മുല്ലപ്പെരിയാർ അണക്കെട്ടിലെ പൂർണജലനിരപ്പ് 155 അടിയിൽനിന്ന് 136 അടിയിലേക്ക് 1961 മുതൽ ഘട്ടംഘട്ടമായി കുറച്ചത് സുരക്ഷിതത്വം മുൻനിർത്തി. അന്നത്തെ ആ കരുതലിനെയാണ് ജലനിരപ്പ് വീണ്ടും 152 അടിയാക്കാൻ ശ്രമിക്കുന്നതിലൂടെ തമിഴ്നാട് വെല്ലുവിളിക്കുന്നത്. അണക്കെട്ട് നിർമിച്ച കാലത്ത് ജലനിരപ്പ് 152 അടിയായിരുന്നെന്നും പിന്നീട് അത് 136 ആക്കുകയായിരുന്നെന്നും തമിഴ്നാട്ടിലെ വിദഗ്ധരുൾപ്പെടെ പ്രചരിപ്പിക്കുന്നുണ്ട്. അത് ശരിയല്ല. ചരിത്രം ഇങ്ങനെ അണക്കെട്ട് കമ്മിഷൻ ചെയ്തപ്പോൾ പൂർണജലനിരപ്പ് 144 അടിയായിരുന്നു. നിർമാണത്തിന് മേൽനോട്ടം വഹിച്ച ചീഫ് എൻജിനീയർ ജോൺ പെനിക്വിക്കിന്റെ സഹായിയായിരുന്ന എക്സിക്യുട്ടിവ് എൻജിനീയർ എ.ടി. മക്കൻസി എഴുതിയ ഗ്രന്ഥത്തിൽ ഇക്കാര്യം പറയുന്നുണ്ട്. 1908 :അണക്കെട്ടിന്റെ വലതുഭാഗത്തുള്ള പാറ പൊട്ടിച്ച് 10 ഷട്ടറുകൾ ഉണ്ടാക്കി. തുടർന്ന് ജലനിരപ്പ് 152 അടിയാക്കി. ഇതിന് അന്ന് നാടു ഭരിച്ചിരുന്ന തിരുവിതാംകൂർ രാജാവിന്റെ അനുമതിയുണ്ടായിരുന്നില്ല. മദ്രാസ് പ്രസിഡന്റസി തോന്നുംപോലെ ചെയ്യുകയായിരുന്നു. * ജലനിരപ്പ് 142 അടിയിൽ നിൽക്കുമ്പോൾ വൃഷ്ടിപ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായാൽ അണക്കെട്ടിൽ 153.15 അടിവരെ വെള്ളം ഉയരുമെന്ന് പെനിക്വിക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാലാണ് പിന്നീട് പൂർണജലനിരപ്പ് 155 അടിയാക്കിയത്. 1961:നേര്യമംഗലത്തും മറ്റും ശക്തമായ മഴയും വെള്ളപ്പൊക്കവുമുണ്ടായി. കാര്യങ്ങൾ വിലയിരുത്താൻ അന്ന് ജലക്കമ്മിഷൻ ഡയറക്ടറായിരുന്ന ഷൂറി മുല്ലപ്പെരിയാർ സന്ദർശിച്ചു. ആ വർഷം ഫ്രാൻസിലെ ഒരു അണക്കെട്ടും ഇന്ത്യയിലെ തന്നെ കടക്വാസ്ല എന്ന അണക്കെട്ടും തകർന്നു. അതിന്റെ പശ്ചാത്തലത്തിലായിരുന്നു ഷൂറിയുടെ സന്ദർശനം. * പിന്നീട് അണക്കെട്ടിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് കേരളവും തമിഴ്നാടും സംയുക്തപഠനം നടത്തി. ജലനിരപ്പ് 155 അടിയിൽനിന്ന് 152 അടിയാക്കി കുറച്ചു. 1978:കേന്ദ്ര ജലക്കമ്മിഷനംഗം എ.എൻ. ഹർക്കൗളി അണക്കെട്ട് സന്ദർശിച്ചു. അതിനുശേഷം ജലനിരപ്പ് 145 അടിയാക്കി കുറച്ചു. 1979:അന്നത്തെ ജലക്കമ്മിഷൻ ചെയർമാൻ കെ.സി. തോമസിന്റെ സന്ദർശനത്തിനുശേഷമാണ് 136 അടിയാക്കിയത്. സുരക്ഷിതത്വം മുൻനിർത്തി മാത്രമായിരുന്നു ജലനിരപ്പ് കുറച്ചുകൊണ്ടുവന്നത്. മുന്നറിയിപ്പായി ഡൽഹി ഐ.ഐ.ടി. റിപ്പോർട്ട് മുല്ലപ്പെരിയാർ മേഖലയിൽ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായാൽ അണക്കെട്ടിന് വലിയ ഭീഷണിയാകുമെന്ന് ഡൽഹി ഐ.ഐ.ടി.യിലെ വിദഗ്ധരുടെ റിപ്പോർട്ടുണ്ട്. റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ: * ജലനിരപ്പ് 136 അടിയിൽ നിൽക്കുമ്പോൾത്തന്നെ മഴക്കാലത്ത് മുല്ലപ്പെരിയാറിൽ പ്രളയസാധ്യതയുണ്ട്. (ഇതു കാണാതെയാണ് ജലനിരപ്പ് 152 അടിയാക്കാൻ തമിഴ്നാട് ശ്രമിക്കുന്നത്.) * അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് രണ്ടുദിവസം കൊണ്ട് 65.43 സെ.മി.വരെ മഴപെയ്യാൻ സാധ്യതയുണ്ട്. അങ്ങനെ മഴ പെയ്താൽ അണക്കെട്ടിലേക്കുള്ള പരമാവധി നീരൊഴുക്ക് സെക്കൻഡിൽ 2.91 ലക്ഷം ഘനയടി ആയിരിക്കും. * ഈ സാഹചര്യത്തിൽ, ജലനിരപ്പ് 136 അടി ആയാലും എല്ലാ സ്പിൽവേയും തുറന്നുവെച്ചാലും പരമാവധി ജലനിരപ്പ് 158.67 അടിയിലേക്ക് ഉയരും. * യന്ത്രത്തകരാറോ മാനുഷികമായ പിഴവുകളോ കാരണം സ്പിൽവേയുടെ പത്തുശതമാനം പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നാണ് രാജ്യത്തെ മാനദണ്ഡങ്ങൾ അനുശാസിക്കുന്നത്. അതുകൂടി പരിഗണിച്ചാൽ ജലനിരപ്പ് 160.22 അടിയായി ഉയരും.
from mathrubhumi.latestnews.rssfeed https://ift.tt/2PZxSw4
via
IFTTT
No comments:
Post a Comment