 71 ലും ബിജെപിക്കായിരുന്നു ജയം. . ഗുജറാത്തിൽ 25 സീറ്റിൽ 25 ഉം , രാജസ്ഥാനിൽ 26 ൽ 26 ഉം, മദ്ധ്യപ്രദേശിൽ 29 ൽ 26 ഉം ബിഹാറിൽ 40 ൽ 22 ഉം ബിജെപി പിടിച്ചു. മഹാരാഷ്ട്രയിൽ 48 ൽ 23 ഇടങ്ങളിൽ ബിജെപി ജയിച്ചപ്പോൾ ശിവസേന 18 സീറ്റുകൾ പിടിച്ചു. ആന്ധ്രയിലെ 25 ൽ തെലുഗുദേശം 15 ഉം ബിജെപി രണ്ടും സ്വന്തമാക്കി. ഈ സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇപ്പോൾ ബിജെപിയുടെ നില പരുങ്ങലിലാണ്. മഹാരാഷ്ട്രയിൽ ശിവസേന ബിജെപിക്കൊപ്പം നിൽക്കുമോയെന്ന കാര്യം സാക്ഷാൽ അമിത്ഷായ്ക്ക് പോലും ഉറപ്പില്ല. ആന്ധ്രയിലാണെങ്കിൽ നായിഡുവും തെലുഗുദേശവും ബിജെപിയെ കൈവിട്ടുകഴിഞ്ഞു. രാജ്സ്ഥാനിൽ വസുന്ധരയും മദ്ധ്യപ്രദേശിൽ ശിവരാജ്സിങ് ചൗഹാനുമൊക്കെ കാര്യങ്ങൾ ഒരു വഴിക്കാക്കികഴിഞ്ഞതുകൊണ്ട് ബിജെപിക്ക് ശത്രുക്കളെ അന്വേഷിച്ചു നടക്കേണ്ട കാര്യമില്ല. ഈ പ്രതിസന്ധിയിലും ബിജെപി തളരാതെ പിടിച്ചുനിൽക്കുന്നത് പ്രതിപക്ഷത്തിന്റെ ഐക്യമില്ലായ്മ എന്ന ഒരേയൊരു പിടിവള്ളിയിലാണ്. ചത്തീസ്ഗഡിൽ കോൺഗ്രസ്സിനെ തഴഞ്ഞ് അജിത്ജോഗിക്കൊപ്പം ചേർന്ന മായാവതി അതുകൊണ്ടുതന്നെ ബിജെപിയെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. ചത്തിസ്ഗഡ് മറ്റു സ്ംസ്ഥാനങ്ങളിലും ആവർത്തിക്കുമോയെന്നാണ് ബിജെപി ഉറ്റുനോക്കുന്നത്. പക്ഷേ, ബിജെപിയുടെ ഈ ഗെയിംപ്ലാനിൽ പഴുതുകൾ ഏറെയാണ്. കർണ്ണാടകത്തിൽ കളിച്ച കളി കളിക്കാൻ രാഹുൽ തയ്യാറായാൽ ആ നിമിഷം ബിജെപിയുടെ കണക്കുകൂട്ടലുകൾ തകർന്നുതരിപ്പണമാവും. ഓരോ സംസ്ഥാനത്തും ഏറ്റവും പ്രബല പ്രതിപക്ഷകക്ഷിയായിരിക്കണം ബിജെപിക്കെതിരെ പട നയിക്കേണ്ടതെന്ന മമതാബാനർജിയുടെ നിലപാട് പ്രസക്തമാവുന്നത് ഇവിടെയാണ്. ആത്യന്തികമായി ഇത്തരമൊരു വിട്ടുവീഴ്ചയ്ക്ക് രാഹുലിനും കോൺഗ്രസ്സിനും വഴങ്ങേണ്ടിവരും. ഈ കളിയിൽ സംഘപരിവാർ എവിടെ നിൽക്കുമെന്നതും വലിയൊരു ചോദ്യമാണ്. ഏകനേതാവെന്ന നിലയിലുള്ള മോദിയുടെ വളർച്ച പരിവാറിനെ അലട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ 2014 ലെ പ്പോലെ 2019 ൽ സംഘപരിവാർ ബിജെപിക്കുവേണ്ടി കളംവിട്ടു കളിച്ചേക്കില്ല എന്നാണ് സൂചന. ആർ എസ് എസ്സിന്റെ ഹിന്ദുത്വ മുസ്ലിംവിരുദ്ധമല്ലെന്നും പശു പരിപാലനം വീട്ടിനുള്ളിൽ മതിയെന്നുമള്ള മോഹൻഭാഗവതിന്റെ പ്രസ്താവന മോദിക്കും കൂട്ടർക്കുമുള്ള വ്യക്തമായ സന്ദേശമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഘപരിവാറിനെ അനുനയിപ്പിക്കാൻ മോദിയും ഷായും കാര്യമായിത്തന്നെ അദ്ധ്വാനിക്കേണ്ടി വരുമെന്നർത്ഥം. വഴിയിൽ കേട്ടത് :ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടെന്ന സുപ്രീംകോടതി വിധിയിൽ ആഹ്ളാദിക്കുന്നവർ ഒരു കാര്യം മറക്കരുത്. ഈ കലാപരിപാടി നടത്തിയവരുടെ അക്കൗണ്ടിലേക്കായിരിക്കും മോദിജിയുടെ 15 ലക്ഷം ഒരു നാൾ ഒരു വരവ് വരുന്നത്


from mathrubhumi.latestnews.rssfeed https://ift.tt/2OizbIu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages