തൃശൂർ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട കന്യാസ്ത്രീ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ധ്യാനത്തിൽ പങ്കെടുത്ത കാലയളവിൽ കുമ്പസാരം നടത്തിയ 12 വൈദികരിൽനിന്ന് മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. കന്യാസ്ത്രീ ധ്യാനത്തിന് എത്തിയിരുന്നതായി അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർ വട്ടേൽ പോലീസിന് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 2016 സെപ്റ്റംബറിലാണ് കന്യാസ്ത്രീ സെഹിയോൻ ധ്യാനകേന്ദ്രത്തിലെത്തിയത്. എന്നാൽ പീഡനവിവരം സംബന്ധിച്ച് കുമ്പസാരം നടത്തിയോ എന്നറിയില്ലെന്നും അന്വേഷണ സംഘത്തോട് ഡയറക്ടർ പറഞ്ഞു. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആരോപണം അനുസരിച്ച് അച്ചടക്ക നടപടി സ്വീകരിച്ച ശേഷമാണ് കന്യാസ്ത്രീ ആരോപണവുമായി രംഗത്ത് വന്നത്. എന്നാൽ ഇതിന് മുമ്പ് 2016 ൽ കുമ്പസാരത്തിനിടെ എല്ലാം പറഞ്ഞിരുന്നുവെന്ന കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ധ്യാനകേന്ദ്രത്തിലെത്തി തെളിവെടുപ്പ് നടത്തിയത്. സെപ്റ്റംബർ 19 ന് ബിഷപ്പ് കേരളത്തിലെത്തുമ്പോൾ ചോദിക്കാനായി 98 ഓളം ചോദ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറാക്കിയിരിക്കുന്നത്. ജലന്ധർ പോലീസിന്റെ കർശന നിരീക്ഷണത്തിലുള്ള ബിഷപ്പ് പുറപ്പെട്ടാൽ ഉടൻ തന്നെ വിവരമറിയിക്കാൻ അന്വേഷണ സംഘം നിർദേശം നൽകിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2MCRZ0i
via
IFTTT
No comments:
Post a Comment