ന്യൂഡൽഹി: 2019-ൽ അധികാരത്തിലേറിയാൽ രാജ്യത്തെ മുഴുവൻ അനധികൃത കുടിയേറ്റക്കാരെയും കണ്ടെത്താൻ നടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ കോൺഗ്രസും ആം ആദ്മി പാർട്ടിയും വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഡൽഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച പൂർവാഞ്ചൽ മഹാകുംഭ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. വീണ്ടും അധികാരമേറ്റെടുത്തു കഴിഞ്ഞാൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ രാജ്യവ്യാപകമായ പരിശോധന നടത്തും. അനധികൃത നുഴഞ്ഞുകയറ്റക്കാർ ചിതലുകളെപ്പോലെയാണ്. അവർ രാജ്യതലസ്ഥാനത്തും പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. അവർക്കെതിരേ നടപടി എടുക്കുന്നതിൽ ഒരു രാജ്യാഭിമാനിക്കും ആശങ്കയില്ല -ഷാ പറഞ്ഞു. കിഴക്കൻ ഉത്തർപ്രദേശ്, പടിഞ്ഞാറൻ ബിഹാർ എന്നിവിടങ്ങളിൽനിന്ന് ഡൽഹിയിൽ സ്ഥിരതാമസമാക്കിയവരെ ലക്ഷ്യമിട്ടാണ് ബി.ജെ.പി. ഡൽഹിഘടകം റാലി സംഘടിപ്പിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴു സീറ്റുകളും ബി.ജെ.പി. നേടുമെന്ന് അമിത് ഷാ അവകാശപ്പെട്ടു.കേന്ദ്രമന്ത്രി ഡോ. ഹർഷ വർധൻ, ദേശീയ നേതാക്കളായ രാംലാൽ, ഷാനവാസ് ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2PYUdZQ
via
IFTTT
No comments:
Post a Comment